റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍: മൂന്നുവര്‍ഷം മുമ്പു ഇന്നേ ദിവസം ഫ്‌ളോറിഡാ പാര്‍ക്ക്‌ലാന്റ് സ്ക്കൂള്‍ ഷൂട്ടിങ്ങില്‍ 17 പേര്‍ മരിച്ച സംഭവത്തിന്റെ വാര്‍ഷീക ദിനത്തില്‍ കര്‍ശന ഗണ്‍ നിയമങ്ങള്‍ നിർമ്മിക്കുന്നതിന് സെന്റര്‍മാരെ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ബൈഡന്‍ പ്രസ്താവനയിറക്കി.

രാഷ്ട്രത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കനത്ത പ്രഹരശേഷിയുള്ള തോക്കുകള്‍ നിരോധിക്കുന്നതിനും ബാക്ക് ഗ്രൗണ്ട് ചെക്ക് വര്‍ദ്ധിപ്പിക്കുന്നതിനും, ഗണ്‍ ലോസ് ശക്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നോട്ടുവരണമെന്ന് ജീവന്‍നഷ്ടപ്പെട്ടവരുടെയും, അപകടത്തില്‍ പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്യവെ ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ക്ക്‌ലാന്റ് വെടിവെപ്പില്‍ 14 വ്ദ്യാര്‍ത്ഥികള്‍ക്കും, മൂന്ന് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത് 17ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച 3 മണിക്ക് മൂന്ന് നിമിഷം മൗനം ആചരിക്കണമെന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ഡിസാന്റീസ് പുറത്തിറക്കിയ ഡിക്ലറേഷനില്‍ ആവശ്യപ്പെട്ടു. പാര്‍ക്ക്‌ലാന്റ് സ്ക്കൂള്‍ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട രണ്ടുപേര്‍ ഇതിനകം ആത്മഹത്യ ചെയ്തിരുന്നു. പാര്‍ക്ക്‌ലാന്റ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മാത്രമല്ല മറ്റു വെടിവെച്ചുകളിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിലും പങ്കുചേരുന്നതായി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
