അദൃശ്യനെങ്കിലും അതിശക്തിമാനായിട്ടാണ് നവാതിഥിയുടെ വരവ്. ‘ഒമിക്രോൺ’ എന്നൊരു മനോഹരപേരും അന്താരാഷ്ട്ര ശാസ്ത്രലോകം അവന് ചാർത്തികൊടുത്തിരിക്കുന്നു! തൻ്റെ മുൻഗാമികളെക്കാളും അമ്പതോളം മാറ്റങ്ങൾ ഇവനിൽ പ്രകടമാണ്. അതിൽ മുപ്പതോളം മാറ്റങ്ങളും മനുഷ്യശരീരത്തിലേക്ക് അണുവിന് കടന്നുകയറുവാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിലാണ്. അതിനാൽതന്നെ നമ്മിലേക്ക് കടന്നെത്തുവാൻ കാര്യമായ തടസ്സങ്ങളൊന്നും ഇല്ലെന്ന് സാരം. നിലവിലുള്ള വാക്സീനുകൾക്ക് കക്ഷിയെ എത്രമാത്രം തടഞ്ഞു നിർത്തുവാൻ കഴിയുമെന്നത് ഇനിയും തെളിയിക്കേണ്ടതുണ്ട്. ജന്മംകൊണ്ട് ദക്ഷിണാഫ്രിക്കക്കാരനെന്ന് നാം കരുതുന്നുവെങ്കിലും അതിനും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല; മാത്രമല്ല, കക്ഷിയുടെ പിതൃത്വമേറ്റെടുക്കാൻ ഒരുരാജ്യവും ഒരുക്കമല്ല; കാരണം, അവൻ്റെ കയ്യിലിരുപ്പ് തന്നെ!
കോവിഡിൻ്റെ രണ്ടാം വരവിനെ അങ്ങേയറ്റം സങ്കീർണ്ണമാക്കി മാറ്റിയിരുന്ന ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ കൊറോണയെക്കാൾ ശക്തിയും, മനുഷ്യശരീരത്തിലേക്ക് ശീഘ്രം കടന്നുകയറി, ചിലരെയെങ്കിലും വേഗത്തിൽ മരണത്തിലേക്ക് നയിക്കാനും ശേഷിയുള്ളവയായിരുന്നു. രണ്ടാം വരവിൽ മരണനിരക്ക് ഏറാനുള്ള കാരണവും അതായിരുന്നു. തൻ്റെ മുൻഗാമികളെയെല്ലാം ബഹുദൂരം പിന്നിലേക്ക് തള്ളിമാറ്റി പൂർവ്വാധികം ശക്തിമാനായിട്ടാണ് ഒമിക്രോണിൻ്റെ ഈ വരവ്. അതിനാൽ മെഡിക്കൽലോകത്തെയാകെയും ആദ്യമൊന്നു ഞെട്ടിച്ചുവെന്നത് സത്യമാണ്. ഈ വരവിൽ അവൻ്റെ വിളയാട്ടശക്തിയെ തടുത്തു നിർത്താൻ അന്താരാഷ്ട്ര ശാസ്ത്രസൂഹത്തിന് കഴിയുമോ എന്നുള്ളത് എല്ലാവരിലും ഉത്കണ്ഠ ജനിപ്പിക്കുന്ന കാര്യംതന്നെ. അപ്പോഴും നമ്മൾ ശീലിച്ച ആ മുൻകരുതൽ തുടരുക തന്നെയാണ് കരണീയമായിട്ടുള്ള ഏക മാർഗ്ഗം!
നിലവിലുള്ള എല്ലാവിധ വാക്സീനുകളേയും പ്രതിരോധിക്കാൻ ഒമിക്രോണിന് കഴിഞ്ഞാലും മാസ്ക്ക്, സാനിറ്റൈസർ, സോപ്പ് എന്നിവയെ തോല്പിക്കുക അസാധ്യമാണ്; ഭാഗ്യം! സാധാരണ
ജനം ഇന്ന് സർവ്വസാധാരണമായി ഉപയോഗിച്ച് ശീലമായി മാറിയ ഇവയെ നമുക്ക് പൂർണ്ണമായും വിശ്വാസിക്കാം ആശ്രയിക്കാം. പിശാചുക്കൾക്ക് കടമറ്റത്തു കത്തനാരുടെ കയ്യിലുള്ള കുരിശ് പോലെയാണെന്ന് തോന്നുന്നു, അണുക്കൾക്ക് മനുഷ്യരുടെ മുഖത്തെ മാസ്ക്കും കയ്യിലുള്ള സാനിറ്റൈസറും സോപ്പുമൊക്കെ. അതിനാൽ അവയുടെ ഉപയോഗത്തിൽ നമ്മൾ ഒട്ടും തന്നെ ഉദാസീനത കാട്ടുവാൻ പാടില്ല. ബൂസ്റ്റർഡോസ് വാക്സിൻ പ്രയോഗതലത്തിൽ എത്തുവാൻ ഇനിയും സമയമെടുത്തേക്കാം. അതുവരെ നാം ജാഗ്രത കൈവിടാതിരിക്കുകതന്നെ വേണം.
ഇനിയും കോവിഡ് വാക്സീൻ എടുക്കുവാൻ മടിച്ചിരുന്നവർ എത്രയും വേഗത്തിൽ അതിന്റെ രണ്ട് ഡോസും സ്വീകരിച്ചു എന്ന് ഉറപ്പാക്കുക. തലയിൽ ഹെൽമെറ്റ് വച്ചാലും ബൈക്കപകടം ഉണ്ടാകാം; എന്നാൽ, തലയിൽ ഒരു ഹെൽമെറ്റ് ഉണ്ടെങ്കിൽ അപകടത്തിന്റെ ശക്തി കുറയും; ജീവൻ രക്ഷപ്പെടും. അതുപോലാണ് കോവിഡ് വാക്സീൻ്റെ കാര്യവും; അതെടുത്ത ശേഷവും ആർക്കും അസുഖം വരാം, പക്ഷേ, ഒരിക്കലും അത് തീക്ഷ്ണമാകില്ല; രോഗി രക്ഷപ്പെടുകയും ചെയ്യുമെന്നത് നമുക്ക് ഓർക്കാം. പലവിധമായ തെറ്റിദ്ധാരണ കാരണമാകാം പലരും വാക്സീൻ എടുക്കാതിരുന്നിട്ടുള്ളത്. അരുത്, ആരെയുമത് ആപത്തിലേക്കാകാം നയിക്കുക. നാളെ വരിക ഇതിലും ശക്തിയുള്ള വൈറസ് ആകില്ലെന്ന് ആർക്ക് പറയാൻ കഴിയും!
ദൃഷ്ടിഗോചരമായ ഒരു ശത്രുവിൽനിന്ന് നമുക്ക് ഒഴിഞ്ഞുമാറാൻ കഴിയും. ഒരു കള്ളനെപ്പോലെ അദൃശ്യനായി എത്തുന്നവനെ പിടിച്ചുകെട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ അതുവരെ ജാഗ്രതയ്ക്കുതന്നെ മുൻഗണന നൽകിയേ മതിയാകൂ. കാലം കരുതിവച്ചിട്ടുള്ള അണുക്കൾ ഒന്നൊന്നായി പുറത്തു വരുമ്പോൾ അതിനെ നേരിടാനുള്ള ആയുധം പണിയാനും അല്പകാലം വേണമല്ലോ. ഇന്ന് മനുഷ്യബുദ്ധിയും അദൃശ്യ അണുക്കളുമായുള്ള നേർയുദ്ധമാണ് നടക്കുന്നത്; ഇതാണ് യഥാർത്ഥ പരീക്ഷണവും! ഇവിടെ ജയവും തോൽവിയും ശാശ്വതമേയല്ല. ഇന്നത്തെ പരാജിതൻ നാളത്തെ വിജയിയാണ്. ഈ ദ്വന്ദയുദ്ധത്തിൽ ഇരുവരുടെയും ശക്തി പരസ്പരം അറിയാതെ പോകുന്നു! പ്രതിയോഗി പുതുശക്തി ആർജ്ജിച്ചുകൊണ്ടേയിരിക്കുന്നു; പണ്ടത്തെ ടോർച്ച്ബാറ്ററിയുടെ പരസ്യവാചകം പോലെ: ‘ഇടനേരം ശക്തി വീണ്ടെടുക്കുന്നു!’
അന്താരാഷ്ട്ര വൈദ്യശാസ്ത്രം എത്രതന്നെ കിണഞ്ഞു പരിശ്രമിച്ചിട്ടും അണുവിന്റെ മർമ്മം മനസ്സിലാക്കിയുള്ള ഒരു പ്രതിവിധിയിലേക്ക് എത്തിച്ചേരാനൊട്ട് കഴിയുന്നുമില്ല. ശാശ്വതമായ ശമനത്തിനുള്ള ശക്തിയേറിയ ഒരു ഔഷധവും കണ്ടെത്തുവാൻ മനുഷ്യകുലത്തിന് കഴിയാതെ പോകുന്ന നിസ്സഹായാവസ്ഥ! പണ്ട് വസൂരിക്കും മലമ്പനിക്കും പേപ്പട്ടിവിഷത്തിനുമെതിരേ നാം കണ്ടെത്തിയ പോലുള്ളൊരു ഔഷധമാണല്ലോ ഏവരുടെയും പ്രതീക്ഷ! അതിജീവനം എന്നത് വലിയ വെല്ലുവിളിയെ നേരിടുന്ന സന്ദിഗ്ദ്ധമായ ഒരവസ്ഥയിലൂടെയാണിന്ന് മനുഷ്യകുലം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളൊക്കെ ഒന്നിനു പുറകെ മറ്റൊന്നായി കടന്നുവരുന്ന ഈ വർത്തമാനകാലം മനുഷ്യന് അവൻ്റെ ജീവിതം നിശ്ചലമാകാതെ മുമ്പോട്ടു കൊണ്ടുപോകാൻ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണാവശ്യം.
ഇപ്പോൾ അണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുക ജനിതക ശ്രേണീകരണത്തിലൂടെയാണ്.അതിന് മൂന്നുനാലു ദിവസം വേണ്ടിവരുന്നു എന്നുള്ളതും ഇന്നത്തെ സാഹചര്യത്തിൽ രോഗപ്പകർച്ചയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു! ഈ അസുഖത്തിന്റെ ആരംഭഘട്ടത്തിൽ കാര്യമായ ഒരു ലക്ഷണവും പുറമേയ്ക്ക് കാട്ടാത്തതിനാൽ രോഗവാഹകർ യഥേഷ്ടം പുറത്തേക്ക് സഞ്ചരിച്ച് കൂടുതൽ പേരിലേക്ക് അണുവിനെ എത്തിക്കുന്നു.ട്രൂനാറ്റ് പോലെ വേഗം പരിശോധനാഫലം ലഭിക്കുന്ന ഒരു മാർഗ്ഗം കണ്ടെത്തേണ്ടതും അടിയന്തരമായ ഒരാവശ്യമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ഇതാദ്യമായി കർണാടകയിലാണ് രണ്ടുപേരിൽ ഒമിക്രോൺ കണ്ടെത്തിയത്. വിമാനയാത്ര കഴിഞ്ഞെത്തിയ ഒരു ആഫ്രിക്കൻ പൗരനിലും ഇനിയും വിദേശയാത്ര ചെയ്തിട്ടില്ലാത്ത ഒരു കർണ്ണാടകക്കാരൻ ഡോക്ടറിലും.
ഇവിടെ ഗൗരവമുള്ളൊരു സംശയം ഉണ്ടാകുന്നു:
വിമാനയാത്ര ചെയ്യുന്ന ഏതൊരു വ്യക്തിയും 72/48 മണിക്കൂറിനുള്ളിലെടുത്ത ഒരു കോവിഡ് നെഗറ്റീവ് RTPCRസർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നത് ഒരു അന്താരാഷ്ട്ര നിയമമാണ്. അത് ഒരു നിർബന്ധമാണെന്നിരിക്കെ, മറ്റേതെങ്കിലും രാജ്യത്തുനിന്ന് എത്തിയ ഒരു വ്യക്തിക്ക്, ആ സമയപരിധിക്കുള്ളിൽ കോവിഡ് പരിശോധന നടത്തുമ്പോൾ പോസിറ്റീവ് ആകുന്നതെങ്ങനെ എന്നത് ഗൗരവമുള്ള കാര്യമല്ലേ? എവിടെയും വ്യാജൻമാർ വിലസുന്നുവെങ്കിൽ അവരെല്ലാം സ്വന്തം ജീവൻകൊണ്ടു തന്നെയല്ലേ അത്തരം പ്രവൃത്തികൾ ചെയ്യുന്നത്! ഇതുതന്നെയാണ് നമ്മുടെ പരാജയവും. സ്വന്തം ജീവനെക്കാളും വില കീശയിലെത്തുന്ന കാശിനുണ്ടെന്നു ഒരു ന്യൂനപക്ഷമെങ്കിലും കരുതുന്നുവെങ്കിൽ പിന്നെ മനുഷ്യജീവന് എന്തുവില!ലോകത്ത് എവിടെയും ഇത്തരക്കാർ എന്നുമുണ്ടായിരുന്നു; ഇന്നുമുണ്ട്. അത് തന്നെയാണ് കോവിഡ് വ്യാപനത്തിനുള്ള കാരണങ്ങളിൽ ഒന്ന് എന്നതിൽ സംശയമില്ല!
അടുത്തവാരം മറ്റൊരു ചിന്തയുമായി നമുക്ക് ഒത്തുചേരാമെന്ന പ്രതീക്ഷയോടെ, സ്വന്തം..
രാജൻ രാജധാനി ✍️