വാഷിംഗ്ടണ്‍ ഡി.സി: നിരവധി ലൈംഗിക അപവാദങ്ങള്‍ ആരോപിക്കപ്പെട്ട ന്യുയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ പ്രമുഖ യു.എസ് കോണ്ഗ്രസ്സ് അംഗങ്ങളും ന്യുയോര്‍ക്ക് നിയമസഭയിലെ അംഗങ്ങളും രംഗത്ത് എത്തിയെങ്കിലും അവരുടെ ആവശ്യം തള്ളി ഗവര്‍ണ്ണര്‍ ആന്‍ഡ്രു കുമോ രാജിവെക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ . ബൈഡന്റെ നിലപാടിനോട് യോജിച്ച് ഡെമോക്രാറ്റിക്ക് പാര്‍ട്ടി യു.എസ് ഹൌസ് മെജോറിറ്റി ലീഡര്‍ നാന്‍സി പെലോസിയും രംഗത്തെത്തി.
ഗവര്‍ണറുടെ രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോള്‍ നിശബ്ദത പാലിച്ചിരുന്ന ബൈഡന്‍ മാര്‍ച്ച് 14 ഞായറാഴ്ചയാണ് തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത് .
പെലോസി ഗവര്‍ണറുടെ രാജി തള്ളിയെങ്കിലും ലൈംഗികാരോപണങ്ങള്‍ വളരെ ഗൗരവമായി കാണുന്നുവെന്നും ഈ വിഷയത്തില്‍ സീറോ ടോലറന്‍സ് എന്നാണ് പെലോസി അഭിപ്രായപ്പെട്ടത് .
ബൈഡനും പെലോസിയും ഗവര്‍ണര്‍ക്ക് എതിരെ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കണമെന്നാണ് അംഗങ്ങളെ ഉപദേശിച്ചത് . ന്യുയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസാണ് ഗവര്‍ണര്‍ക്ക് എതിരായ ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് ..
അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞുവെങ്കിലും , രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല അന്വേഷണം പൂര്‍ത്തീകരിക്കട്ടെ എന്നാണ് ഗവര്‍ണറുടെ നിലപാട്.
