ഒരു വ്യക്തിയുടെ പേര് ചൊല്ലി വിളിക്കുന്നതിൽ ഒരു വലിയ അർത്ഥം ഉണ്ട്. പേര് ചൊല്ലി വിളിക്കുമ്പോൾ, ആ വ്യക്തിയ്ക്കും, അവരുടെ വ്യക്തിത്വത്തിനും നമ്മൾ കൊടുക്കുന്ന ബഹുമാനത്തെയാണ് അത് സൂചിപ്പിക്കുന്നത്.
പൊതുവേ, പേര് ചൊല്ലി വിളിക്കാത്തവരെ, നാട്ട്നടപ്പ് അനുസരിച്ച് ,ഏയ്! കൂയ്! ഹലോ! എടാ! എടീ!എന്നൊക്കെ വിളിക്കാറുണ്ടെങ്കിലും, ഇങ്ങനെ വിളിക്കുന്നവരോട് ഒന്ന് തിരിച്ചു ചോദിച്ചാൽ, അവർക്ക് ഒക്കെയും അവരുടെ പേരെടുത്ത് വിളിക്കുന്നതിനോളം സന്തോഷം മറ്റൊന്നിനും ഇല്ല.
ഒരാളെ പേര് ചൊല്ലി വിളിക്കുമ്പോൾ, അത് ആശയവിനിമയത്തിൻ്റെ മാർഗ്ഗത്തിലൂടെ ഇരുവരേയും അടുപ്പിക്കുന്നു.
ഇനി, പിൻവിളികളെ പറ്റി ഒന്നിരുത്തി ചിന്തിച്ചിട്ടുണ്ടോ?
നമ്മുക്ക് എതിരെ തിരിഞ്ഞു നടക്കുന്ന അല്ലെങ്കിൽ നമ്മിൽ നിന്നും അകന്നു പോകുന്ന ഒരുവനെ വിളിക്കുന്ന വിളിയെ പിൻവിളി എന്ന് പറയാം. ആ വിളിയുടെ ആഴത്തിനെ കുറിച്ചു ഏറെ ഗ്രഹിക്കേണ്ടതുമുണ്ട്.
ഒരു പക്ഷെ, പിൻവിളിക്കാൻ ആരും ഇല്ലാത്ത ഒരുവന്, സ്നേഹപൂർവ്വം ഉള്ള ഒരു കരുതലിന്റെ, കരുണയുടെ വിളിയുടെ മഹത്വം എന്താണ് എന്ന് നമ്മൾക്ക് എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ!
ഇനി പിൻവിളിക്കാൻ പലരും ചുറ്റിനും ഉണ്ടായിട്ടും, ആർക്കും ചെവി കൊടുക്കാതെ, മൗനത്തിന്റെ ചങ്ങലയിൽ സ്വയം പൂട്ടി, ആ സ്നേഹത്തെ വക വെയ്ക്കാതെ നടന്നകലുന്ന ഹതഭാഗ്യരുടെ പിന്നീട് നേരിട്ട വ്യസനവും, ആവലാതിയുടെ അലകളും നമ്മുക്ക് ഊഹിക്കാമല്ലോ!
അങ്ങനെ ഉള്ളവരുടെ ഏകാന്ത ജീവിത വ്രൃത്തങ്ങളിൽ അവർ തളർന്നു പോകുന്ന നേരങ്ങളിൽ ഈ പിൻവിളികൾ അവരെ തീർച്ചയായും വേട്ടയാടുന്നു. അന്ന്, ഞാൻ ആ വിളി കേട്ടിരുന്നു എങ്കിലെന്ന്, തൻ്റെ കഴിഞ്ഞു പോയ ആ ഇന്നലകളെ ഓർത്ത് ഇന്ന് ദുഃഖിക്കുന്നവർ!
നമ്മുടെ ചുറ്റും ഇന്ന് കൊറോണയുടെ മൃത്യു കൂടുമ്പോൾ, ഈ പിൻവിളികൾക്ക് പ്രാധാന്യം ഏറുന്നു. ഇനി എങ്കിലും ഓരോ ചെറിയ കാരണങ്ങൾ കൊണ്ട് നമ്മളുടെ കുടുംബങ്ങളിലും, അയൽവക്കത്തും, ജോലി വ്രൃത്തങ്ങളിലും, സൗഹ്രൃദ വലയങ്ങളിലും അന്യോന്യം മിണ്ടാത്ത പലരും ഉണ്ട്. ഒരു കാരണവും കൂടാതെ നമ്മളേ ന്യായം വിധിച്ചതിനാൽ, നാം അകലം പാലിക്കുന്ന ആ ചിലരുണ്ട്. അന്ന് ആ ബന്ധങ്ങളെ, മൗനത്തിന്റെ കൈയ്യിൽ ഏൽപ്പിച്ചു, സാഹചര്യങ്ങൾ കൊണ്ട് രണ്ട് ദിശയിലേക്ക് നമ്മൾ നടന്ന് നീങ്ങി. അവരോട് പൊറുക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട് മാത്രമാണ് അന്ന് നമ്മൾ അങ്ങനെ ചെയ്തത്. പക്ഷേ ഇന്ന് ജീവൻ രക്ഷിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആണ് ഇവരിൽ പലരും. നമ്മളും ആ കൂട്ടത്തിൽ തന്നെ ഉൾപ്പെടുന്നു എന്ന് പച്ചയായ സത്യം നാം മറക്കരുത്.
ഈ അവസ്ഥയിൽ, ഇന്ന് ഉള്ളിൽ വരുന്നത് ഒരൊറ്റ ചിന്ത മാത്രം. ദയവായി സ്വന്തം ആരോഗ്യം നോക്കുക. അവരവരുടെ ജീവന് സുരക്ഷിതം ഉറപ്പ് വരുത്തുന്ന മാർഗ്ഗങ്ങളെ അനുസരിക്കുക.
ആ ഫോൺ എടുത്ത്, കുറേക്കാലം ആയി സംസാരിക്കാത്ത പലർക്കും ഒരു പിൻവിളി കൊടുക്കാൻ കൂട്ടാക്കാമോ? ആർക്ക് അറിയാം നമ്മളിൽ നിന്നും അവർക്ക് കിട്ടുന്ന, ഒരു പക്ഷെ അവസാന കോൾ ചെയ്യാനുള്ള അവസരം ആയിരിക്കും ഇത്. അതും അല്ലെങ്കിൽ, അവരോട് നമ്മൾക്ക് സംസാരിക്കാൻ കിട്ടുന്ന ഒടുവിലത്തെ സന്ദർഭം ആയിരിക്കും ഇത്. ഈ ഒരു അവസരം സ്നേഹത്തോടെ ഉള്ള ഒരു പിൻവിളി ആയിക്കൊള്ളട്ടെ!
ഒരു കാര്യം ഓർക്കുക, ഇനി സംസാരിക്കാൻ ഒന്നും ഇല്ലാത്ത പക്ഷം, നാളെ ഈ അവസരം, നിങ്ങളിൽ ഒരാൾ ഈ ഭൂമുഖത്ത് നിന്ന് തുടച്ച് നീങ്ങപ്പെടുമ്പോൾ, അന്നേരം തോന്നുന്ന ആ ഒരു വിഷാദ, വിമ്മിഷ്ടപ്പെട്ട, വിങ്ങലുകൾ നിന്റെ ചിന്തകളെ ഏത് തലത്തിൽ കൊണ്ട് എത്തിക്കും? അപ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
നമ്മുടെ വിഷാദ ചിന്തകളിൽ നിന്നും മോചനം ലഭിക്കാൻ, ചുറ്റുമുള്ള നമ്മുടെ സ്നേഹ ബന്ധങ്ങളെ പിൻവിളിക്കാം. നമ്മളെ വിളിക്കുന്ന പിൻവിളികൾക്കായി കാതോർത്തു സ്നേഹത്തോടെ ആ വിളി കേൾക്കാം! എന്നത്തേക്കാളും ഇന്ന് ഈ പിൻവിളികൾക്ക് ആണ് ആവശ്യം. മടിയ്ക്കണ്ട! സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ല. വിളിക്കാൻ ആഗ്രഹിച്ചിട്ടും വിളിക്കാൻ പറ്റാതെ പോയ പിൻവിളികളെ ഓർത്ത് ആരും പിന്നീട് പശ്ചാത്താപിക്കാൻ ഇടവരരുത്.
നിങ്ങളും നിങ്ങളുടെ സ്വന്തങ്ങളും ബന്ധങ്ങളും ഒക്കെയും പൂർണ്ണായുസ്സും, ആരോഗ്യത്തോടെയും കൂടി ആയിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു…
സ്നേഹപൂർവ്വം -ദേവു-✍
