(റിപ്പോർട്ട്: പി.പി. ചെറിയാൻ, ഡാളസ്)
ഗാര്‍ലന്റ്(ഡാളസ്): മെയ് 1ന് നടക്കുന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പി.സി.മാത്യൂ ഗാര്‍ലന്റ് ഡിസ്ട്രിക്ട് 3 ല്‍ നിന്നും മത്സരിക്കുന്നു. നാലുപേരാണ് ഈ സീറ്റിലേക്ക് മത്സരിക്കുന്നത്.
2005 ല്‍ ടെക്‌സസ്സില്‍ എത്തിയ മാത്യു ഡാളസ്സിലാണ് സ്ഥിരതാമസമാക്കിയത്. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ സംഘടിപ്പിക്കുന്ന എല്ലാ സാമൂഹ്യ സാംസ്‌ക്കാരിക പരിപാടികളിലും പി.സി.യുടെ സജീവ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു കവിയും, എഴുത്തുകാരനുമാണ് പി.സി.മാത്യൂ. ബിഷപ്പ് അബ്രഹാം മെമ്മോറിയില്‍ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം ബഹ്‌റിനില്‍ എത്തിയ പി.സി.മാത്യൂഡിഫന്‍സ് ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ബഹ്‌റിനില്‍ നിന്നും അമേരിക്കയിലെത്തിയതിനു ശേഷം യു.എസ്. ആര്‍മി കോര്‍പ് ഓഫ് എന്‍ജിനീയേഴ്‌സിലും പ്രവര്‍ത്തിച്ചിരുന്നു. ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഷുറന്‍ ഫിനാന്‍ഷ്യല്‍ എക്‌സാമിനറായും പി.സി.യുടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ ഉന്നത തസ്തികകള്‍ വഹിച്ച പി.സി. ഇപ്പോള്‍ വേള്‍ഡ് മലയാളി ഗ്ലോബല്‍ വൈസ് പ്രസിഡന്റാണ്. അമേരിക്കയില്‍ സംഘടനയുടെ വളര്‍ച്ചക്ക് പി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ കൂട്ടായിട്ടുണ്ട്. ഏതൊക്കെ രംഗങ്ങളില്‍ പി.സി. പ്രവര്‍ത്തിച്ചിട്ടുണ്ടോ അവിടെയെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും സമൂഹത്തില്‍ നിന്നും വിവിധ അംഗീകാരങ്ങള്‍ നേടിയെടുക്കുന്നതിനും പി.സി.ക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പി.സി.നേതൃത്വം നല്‍കിയിട്ടുണ്ട്.
ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മേയറായി മത്സരിക്കുന്ന റോയല്‍ ഗാര്‍സിയ പി.സി.യെ എന്‍ഡോഴ്‌സ് ചെയ്തത് വലിയ നേട്ടമായി കാണുന്നു. പി.സി.യെ പോലുള്ള സാമൂഹ്യ സാംസ്‌ക്കാരിക, ചാരിറ്റി പ്രവര്‍ത്തകര്‍ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ ഭാഗഭാക്കുകളാകണമെന്നുള്ളതു തന്നെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്.
