എല്ലാവർക്കും സുലഭമായി എപ്പോഴും ലഭിക്കുന്ന ഗുണത്തിൽ ഏറെ മേന്മകളുള്ള വളരെ രുചികരമായ ഒരു നെത്തോലി റോസ്റ്റ്.
ആവശ്യമുള്ള സാധനങ്ങൾ:
നെത്തോലി :അര കിലോ
ചുവന്നുള്ളി :പതിനഞ്ച് എണ്ണം
തക്കാളി വലുത് :മൂന്ന്
ഇഞ്ചി : ഒരു ചെറിയ കഷണം
വെളുത്തുള്ളി : അഞ്ച് അല്ലി
പച്ചമുളക്: രണ്ട്
ഉലുവ വറുത്തു പൊടിച്ചത് : കാൽ ടീസ്പൂൺ
കുരുമുളക് വറുത്തു പൊടിച്ചത് : അര ടീസ്പൂൺ
മുളകുപൊടി: ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി: മുക്കാൽ ടേബിൾസ്പൂൺ
മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ.
വെളിച്ചെണ്ണ : ഒരു ഡസേർട്ട് സ്പൂൺ
കടുക് : ആവശ്യത്തിന്
മല്ലിച്ചെപ്പ് :ഒരു ഡസേർട്ട് സ്പൂൺ
പാഴ്സിയില : രണ്ട്
കറിവേപ്പില : ആവശ്യത്തിന്.
പാചകം ചെയ്യുന്ന വിധം
നെത്തോലി നന്നായി വൃത്തിയാക്കി വയ്ക്കുക.ചുവന്നുള്ളി വെളുത്തുള്ളി,ഇഞ്ചി ഇവ തൊലികളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി വളരെ ചെറുതായി അരിഞ്ഞു വയ്ക്കുക. പച്ചമുളക് കഴുകി നെടുകെ പിളർന്ന് രണ്ടായി മുറിക്കുക.തക്കാളി നന്നായി കഴുകി ചെറുതായി അരിയുക.
ഒരു കഴുകി വൃത്തിയാക്കിയ കറിച്ചട്ടിയിൽ അരിഞ്ഞുവച്ച എല്ലാ ചേരുവകളും പൊടികളും കഴുകിയ കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത്
ഒരു ഗ്ലാസ് വെള്ളമൊഴിച്ച് എല്ലാം കൂടി ഒന്നു നന്നായി ഞെരടി യോജിപ്പിക്കുക. ഉപ്പിന്റെ പാകം നോക്കി അതിൽ വൃത്തിയാക്കി വച്ചിരിക്കുന്ന നെത്തോലി കൂടി ഇട്ട് പൊടിഞ്ഞു പോകാതെ ഇളക്കി അടുപ്പിൽ ചെറുതീയിൽ വച്ച് വറ്റിക്കുക.
ഇതോടൊപ്പം മറ്റൊരടുപ്പിൽ ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് അതിൽ നന്നായി കഴുകി നാലായി മുറിച്ച പാഴ്സിയിലയും നന്നായി കഴുകി ചെറുതായരിഞ്ഞ മല്ലിച്ചെപ്പും വളരെ ചെറിയ തീയിൽ അല്പം മണം വരുന്നതുവരെ വഴറ്റുക. ഇതിനിടെ നെത്തോലി കൂടെ കൂടെ ചട്ടിയോടെ ഒന്നെടുത്തു കറക്കി ഒട്ടും പൊടിഞ്ഞു പോകാതെ വെള്ളം വറ്റിക്കുക. ഏകദേശം വെള്ളം വറ്റി അരപ്പ് പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ പൊടിഞ്ഞുപോകാതെ ചീനച്ചട്ടിയിൽ മെല്ലെ കോരിയിടുക.നന്നായി ചട്ടി കറക്കി കൂട്ടുകളെല്ലാം യോജിപ്പിച്ച് തീ കുറച്ചു സിം ആക്കി പത്തു മിനിറ്റ് കൂടി അടിക്കുപിടിക്കാതെ നോക്കുക. ഇറക്കുന്നതിന് മുമ്പ് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി മുകളിൽ ഒഴിച്ച് കുടഞ്ഞു വാങ്ങി ഇറക്കി വയ്ക്കുക. അപ്പോഴേക്കും നല്ല മണം പരിസരമാകെ പരന്നിരിക്കും.
ചപ്പാത്തിക്കൊപ്പവും ,ചോറിനൊപ്പവും ആപ്പത്തിനൊപ്പവുമൊക്കെ കഴിക്കാം . നെത്തോലി മുള്ളോടു കൂടി തന്നെ കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. നെത്തോലിയുടെ മുള്ളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്.
തയ്യാറാക്കിയത്: ജസിയ ഷാജഹാൻ
സൂപ്പർ 🌹🌹