വല്ലാർപാടം ബസിലിക്ക ചർച്ച്
കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ സമ്പത്തിൽ കണ്ണുനട്ട് , വ്യാപാരാവശ്യങ്ങൾക്കായി കേരളത്തിലെത്തിയ പോർച്ചുഗീസുകാർ ആദ്യം കോഴിക്കോട് നിലയുറപ്പിക്കുകയും , കോഴിക്കോട് സാമൂതിരിയും കൊച്ചി രാജാവും തമ്മിലുള്ള ശത്രുതയിൽ കൊച്ചി രാജാവിന്റെ പക്ഷം ചേരുകയുമുണ്ടായി യുദ്ധത്തിനുള്ള സഹായം ചെയ്ത പോർച്ചുഗീസുകാർക്ക് വ്യാപാരാവശ്യങ്ങൾക്കുള്ള അകമഴിഞ്ഞ സഹായം കൊച്ചി രാജാവ് ചെയ്ത് കൊടുക്കുകയുണ്ടായി .കൊച്ചി രാജാവിന്റെ സഹായത്താൽ കോട്ട കെട്ടി (ഫോർട്ട് കൊച്ചി ) കച്ചവട സാമ്രാജ്യം വിപുലമാക്കിയ പോർച്ചുഗീസുകാർ 1524 ൽ വല്ലാർപാടം തുരുത്തിൽ ഒരു ദേവാലയം സ്ഥാപിച്ച് , അവിടെ പോർച്ചുഗീസിൽ നിന്നും കൊണ്ടുവന്ന പരിശുദ്ധ മാതാവിന്റെ ചിത്രം സ്ഥാപിച്ചു . 1676 ൽ വെള്ളപ്പൊക്കത്തിൽ അന്നത്തെ പള്ളി തകരുകയും അൾത്താരക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വിമോചന നാഥയുടെ ( Our Lady Of Ransom) ചിത്രം ഒഴുകിപോകുകയും , കൊച്ചി മഹാരാജാവിന്റെ പ്രധാനമന്ത്രി പാലിയത്ത് രാമൻ വലിയച്ചൻ ആ ചിത്രം കണ്ടെത്തുകയും വല്ലാർപാടത്തുകാരുടെ അഭ്യർത്ഥനപ്രകാരം പള്ളി സ്ഥാപിക്കാനുള്ള സ്ഥലവും , സാമ്പത്തികസഹായവും രാമൻ വലിയച്ചൻ വിശ്വാസികൾക്കു നൽകുകയും ചെയ്തു .

ദേവാലയത്തിന്റെ ആശീർവാദത്തിൽ പങ്കെടുത്ത രാമൻ വലിയച്ചൻ അന്ന് ദേവാലയത്തിലേക്ക് ഒരു കെടാവിളക്ക് നൽകുകയും അതിൽ ഒഴിക്കാനുള്ള എണ്ണ കൊട്ടാരത്തിൽനിന്നും നൽകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കാലാന്തരത്തിൽ ഈ പതിവ് മുടങ്ങിപ്പോയെങ്കിലും 1994 മുതൽ പാലിയം കൊട്ടാരത്തിൽനിന്ന് എണ്ണ കൊണ്ടുവരുന്ന ചടങ്ങ് നിലനിൽക്കുന്നുണ്ട്.
പാലിയത്ത് രാമൻ വലിയച്ചൻ സംഭാവന ചെയ്ത സ്ഥലത്താണ് ഇപ്പോൾ കാണപ്പെടുന്ന വല്ലാർപാടം പള്ളി സ്ഥിതി ചെയ്യുന്നത് .അദ്ദേഹം സംഭാവന ചെയ്ത കെടാവിളക്ക് രാപകൽ ഇപ്പോഴും പള്ളിയിൽ എരിയുന്നുണ്ട്.
1752 ൽ വല്ലാർപാടത്തെ സമ്പന്നമായ ഒരു നായർകുടുംബാംഗം മീനാക്ഷി അമ്മ മകനോടൊപ്പം മട്ടാഞ്ചേരിയിലേക്ക് യാത്ര ചെയ്യുമ്പോൾ കൊടുങ്കാറ്റ് ഉണ്ടാകുകയും വഞ്ചി മറിയുകയും ചെയ്തു . കുട്ടിയും താനും രക്ഷപ്പെട്ടാൽ വല്ലാർപാടത്തമ്മയുടെ സേവനത്തിനായി ജീവിതം നീക്കി വെക്കുമെന്ന് മീനാക്ഷി അമ്മ വാഗ്ദാനം ചെയ്തു . മൂന്നാം ദിവസം സ്വപനം കണ്ട ഇടവക വികാരി മൽസ്യ തൊഴിലാളികളോട് നദിയിൽ വല വീശുവാൻ നിർദ്ദേശിക്കുകയും അപ്രകാരം ചെയ്ത മൽസ്യ തൊഴിലാളികളാൽ മീനാക്ഷി അമ്മയും മകനും രക്ഷപെടുകയും ചെയ്തു . ഈ അത്ഭുതപ്രവർത്തിയാൽ വിമോചന നാഥയുടെ പേരിലുള്ള വല്ലാർപാടം പള്ളിയിലേക്ക് അനേകരുടെ ഒഴുക്കുണ്ടായി . ദിവ്യബലിയിൽ സംബന്ധിച്ച് പ്രാർത്ഥിക്കുന്നവർക്ക് പൂർണദണ്ഡമോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു .
1951 ൽ ഭാരത സർക്കാർ വല്ലാർപാടം പള്ളിയെ തീർത്ഥാടന കേന്ദ്രമായും , 2002 ൽ കേരള സർക്കാർ പള്ളിയെ വിനോദ സഞ്ചാരകേന്ദ്രവുമായി ഉയർത്തുകയും ചെയ്തു , അതേ തുടർന്ന് 2004 സെപ്റ്റംബർ 12ന് – ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. തുടർന്ന് ആ വർഷം തന്നെ ഡിസംബർ 1 ന് – ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ പള്ളിയെ ബസിലിക്ക എന്ന പദവി നൽകുകയും ചെയ്തു. 2004 നവംബർ 21- ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പെദ്രോ ലോപ്പസ് ക്വിന്താന മെത്രാപ്പോലീത്ത ഇവിടം സന്ദർശിച്ചിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2004 ഡിസംബർ ഒന്നിന് പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 2005 ഫെബ്രുവരി 12 – ന് വരാപ്പുഴ അതിരൂപതാമെത്രാൻ ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ പള്ളിയിൽ നിർവഹിച്ചു.
വല്ലാർപാടം പള്ളിയിലേക്ക് എത്തിച്ചേരാൻ എറണാകുളം നഗരത്തിൽ നിന്നും 4 കി.മി. പടിഞ്ഞാറായാണ് ദേവാലയം സ്ഥിതിചെയ്യുന്നത്. നഗരത്തിൽ നിന്നും ഗോശ്രീ പാലങ്ങൾ വഴി ഇവിടെ എത്താം. ദ്വീപിലേക്കുള്ള 47 സീ എന്ന പുതിയ ദേശീയപാത, ദ്വീപിനെ വൻകരയിലെ ദേശീയപതകളായ 17 , 47 എന്നിവയുമായി നേരിട്ട് ചേരാനല്ലൂർ, കളമശ്ശേരി എന്നീ സ്ഥലങ്ങളിൽ ബന്ധിപ്പിക്കുന്നു.പള്ളിയിലേക്ക് എറണാകുളം സൗത്ത് റെയിൽവെസ്റ്റേഷനിൽ നിന്നും ഏഴ് കിലോമീറ്ററും നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 34 കിലോമീറ്റർ ദൂരവുമാണ് ഉള്ളത് .
