പ്രതീക്ഷകളിലേക്കുള്ള വാതിൽ തുറന്ന് ഈസ്റ്റർ. അതിരുകളില്ലാത്ത സ്നേഹവും നന്മയും ഓരോ മനസ്സിലും നിറയുമ്പോഴാണ് ഈസ്റ്റർ യാഥാർഥ്യമാകുന്നത്. പുത്തൻ പ്രതീക്ഷകളിലേക്ക് ഈസ്റ്റർ നമ്മെ മാടി വിളിക്കുന്നു.
ബൈബിൾ ഇങ്ങനെ പഠിപ്പിക്കുന്നു:
“വെള്ളിയാഴ്ച കുരിശിക്കപ്പെട്ട സത്യം ഞായറാഴ്ച ഉയർത്തെഴുന്നേറ്റു” സത്യത്തെ കുരിശിക്കാനാവില്ലെന്ന സന്ദേശമാണ് ഈസ്റ്റർ ഉദ്ഘോഷിക്കുന്നത്.
യേശുവിനെ കുരിശിൽ തറച്ചു കൊന്നു. അവൻ്റെ കല്ലറ മുദ്രവച്ച് റോമൻ പടയാളികളെ കാവൽ നിർത്തി. എന്നിട്ടും യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു.കുരിശിക്കുന്നതിനു തൊട്ടുമുമ്പുള്ള അതേ ശാരീരിക അവസ്ഥയിൽ അവനെ അനേകർ കണ്ടു. ആണിപ്പാടുള്ള കൈകളും കാലുകളും കുത്തിത്തുളച്ച വിലാപ്പുറവുമുള്ള യേശുവിനെയാണ് അവർ കണ്ടത്;
ഉയർത്തെഴുന്നേറ്റ യേശുപലരോടും സംസാരിച്ചു. ചിലർ അവനെ തൊട്ടുനോക്കി, യേശു അവരിൽ നിന്ന് വാങ്ങി ഭക്ഷിച്ചു. ചിലരോടൊപ്പം യേശു നടന്നു. മീൻ പിടിക്കാൻ പോയ തൻ്റെ ശിഷ്യന്മാർക്ക് ഭക്ഷണം ഒരുക്കി കാത്തിരുന്നു. അതേ, ഉയർത്തെഴുന്നേറ്റ യേശു ഇന്നും എന്നും ജീവിക്കുന്നു.
ക്രൈസ്തവ വിശ്വാസത്തിൻ്റെ കാതലാണിത്. പ്രകൃതിയിൽത്തന്നെ നവ ചൈതന്യത്തിൻ്റെ തുടിപ്പ് പ്രകടമാകുന്നു കാലത്തായിരുന്നു യേശുവിൻ്റെ ഉയിർപ്പ്, പാലസ്തീൻ പ്രദേശത്ത് വസന്തം വന്നണയുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്.
പ്രകൃതിയിൽ നവചൈതന്യത്തുടിപ്പ് അപ്പോഴാണ് പ്രകടമാവുക. ശീതകാലത്ത് പ്രകൃതി മുഴുവൻ മരിച്ചു മരവിച്ച പ്രകൃതിയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാകട്ടെ വൃക്ഷങ്ങൾ താരും തളിരുമണിയുന്നു. പുഞ്ചിരി തൂകുന്ന പുതു പുഷ്പങ്ങൾ. അവയിൽ പാറിപ്പറക്കുന്ന വർണ ശോഭയുള്ള ചിത്രശലഭങ്ങൾ. പുതുജീവൻ എങ്ങും നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു ക്രിസ്തുവിൻ്റെ പുനരുദ്ധാനം,
ദുരന്തങ്ങളും മാരകരോഗങ്ങളും മനുഷ്യജീവിതത്തെ നിരാശയിലേക്ക് തള്ളി വിടുമ്പോൾ ഉത്ഥാനം ചെയ്ത യേശു അരുളിചെയ്യുന്നു: ‘നിങ്ങൾക്കു സമാധാനം’ വീണ്ടും പറയുന്നു, ‘എൻ്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു’.
വർണ ശോഭ പകരുന്ന അനുഗ്രഹീത മുഹൂർത്തങ്ങൾ ദൈവകൃപയുടെ തണലിൽ മാത്രമേ ലഭിക്കുകയുള്ളൂ.
എല്ലാ മാന്യ വായനക്കാർക്കും മലയാളി മനസ്സിൻ്റെ ഈസ്റ്റർ ആശംസകൾ!

ഈസ്റ്ററിന്റെ മഹത്വം വിളിച്ചോതുന്ന മനോഹരമായ ലേഖനം. ആശംസകൾ
ഉയിർപ്പ് പെരുന്നാളിന്റെ നിറവിൽ, തിരുസമാധാനം നമ്മൾ ഏവർക്കും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ