പുണ്യങ്ങളുടെ പൂക്കാലം എന്നറിയപ്പെടുന്ന വൃതമാസത്തെക്കുറിച്ചുള്ള വിശദമായ ഒരു ലേഖനം ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. ഒരു വിഗഹ വീക്ഷണം മാത്രം.
ഹിജറ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ടാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.
ലോകത്തിലെ ഏകദൈവ വിശ്വാസത്തിൽ അധിഷ്ടിതമായ ഒരു അബ്രഹാമിക മതമാണ് ഇസ്ലാം.
ഇസ്ലാം മതവിശ്വാസ പ്രകാരം “അല്ലാഹു” ആണ് പ്രപഞ്ചസൃഷ്ടാവായ ദൈവം.
ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) ഇന്നത്തെ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന മുഹമ്മദ് നബി ആണ് ഈ മതത്തിലെ അവസാനത്തെ പ്രവാചകൻ. പ്രധാനമായും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബിക്ക് നൽകിയ ധർമവ്യവസ്ഥയാണ് ഇത്. ആദം മുതൽ മുഹമ്മദ് വരെ അനേകം പ്രവാചകന്മാർ ഈ സന്ദേശത്തിന്റെ പ്രവാചകരായിനിയുക്തരായവരാണ്. ഇസ്ലാമിന്റെ അനുയായികളെ മുസ്ലിങ്ങൾ എന്ന് വിളിക്കുന്നു. ഖുർആൻ, ഹദീസ് എന്നിവയാണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ. പൂർവകാല പ്രവാചകന്മാരുടെ സന്ദേശങ്ങളുടെ സാരാംശം കൂടിയാണ് വിശുദ്ധ ഖുർആൻ. മുഹമ്മദ് നബിക്ക് ദൈവിക വെളിപാടിലൂടെ ലഭിച്ചതാണ് ഖുർആൻ എന്നാണ് വിശ്വാസം.
ആരാധനക്കർഹൻ ഏകനായ പ്രപ ഞ്ച സ്രഷ്ടാവ് മാത്രമാണെന്നും, മുഹമ്മദ് അവസാനത്തെ ദൈവദൂതനും, ദൈവ ദാസനുമാണെന്നും അദ്ദേഹത്തിന് ജിബ്രീൽ മാലാഖ വഴി ലഭിച്ച ഖുർആൻ അവസാന ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു.
ഇസ്ലാം എന്നാൽ അറബി ഭാഷയിൽ സമാധാനം എന്നും സമർപ്പണം എന്നാണർത്ഥം. അല്ലാഹുവിന് (പ്രപഞ്ച നാഥൻ) മാത്രമായി സമർപ്പിച്ചു, സ്രഷ്ടാവിൻറെ മാത്രം അടിമയായി ജീവിക്കുക എന്നതാണ് ഇസ്ലാമിന്റെ സാങ്കേതികാർത്ഥം. പ്രവാചകനായ മുഹമ്മദിന്റെ വാക്കുകൾക്കുംപ്രവർത്തികൾക്കും മൗനാനുവാദങ്ങൾക്കും ഇസ്ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം.
ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്ലാം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഉള്ള അവബോധം മതപാഠശാലകൾ വഴി ചെറുപ്പ കാലം തൊട്ടേ നൽകപ്പെടുന്നു.
ഒരാൾ മുസ്ലീം ആകണമെങ്കിൽ അവൻ അഞ്ചു കാര്യങ്ങൾ നിർബന്ധമായും അനുഷ്ടിച്ചിരിക്കണം.
- സൃഷ്ടാവിലും അവന്റെ അവസാന പ്രവാചകനായ മുഹമ്മദു നബിയിലുമുള്ള വിശ്വാസം.
- ദിവസത്തിൽ അഞ്ചു നേരം സൃഷ്ടാവിന്നായി നമസ്കരിക്കുക.
- സ്വത്തിനനുസരിച്ചു സക്കാത്തു കൊടുക്കുക. സക്കാത്തു ദാനമല്ല പാവപ്പെട്ടവന്റെ അവകാശമാണ്.
- റമദാൻ മാസത്തിൽ ആരോഗ്യമുള്ളവർ നോമ്പനുഷ്ടിക്കുക.
- കഴിവും ആരോഗ്യവുമുള്ളവർ ജീവിതത്തിൽ ഒരു പ്രാവശ്യം മക്കയിൽ പോയി ഹജ്ജു ചെയ്യുക.
മുകളിൽ പറഞ്ഞതിൽ എല്ലാം ഒത്താലേ ഒരാൾ മുസ്ലീം ആകൂ, അല്ലാതെ പേരു കൊണ്ടൊരാൾ അർഹനാകില്ലെന്നർത്ഥം. മൂന്നാമത്തെ കാര്യമായ നോമ്പിലൂടെയാണിപ്പോൾ കടന്നു പോകുന്നത്.
നോമ്പ് വളരെ ശക്തമായ ഒരു പ്രാർത്ഥനാ രൂപമാണ്. ഉമിനീരും ശ്വാസവും മാത്രം സ്വീകരിച്ചു പ്രാർത്ഥനാ നിരതമായി സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ആസക്തികളെ വേലിക്കു പുറത്തു നിർത്തി പൂർത്തീകരിക്കുന്ന കർമ്മമാണ് നോമ്പ്.
നോമ്പുകാലത്തു ചെയ്യുന്ന പുണ്യ പ്രവർത്തികൾക്കു പതിന്മടങ്ങു പ്രതിഫലമാണു ” അല്ലാഹു”
( ദൈവം ) പ്രഖ്യാപിച്ചിരിക്കുന്നതു. അതിനാലാണു റമദാൻ മാസത്തെ പുണ്യങ്ങളുടെ പൂക്കാലം എന്നു പറയുന്നത്.
ശരീരവും മനസ്സും തന്റെ സമ്പത്തും ശുദ്ധീകരിക്കുന്ന മാസമാണു റമദാൻ മാസം. ആരോഗ്യപരമായ അതിന്റെ വശങ്ങൾ പറഞ്ഞു തരാൻ ഞാനാളല്ലെന്നാലും പൊതുവെ ഒരോവറോളിംഗ് നടക്കുന്നെന്നതു തീർച്ച. പിന്നെ പൊതുവായ ഒരു തെറ്റിദ്ധാരണ അമുസ്ലീംങ്ങൾക്കുള്ളിലുള്ളതു സക്കാത്തിനെ കുറിച്ചാണ്. സക്കാത്തെന്ന പദം തന്നെ പലരും ഉപയോഗിക്കുന്നതു വെറുതേ കൊടുക്കുന്നതു അല്ലെങ്കിൽ ദാനം എന്നാണു പക്ഷേ തികച്ചു അബദ്ധമായ ഒരു ധാരണയാണ്.
” ഇസ്ലാമിലെ സക്കാത്തു അവൻ സമ്പാദിച്ച മുതലിൽ അവന്റെ അത്യാവശ്യ കാര്യങ്ങൾ കഴിച്ചു മിച്ചം വരുന്ന തുകയുടെ 2.5% ( രണ്ടര ശതമാനം ) അർഹതപ്പെട്ടവർക്കിടയിൽ വീതിക്കുക എന്നതാണ്.”
സക്കാത്തിനെ കുറിച്ചു ഇപ്പോൾ പറയാൻ കാരണം റമദാൻ മാസത്തിലാണ് കൂടുതലായി സക്കത്തു കൊടുത്തു കാണുന്നത്. അതിനുള്ള കാരണമാണ് നാഥന്റെ പതിന്മടങ്ങു പ്രതിഫലം റമദാനിൽ കൊടുക്കുന്നു എന്ന പ്രക്യാപനം. സുഖലോലുപരായി ജീവിക്കുന്നവർക്കും വിശപ്പു എന്താണെന്നു അറിയിച്ചു കൊടുക്കുന്ന നോമ്പുകാലം മഹത്തായ ഓരു കാര്യമാണു ചെയ്യുന്നത്.
മാസപ്പിറവി കണ്ടാൽ ( ഇസ്ലാമിക കലണ്ടർ ക്രമീകരിച്ചിരിക്കുന്നതു ചാന്ദ്രമാസത്തെ കണക്കിലെടുത്താണ് ) പിന്നേന്നു മുതൽ വൃതം ആരംഭിക്കുകയായി. അടുത്ത മാസപ്പിറവി വരെ മുപ്പതു ദിവസമോ അതിൽ കുറവോ വൃതദിനങ്ങളായിരിക്കും. വൃതം അവസാനിപ്പിക്കുവാനുള്ള അടയാളമായ പെരുന്നാൽ തിറ കണ്ടാൽ പിറ്റേ ദിവസം വൃതമനുഷ്ടിക്കൽ നിഷിദ്ധമാണ്. അന്നുത്സവ സമാനമായ ദിനമാണു, ഉള്ളതിൽ ഭംഗിയും വിലപിടിപ്പുള്ളതുമായ വസ്ത്രം ധരിച്ചു സുഗന്ധദ്രവ്യങ്ങൾ പൂശി പള്ളിയിൽ പോയി നാട്ടുകാരുമായി സന്തോഷം പങ്കുവച്ചു അയൽപക്കത്തും ബന്ധു വീടുകളിലും പോയി വരുന്നതോടെ പെരുന്നാൾ അവസാനിക്കുന്നു. പിന്നെ ഒരു ഗൗരവതരമായ കാര്യം, പെരുന്നാളിന്റെ തലേ ദിവസം തങ്ങക്കാവശ്യമുള്ളതിൽ കവിഞ്ഞ ആഹാര പദാർത്ഥങ്ങൾ കയ്യിലുണ്ടെങ്കിൽ അയൽപക്കത്തെ അവസ്ഥ കൂടി അറിഞ്ഞിട്ടേ അവനു പെരുന്നാൾ ആഘോഷിക്കുവാൻ അർഹതയുള്ളൂ. അയൽ പക്കത്തു പട്ടിണിയുള്ളവരുടെ പെരുന്നാൾ നിഷിദ്ധമാണു തന്നേ.
നോമ്പിനെ കുറിച്ചു എന്റെ അമുസ്ലീം സഹോദരങ്ങളെ പരിചയപ്പെടുത്താനുള്ള എന്റെ ചെറിയ ഒരു ശ്രമം വിജയിച്ചു എന്ന വിശ്വാസത്തിൽ അവസാനിപ്പിക്കട്ടേ.
കുഞ്ഞ് മുഹമ്മദ്✍