രാത്രി ഒരു ഏഴര മണി ആയി കാണും മാർക്കറ്റിൽ വലിയ ഒരു ആൾക്കൂട്ടം. ഒരു സൈക്കിളും ഓട്ടോറിക്ഷയും കൂടി കൂട്ടിയിടിച്ച് അവിടെ ആളുകൂടി, പെട്ടന്ന് അവിടെ നിന്ന ട്രാഫിക് പോലീസ് അവിടെയെത്തി. ഒരു മണിക്കൂറുകൊണ്ട് തർക്കം ഏതാണ്ട് പരിഹരിച്ച് രണ്ടുപേരെയും രണ്ടു വഴിക്ക് വീടാൻ തുടങ്ങിയപ്പോൾ ഒരു സ്ത്രീ അവിടെ വന്ന് ന്യായം പറയാൻ തുടങ്ങി. പോലീസിൻറെ ഭാഗത്ത് ന്യായമില്ല, സൈക്കിളു കാരന് ഓട്ടോറിക്ഷക്കാരൻ ഇത്ര രൂപ കൊടുക്കണം എന്നും പറഞ്ഞ് ബഹളം.
“നിങ്ങൾ ആരാ ഇത് പറയാൻ? ഞാൻ ഇതു ഒത്തു തീർത്തു നിങ്ങള് നിങ്ങളുടെ പാടും നോക്കി പോ തള്ളേ” എന്ന് പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ട്രാഫിക് പോലീസിന്റെ കോളറിന് കയറി പിടിക്കുകയും തന്തക്ക് വിളിക്കുകയും ചെയ്തു. ട്രാഫിക് പോലീസ് അന്തംവിട്ടു. ആരാണ് ഈ ഉണ്ണിയാർച്ച? മര്യാദയ്ക്ക് അല്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ടുപോയി ഞാൻ രണ്ട് പെട പെടയ്ക്കുമെന്ന് പോലീസ്.
“ അയ്യോ സാറേ, അവരെ തല്ലല്ലേ ഒരു വിസിലിന്റെ കുറവുണ്ട്. വേറെ കുഴപ്പമൊന്നും ഇല്ല കുറച്ച് ഒരു വേവു കുറവ് അത്രയേ ഉള്ളൂ.” എന്ന് പറഞ്ഞ് നാട്ടുകാർ ഇടപെട്ടു രംഗം ശാന്തമാക്കി.
“പരിഭവം പാർവ്വതി” എന്നാണ് ഫിലോമിനയുടെ വട്ടപ്പേര്. അവിവാഹിത, 65 വയസ്സ്. ഒരു കോളനിയിലാണ് താമസം അവിടെ ആദ്യം 3 സെൻറ് സ്ഥലം വാങ്ങി വീടു വച്ച് താമസിക്കുകയാണ്. ഇവരുടെ സ്ഥലത്തിനടുത്തുള്ള സ്ഥലങ്ങളൊക്കെ പ്ലോട്ട് തിരിച്ച് വിൽക്കാൻ ഇട്ടിരിക്കുകയാണ്.
ചൂട് തുടങ്ങുമ്പോൾ മുതൽ അതായത് കുംഭമാസം തുടങ്ങി ഇടവപ്പാതി വരെ ആള് ഇതുപോലെ എന്തെങ്കിലും തമാശ ഒപ്പിച്ചു കൊണ്ടിരിക്കും.മഴ പെയ്തു ഭൂമിയൊക്കെ ഒന്നു തണുത്താൽ ആളും നോർമൽ ആകും.
രണ്ടുപേർ സംസാരിച്ചുകൊണ്ട് നിൽക്കുകയാണെങ്കിൽ കുറച്ചു മാറി നിന്ന് എല്ലാം ശ്രദ്ധിക്കും. എന്നിട്ട് അതിൻറെ ഇടയിലേക്ക് വന്നു സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞു തർക്കിക്കും.ഉദാഹരണത്തിന് നാളെ ഹർത്താൽ ആണെന്ന് തോന്നുന്നു, അല്ലെങ്കിൽ ബസ് സമരം ആണോ എന്ന് സംശയമുണ്ട് എന്ന് രണ്ടു പേർ തമ്മിൽ പറഞ്ഞു എന്നിരിക്കട്ടെ ആരു പറഞ്ഞു ഇത്? അങ്ങനെയൊരു സംഭവം ഇല്ല എന്നൊക്കെ പറഞ്ഞ് തർക്കിക്കും. തികച്ചും അപരിചിതരായിരിക്കും ഫിലോമിനയ്ക്കവർ. അതുപോലെ തന്നെ ഇവരുടെ അടുത്തുള്ള സ്ഥലം വാങ്ങിക്കാൻ ആരെങ്കിലും വന്നാൽ “വെറുതെ ഇവിടെ വാങ്ങിക്കേണ്ട, ഇവിടെ സ്ഥലത്തിന് യാതൊരു വിലയും ഇല്ല, മറിച്ചു വിൽക്കാൻ പറ്റില്ല. ഭയങ്കര കൊതുകാണ്. വെള്ളം ഒറ്റത്തുള്ളി വരില്ല, നിറയെ പാമ്പാണ്.ഞാൻ കഴിഞ്ഞ തവണ മലമ്പനി പിടിച്ചു ചാകേണ്ടത് ആയിരുന്നു” എന്നൊക്കെ പറഞ്ഞ് അവരെ ഓടിക്കും. ബ്രോക്കർമാർ പരിഭവം പാർവ്വതിയുടെ കണ്ണുവെട്ടിച്ച് ആണ് ഈ സ്ഥലങ്ങൾ കാണിക്കാൻ ആൾക്കാരെ കൊണ്ടുവരിക. ക്ഷണിക്കപ്പെടാതെ എല്ലായിടത്തേക്കും ഓടി കയറി ചെന്ന് അഭിപ്രായം പറയും.
ഒരിക്കൽ ഇവരുടെ വീടിനടുത്ത് ഒരു സ്ഥലം വാങ്ങി ഒരുകൂട്ടർ കിണർ കുത്താൻ തുടങ്ങി. അവർ എത്തിയപ്പോഴാണ് പരിഭവം പാർവ്വതി ഇങ്ങനെ ഒരു സ്ഥല കച്ചവടം നടന്നത് തന്നെ അറിഞ്ഞത്. പകൽ സമയത്ത് ജോലിക്കു പോയിരുന്നത് കൊണ്ട് പറ്റിയ അബദ്ധം ആവാം. ഓടിച്ചെന്ന് അവരോട് പറഞ്ഞു ഇവിടെ വെള്ളം കാണില്ല അതുകൊണ്ട് മണ്ണ് ഒരിടത്തേയ്ക്കും കൊണ്ടുപോകേണ്ട. മണ്ണും കൊണ്ട് പോകാനിരുന്ന ലോറി ഡ്രൈവറിനെ തടഞ്ഞു മണ്ണ് അവിടെത്തന്നെ ഇടീ ച്ചു.വെള്ളം കാണാതാകുമ്പോൾ നിങ്ങൾക്ക് ഈ മണ്ണ് കൊണ്ട് തന്നെ ഈ കിണർ മൂടണ്ടതായി വരും. ഉത്സാഹമായി ജോലിചെയ്യുന്നവരുടെ മനസ്സ് ഒന്നു തളർത്തുക, അതുവഴി ജോലി മന്ദീഭവിപ്പിക്കുക. ഈവക കാര്യങ്ങൾക്ക് പരിഭവ ത്തിന് ദൈവം ആവശ്യത്തിൽ കൂടുതൽ ബുദ്ധി കൊടുത്തിട്ടുണ്ട്.
ഒരു പെട്രോൾ പമ്പ് അടിച്ചു വാരലും അവിടെയുള്ള സ്റ്റാഫിന് വെള്ളം കൂജയിൽ കൊണ്ടുവയ്ക്കുലും ഒക്കെയാണ് ഫിലോമിനയുടെ ആകെക്കൂടിയുള്ള ജോലി. മരണ വീടുകൾ സന്ദർശനം ആണ് പരിഭവത്തിന്റെ മറ്റൊരു ഹോബി. മരണ വീട്ടിൽ ചെന്ന് സഞ്ചിയും കുടയും ഒക്കെ വച്ച് ആരും വിളിക്കാതെ തന്നെ ഉത്സാഹം തുടങ്ങും. അന്നേരം പതിവ് ജോലിസ്ഥലം ഒക്കെ അങ്ങ് ആള് മറക്കും.
ജോലിയിലെ വിരസത അകറ്റാനോ തല ചൂട് ആയിട്ടാണോ എന്നറിയില്ല ആത്മഗതം ഓരോന്ന് പറഞ്ഞു കൊണ്ടാണ് പെട്രോൾ പമ്പ് അടിച്ചുവാരുക. പെട്രോൾ അടിക്കാൻ വരുന്ന കാറുകാരെ ഓരോന്ന്പറഞ്ഞു ആണ് മുറ്റമടി. പിന്നെ മിക്കവാറും എല്ലാ എസി ഉള്ള കാറുകൾ ആയതുകൊണ്ട് ആരും ഇവരെ ശ്രദ്ധിക്കാറില്ല.
പിന്നെ പലരും ഇവരെ ഒന്ന് വട്ട് ആക്കാൻ വേണ്ടി ചോദിക്കും “ചേടത്തി എന്നാ അമേരിക്കയിൽ പോകുന്നത് എന്ന്? അമേരിക്കയിൽ പോയാലും നമ്മുടെ ഇന്ന സ്ഥലത്തെ ഇവിടത്തെ ആ വീട്ടുകാരുടെ മോൾ ഒക്കെ അവിടെ ഉണ്ടല്ലോ? അവിടെ പോയാലും ചേടത്തിക്ക് അവരെയൊക്കെ വിസിറ്റ് ചെയ്യാലോ”? എന്നൊക്കെ പറയുമ്പോൾ അവർ മറുപടി പറയും “എൻറെ അനിയത്തി കുട്ടികളെ നോക്കാൻ വേണ്ടിയാണ് എന്നെ വിളിക്കുന്നത്. എനിക്കിഷ്ടമല്ല. ഞാൻ നമ്മുടെ നാടു വിട്ടു ഒരിടത്തും പോകില്ല. പിന്നെ ഒരു കാര്യം എൻറെ അനിയത്തി താമസിക്കുന്നത് വിമാനം ഇറങ്ങിയാൽ ഉടനെ ആദ്യത്തെ ജംഗ്ഷനിലാണ്. നിങ്ങളീ പറഞ്ഞ വീട്ടുകാര് അമേരിക്കയിൽ ഉണ്ടെന്ന് പറഞ്ഞില്ലേ, അവരെല്ലാം താമസിക്കുന്നത് അമേരിക്കയിലെ ചതുപ്പുനിലത്താണ്. അവിടെ എല്ലാം ഉള്ള ആൾക്കാർ കറുത്ത മനുഷ്യരാണ്. “
പരിഭവം പാർവ്വതി യെക്കുറിച്ച് ഇത്രയുമൊക്കെ ട്രാഫിക് പോലീസിനോട് വിശദമായി ഒരു അഭ്യുദയകാംക്ഷി പറഞ്ഞുകൊടുത്തത് കൊണ്ട് ഇത്തവണത്തേക്ക് പരിഭവം രക്ഷപ്പെട്ടു. ആ നന്ദി ഒന്നും പരിഭവത്തിനു ഇല്ല. അടുത്ത തർക്കത്തിന് എവിടെയെങ്കിലും സ്കോപ്പ് ഉണ്ടോ എന്ന് അന്വേഷിച്ചു പരിഭവത്തോടെ യാത്ര തുടരുന്നു!!!
മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.✍