വാഷിംഗ്ടൺ: ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത് 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുവാന്‍ കഴിഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്.
ഭരണത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ഏപ്രില്‍ 27 ബുധനാഴ്ച രാത്രി 8 മണിക്ക് (ടെക്സസ്) യുഎസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് ബൈഡന് തന്റെ നേട്ടങ്ങള്‍ അക്കമിട്ടു വിശദീകരിച്ചത്. ഓരോ ദിവസവും അമേരിക്ക മുന്നോട്ടു കുതിക്കുകയാണെന്നും ബൈഡന് ചൂണ്ടിക്കാട്ടി.
ഒരുമണിക്കൂറും 5 മിനിട്ടും നീണ്ടുനിന്ന പ്രസംഗം ഡമോക്രാറ്റിക് അംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസിനും സ്പീക്കര്‍ നാന്‍സി പെലോസിക്കും മദ്ധ്യേ നിന്ന് നടത്തിയ പ്രസംഗം ലക്ഷകണക്കിനു പ്രേക്ഷകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് ശ്രവിച്ചത്.
നൂറു ദിവസത്തിനുള്ളില്‍ 100 മില്യണ്‍ അമേരിക്കന്‍ ജനതയെ വാക്സിനേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും 220 മില്യന്‍ പേരെ വാക്സിനേറ്റ് ചെയ്തത് നേട്ടമായി ബൈഡന് ചൂണ്ടിക്കാട്ടി.
ഈയിടെ പൊലിസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നു പൊതുജനങ്ങള്‍ക്ക് നിയമപാലകരില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുവാന്‍ നാം ഒത്തൊരുമിച്ചു ശ്രമിക്കണമെന്ന് ബൈഡന് അഭ്യര്‍ഥിച്ചു.
തൊഴില്‍ നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് 100 ദിവസത്തിനുള്ളില്‍ കഴിഞ്ഞുവെന്നും ബൈഡന് അവകാശപ്പെട്ടു. ഗണ്‍വയലന്‍സ് മഹാമാരി കണക്കെ പടര്‍ന്നു പിടിച്ചിരിക്കുന്ന ഇതിന് പരിഹാരം കണ്ടെത്തുന്നതിനു പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവരും മുന്നോട്ടു വരണമെന്ന് ബൈഡന് അഭ്യര്‍ഥിച്ചു.
400,000 ഡോളറിനു താഴെ വാര്‍ഷിക വരുമാനമുള്ളവരുടെ ടാക്സ് വര്ധിപ്പിക്കുകയില്ലെങ്കിലും സമ്പന്നരുടേയും കോര്‍പറേറ്റുകളുടേയും ടാക്സ് വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന് പറഞ്ഞു.
കഴിഞ്ഞ മുപ്പതുവര്‍ഷമായി ഇമ്മിഗ്രേഷന്‍ നയം പുതുക്കുമെന്നു രാഷ്ട്രീയക്കാര്‍ ആണയിടുന്നുണ്ടെങ്കിലും കൃത്യമായ ഇമ്മിഗ്രേഷന്‍ നയം നടപ്പാക്കുമെന്നും ബൈഡന് ഉറപ്പു നല്കി.