ഞാൻ ഓർത്തഡോക്സ് സഭയിലെ വൈദികനായതിനു പിന്നിലെ പ്രേരക ശക്തി ഗുരുതുല്യനായ എൻ്റെ പ്രിയപ്പെട്ട ഉപ്പാപ്പൻ വന്ദ്യ. ദിവ്യ. ശ്രീ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പായാണ്. കുമ്പഴയിലെ വീട്ടിൽ ഒരുമിച്ചു കഴിഞ്ഞ ബാല്യകാലം എന്നും ഓർക്കാതിരിക്കാനാവില്ല. ഞാൻ ജനിക്കുമ്പോൾ കുഞ്ഞുപ്പാപ്പന്‍ ശെമ്മാശ്ശനാണ്. എനിക്ക് പൊന്നും തേനും തൊട്ടു തന്നത് എൻ്റെ സ്നേഹനിധിയായ കുഞ്ഞുപ്പാപ്പനായിരുന്നു എന്ന് അമ്മ പറയുമായിരുന്നു. എൻ്റെ മാമോദീസാപേരും യോഹന്നാൻ എന്നായിരുന്നു. ഉപ്പാപ്പനാണ് എന്നെ കൈപിടിച്ച് പള്ളിയിൽ കൊണ്ടുപോയത്, ആദ്ധ്യാത്മികതയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു തന്നത്.
സ്നേഹിക്കാനും ശാസിക്കാനും പഠിപ്പിക്കാനും പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വേദപുസ്തകത്തിലെ കഥകൾ സരസമായി വിവരിച്ചു തരുമായിരുന്നു. ആത്മീയ ജീവിതത്തിലേക്ക് ആകൃഷ്ടനാകാൻ ഇതെന്നെ സഹായിച്ചു.
ഉപ്പാപ്പൻ്റെ അടിയുറച്ച ദൈവ വിശ്വാസവും സഭയോടുള്ള അചഞ്ചലമായ കൂറും അർപ്പണബോധവുമാണ് വൈദികനാകാൻ എന്നെ പ്രേരിപ്പിച്ചത്. വൈദിക ജീവിതത്തിൻ്റെ ഓരോ പടവുകൾ കയറുമ്പോഴും വൈദികൻ എങ്ങനെയായിരിക്കണം എന്നത് യഥാർത്ഥത്തിൽ അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്.
ശക്തമായ കുടുംബ ജീവിതത്തിൻ്റെ അടിത്തറ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് ഞാൻ പഠിച്ചത് ഉപ്പാപ്പൻ്റെയും കൊച്ചമ്മയുടെയും ജീവിതത്തിൽ നിന്നാണ്.
അമേരിക്കയിൽ നിന്ന് നാട്ടിൽവന്ന് കാണുമ്പോഴും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും വേദ ശാസ്ത്രത്തിൻ്റെയും, സഭാവിശ്വാസം, പാരമ്പര്യം മുതലായവയുടേയും രഹസ്യങ്ങൾ എന്നെ പറഞ്ഞു മനസ്സിലാക്കുമായിരുന്നു. ഇടവകയുടെ ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രത്യേകതകളും പറഞ്ഞുതരുമായിരുന്നു.
1988-ൽ ആണ് ഞാൻ ആദ്യമായി അമേരിക്കയിൽ പോയത്. വിസയും ടിക്കറ്റും ഉൾപ്പെടെ യാത്രയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു തന്നതും കുഞ്ഞുപ്പാപ്പനായിരുന്നു. ഒരു വർഷത്തോളം അന്ന് കുഞ്ഞുപ്പാപ്പൻ്റെയും കൊച്ചമ്മയുടെയും കൂടെ ഞാൻ താമസിച്ചത് അനുഭവമായിരുന്നു. പിന്നീട് ഞാൻ അമേരിക്കയിൽ എത്തിയാൽ Airport-ൽ നിന്ന് നേരെ പോകുന്നത് കുഞ്ഞുപ്പാപ്പൻ്റെ വീട്ടിലേക്കാണ്. അവിടെനിന്ന് കൊച്ചമ്മ തരുന്ന ഭക്ഷണം കഴിച്ച് ഉപ്പാപ്പൻ്റെ നിർദ്ദേശപ്രകാരമാണ് മറ്റു യാത്രകൾ. കഴിഞ്ഞവർഷം എന്നെയും ഭാര്യ ആനിയേയും നാട്ടിലേക്കുള്ള മടക്കയാത്രയിൽ Airport-ൽ കൊണ്ടു വിട്ട് സ്നേഹ ചുംബനം നൽകിയത് മനസ്സിൽ തങ്ങിനിൽക്കുന്നു.
മലങ്കര സഭയുടെ വളർച്ചയുടെ പ്രത്യേക ഘട്ടത്തിൽ അമേരിക്കൻ ഭദ്രാസനത്തിൻ്റെ വളർച്ചയ്ക്കും രൂപീകരണത്തിനും ദൈവം എഴുന്നേൽപ്പിച്ച് പ്രവാചകനും ദൈവദാസനുമായിരുന്നു യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പാ. മലങ്കര സഭയ്ക്ക് അദ്ദേഹത്തെ മറക്കാനാവില്ല.
മലങ്കര സഭയാകുന്ന തോട്ടത്തിൽ നിന്ന് പറുദീസായാകുന്ന നിത്യ ഭവനത്തിലേക്ക് പറിച്ചുനടപ്പെട്ട ദൈവദാസാ, അവിടെ പുഷ്പിച്ച് സുഗന്ധം പരത്തുന്ന പനിനീർച്ചെടിയായി അനേകരുടെ ഹൃദയങ്ങളിൽ ഇനി അങ്ങ് ജീവിക്കുമെന്ന്, എനിയ്ക്ക് ഉറപ്പുണ്ട്.