വാർത്ത: പി.പി. ചെറിയാന്‍
ന്യൂജഴ്‌സി: 2021-ന്റെ ആദ്യദിനം ന്യൂജഴ്‌സിയില്‍ 5541 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയും, 119 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതായി ജനുവരി ഒന്നാംതീയതി വെള്ളിയാഴ്ച വൈകിട്ട് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. തലേദിവസം ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂജഴ്‌സിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,000 പിന്നിട്ടിരുന്നു.
സംസ്ഥാനാടിസ്ഥാനത്തില്‍ രോഗവ്യാപന ശരാശരിയും, ആശുപത്രി പ്രവേശനവും തുടര്‍ച്ചയായ അഞ്ചാം ദിവസവും കുറഞ്ഞുവരുന്നുവെന്നുള്ളതില്‍ അല്‍പം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും മാസ്ക് ധരിക്കുന്നതും, കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ഇനിയും ശ്രദ്ധിക്കേണ്ടതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
2020-ല്‍ പാന്‍ഡമിക്കിനെതിരേ പോരാടിയ സംസ്ഥാനത്തെ ജനങ്ങള്‍ക്കും, ഫസ്റ്റ് റസ്‌പോണ്ടേഴ്‌സിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു. ഡിസംബര്‍ 5,6 തീയതികളില്‍ തുടര്‍ച്ചയായി കൊറോണ വൈറസ് പോസിറ്റീവായവരുടെ എണ്ണം അയ്യായിരത്തിലധികം കവിഞ്ഞത് ആശങ്കയുളവാക്കിയിരുന്നു. പിന്നീട് തുടര്‍ച്ചയായി മൂവായിരത്തിനുതാഴെ മാത്രമാണ് രോഗബാധിതരായതെന്നും, പെട്ടെന്ന് രോഗബാധിതരായവരുടെ എണ്ണം വര്‍ധിച്ചത് താങ്ക്‌സ് ഗിവിംഗിനും, ക്രിസ്മസിനും അല്‍പം നിയന്ത്രണങ്ങളില്‍ അല്‍പം അയവു വരുത്തിയത് മൂലമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് നാലിനുശേഷം സംസ്ഥാനത്ത് 7.79 മില്യന്‍ ടെസ്റ്റ് നടത്തിയതില്‍ 482861 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതായും ഗവര്‍ണര്‍ അറിയിച്ചു.
