കണ്ണഞ്ചിപ്പിക്കുന്ന ജാലവിദ്യകളാൽ മാജിക് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് നിലമ്പൂർ പ്രദീപ് കുമാർ. ജാലവിദ്യകൾക്ക് പ്രാധാന്യം നൽകുന്ന ഈ അത്ഭുത മജീഷ്യൻ, സൂപ്പർ ലൈവ് എസ്കേപ്പ് എന്ന അപകടകരവും ഏറ്റവും സാഹസികത നിറഞ്ഞതുമായ പ്രോഗ്രാമിലൂടെ മാജിക് രംഗത്ത് പുതിയ ഒരു റെക്കോർഡ് ആണ് കരസ്ഥമാക്കിയത്. മാജിക് രംഗത്ത് മറ്റൊരു മജീഷ്യനും ഇതുവരെ ഈ റെക്കോർഡ് മറികടന്നിട്ടില്ല.
സാധാരണ എസ്കേപ്പിൽ നിന്ന് വിഭിന്നമായി സൂപ്പർ ലൈവ് എസ്കേപ്പ് എന്ന ഫയർ എസ്കേപ്പ് ഇദ്ദേഹം കോഴിക്കോട് മുതുകുളം മൈതാനിയിലും, തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലും നടത്തി. ഈ സാഹസിക ജാലവിദ്യയിൽ 25 സർപ്പങ്ങളെയും 100 കരിന്തേളുകളെയും നിക്ഷേപിച്ച ചില്ലുപേടതോടൊപ്പം, പ്രദീപിനെ ഇരുമ്പ് ചങ്ങലകളാൽ ബന്ധിപ്പിച്ച് 25 ലോക്കിട്ട് മേലാസകലം പടക്കങ്ങൾ കെട്ടിവരിഞ്ഞ്, ക്രെയ്ൻ പയോഗിച്ച് വൈക്കോൽ കൂനയിൽ ഇറക്കിവച്ചു കത്തിച്ചപ്പോൾ …
ഇതാ കാണികളെ അമ്പരപ്പിച്ചുകൊണ്ട് യാതൊരു പോറലുമേൽക്കാതെ, തന്നോടൊപ്പം കൂട്ടിയ ആ ഉഗ്രവിഷ സർപ്പങ്ങളെയും തേളുകളെയും രക്ഷപ്പെടുത്തികൊണ്ടു ജനമദ്ധ്യത്തിലെത്തി ആളുകളെ അത്ഭുത പരവശരാക്കി..

കാലികപ്രാധാന്യമുള്ള വിഷയങ്ങളായ മതസൗഹാർദ്ദ സന്ദേശം, എയ്ഡ്സ് ബോധവല്ക്കരണം, സാക്ഷരതാ സന്ദേശം, മദ്യപാനത്തിനും പുകവലിക്കും എതിരെയുള്ള ബോധവൽക്കരണം, എന്നിവയെല്ലാം രണ്ടര മണിക്കൂർ നേരം നീണ്ടുനിൽക്കുന്ന തൻറെ മാന്ത്രിക പരിപാടിയായ മാജിക് ഇന്ത്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രദീപ് വേൾഡ് ഓഫ് മാജിക് എന്ന പേരിൽ നടത്തുന്ന മാജിക് ട്രൂപ്പിൽ ഇരുപത്തിയഞ്ചോളം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്നു. 42 വർഷം പിന്നിട്ട തന്റെ മാന്ത്രിക ജീവിതത്തിൽ ഇന്ത്യയിൽ ഒട്ടുമിക്ക വേദികളും മാജിക് അവതരിപ്പിച്ചിട്ടുണ്ട്. 1986ൽ ലോകത്തിലെ ഏറ്റവും വലിയ മാന്ത്രിക സംഘടനയായ അമേരിക്കയിലെ ഇൻറർനാഷണൽ ബ്രദർഹുഡ് ഓഫ് മജീഷ്യൻസിൽ വിശിഷ്ടാംഗത്വം കരസ്ഥമാക്കി. 1994 ൽ വാഴക്കുന്നം സ്മാരക മാന്ത്രിക പരിഷത്തിന്റെ മത്സരത്തിൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കി. 2002 ൽ കേരള സാംസ്കാരിക പരിസ്ഥിതി കലാപ്രതിഭാ അവാർഡ് . 2003 ൽ കേരള സംഗീതനാടക അക്കാദമി അവാർഡ് . 2019 ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് എന്നിവയിൽ ഇദ്ദേഹം ഇടം നേടിയിട്ടുണ്ട്.
നിലമ്പൂരിലെ പാട്ടുത്സവം വരാൻ കാത്തിരുന്ന ഒരു കുട്ടിക്കാലമായിരുന്നു പ്രദീപ് കുമാറിന്. വിവിധ നാടുകളിൽ നിന്നെത്തുന്ന മാജിക്കുകാരുടെ സാന്നിധ്യം തന്നെ അതിനു കാരണം . ദാദാസാഹിബിനെ പോലെയുള്ള മാജിക്കുകാരുടെ കൈകളിലെ ചലനങ്ങൾ അത്ഭുതപ്പെടുത്തിയിരുന്നു അന്ന്. ഇതെല്ലാം മാജിക്കിനോടുള്ള അടങ്ങാത്ത സ്നേഹം മനസ്സിൽ ശക്തമായി വേരുപിടിക്കാൻ കാരണമായി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി മാജിക് അവതരിപ്പിച്ചത്. നാണം പൂർണമായും മാറാതെയാണ് വേദിയിലെത്തിയത് എങ്കിലും മാജിക് വിജയകരമായി . പിന്നീട് വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരിയുടെ ശിഷ്യനായി. അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമായും അദ്ദേഹം കരുതുന്നു . അത് തനിക്ക് മാന്ത്രികലോകത്ത് തുടരുവാനും ഒരു വഴിത്തിരിവായി. ആ രംഗത്ത് നിൽക്കുവാനും ആത്മവിശ്വാസം നൽകി.

2000 ഡിസംബർ 31ന് ഏഷ്യാനെറ്റിൽ പുതുവത്സര പരിപാടിയായി മായ എന്ന പ്രോഗ്രാം സംപ്രേഷണം ചെയ്യുകയുണ്ടായി. ഫയർ എസ്കേപ് ആയിരുന്നു പ്രധാന വിഷയം. തെരുവിൽ ഉപജീവനത്തിനായി ജാലവിദ്യ കാണിക്കുന്ന പ്രദീപ് കുമാറിനെ ധനികയായ സഹപാഠി സിന്ധു യാദൃശ്ചികമായി കാണുന്നു. അയാളുടെ ജീവിത കഥയറിഞ്ഞ് സിന്ധു ഒരു ഉന്നത വ്യക്തിയുടെ സഹായത്തോടെ ലോകപ്രശസ്തി നേടുവാനാകുന്ന ഒരു എസ്കേപ്പ് നടത്തി പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുന്നതാണ് കഥ. ദേഹമാസകലം ചങ്ങലയിട്ട് ഒൻപത് പൂട്ടിട്ട് പൂട്ടി പ്രദീപിനെ പെട്ടിയിലാകുന്നു .അതിലേക്ക് 25 വിഷപ്പാമ്പുകളെയും ഒരു മലമ്പാമ്പിനെയും അഴിച്ചുവിടുന്നു.. ക്രെയിൻ ഉപയോഗിച്ച് വൈക്കോൽ കൂനയിലേക്ക് ഇറക്കിയ പേടകം മണ്ണെണ്ണ ഒഴിച്ച് തീ വെക്കുന്നു ..വിഷ പാമ്പുകളെയും രക്ഷിച്ച് മലമ്പാമ്പിനെ കഴുത്തിലിട്ട് സൈനിക വേഷത്തിൽ പതാകയുമായി വിജയശ്രീലാളിതനായി പ്രദീപ്കുമാർ പുറത്തുവരുന്നു.
തേജസ് പെരുമണ്ണ കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച മായയിൽ റിസബാവ, സിന്ധു, മാള അരവിന്ദൻ, നിലമ്പൂർ പ്രദീപ്കുമാർ, രമണി, ജെമിനി വാസുദേവൻ മുതലായവർ അഭിനയിച്ചു .
കേരളത്തിൻറെ സ്വപ്നപദ്ധതിയായ നിലമ്പൂർ നഞ്ചൻകോട് റെയിൽപാതയുടെ കാര്യത്തിൽ സർക്കാരിൻറെ കണ്ണുതുറപ്പിക്കാനായി പ്രദീപ്കുമാർ ജാലവിദ്യ സംഘടിപ്പിച്ചു. റെയിൽ ട്രാക്ക് എസ്കേപ്പ് വിദ്യ അവതരിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും പോലീസ് തടഞ്ഞു. ചങ്ങലകൊണ്ടു മാന്ത്രികനെ ബന്ധിച്ച് പാതയിൽ കിടത്തുകയും ട്രൈയിൻ അടുത്തെത്തുമ്പോൾ ബന്ധനം ഭേദിച്ച് രക്ഷപ്പെടുന്നതും ആയിരുന്നു ജാലവിദ്യ. പോലീസ് ഇടപെട്ട് ജാലവിദ്യ തടഞ്ഞതിനാൽ റെയിൽവേ സ്റ്റേഷൻ കവാടത്തിലാണ് പരിപാടി നടത്തിയത്.

ഏറെ അപകടകരമായ ഹ്യൂമൻ വിഷ്വൽ കട്ടിംഗ് (ശരീരം രണ്ടായി മുറിക്കുക) അവതരിപ്പിച്ച് ശ്രദ്ധേയനായിട്ടുണ്ട് പ്രദീപ്കുമാർ. മഞ്ചേരിയിലെ ഏറീസ് ക്ലബ്ബിൻറെ വാർഷിക ആഘോഷത്തിന് ഭാഗമായി മഞ്ചേരി ജയധാര ഓഡിറ്റോറിയത്തിലാണ് അവതരിപ്പിച്ചിത്. ഈർച്ചവാൾ ഇരുവശവും പിടിച്ച യുവാക്കൾ കാലുയർത്തി കമിഴ്ന്നു കിടക്കുന്ന മാന്ത്രികന്റെ ശരീരം രണ്ടായി മുറിച്ചു മാറ്റി. അൽപസമയത്തിനുശേഷം സാധാരണ രീതിയിൽ സ്റ്റേജിൽ നിറഞ്ഞ സദസ്സിനു മുൻപിൽ കൈവീശി കാണിച്ചു അത്ഭുതസ്തബ്ദരായ ജനങ്ങൾക്കിടയിലേക്ക് … മാന്ത്രികൻ സദസിനു മുൻപിൽ സഹായികളുടെ ശരീരമാണ് രണ്ടായി മുറിക്കാറുളളത്. ഇന്ത്യയിൽ തന്നെ കുറച്ചുപേർ അവതരിപ്പിക്കുന്ന ഈ മാജിക് പുതിയ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു പ്രദീപ് കുമാർ.
ജാലവിദ്യയിൽ ആരും പരീക്ഷിക്കാത്ത ഇനവുമായി മജീഷ്യൻ നിലമ്പൂർ പ്രദീപ് കുമാർ. വായിലൂടെ നൂൽ ഇട്ട് കണ്ണിലൂടെ പുറത്തെടുക്കുന്ന വിദ്യയാണ് ഇദ്ദേഹം പരിശീലിക്കുന്നത് കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പുതിയ മാജിക് അവതരിപ്പിച്ചു. ഒരു മീറ്റർ നീളമുള്ള നൂലാണ് വായിലൂടെ വലിച്ച് കണ്ണിലൂടെ പുറത്തെടുത്തത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൂന്ന് മീറ്റർ നീളമുള്ള നൂൽ ഇതുപോലെ വലിച്ചെടുക്കാൻ പരിശീലനം നടത്തി വിജയം കൈവരിച്ചിട്ടുണ്ട്. എല്ലാ വിജയത്തിനുപിന്നിലും ഗുനാഥന്റെ അനുഗ്രഹമാണെന്ന് പറഞ്ഞു വയ്ക്കുന്നു പ്രദീപ് കുമാർ.
പുതു മാന്ത്രികർക്ക് മാന്ത്രിക രംഗ സജ്ജീകരണവും അതിനുള്ള ഉപകരണങ്ങളും ലഭ്യമാകുന്ന സ്ഥാപനവും പ്രദീപ് കുമാർ നടത്തുന്നുണ്ട്. പാറക്കോട് മാധവപ്പണിക്കരുടെയും കരിക്കാട് പുത്തൻപുരയിൽ ദേവകി അമ്മയുടെയും മകനായി ജനിച്ച നിലമ്പൂർ പ്രദീപ് കുമാറിന്റെ ഭാര്യ ജലജാ പ്രദീപ്. മക്കൾ: ഡോക്ടർ സ്നേഹ പ്രദീപ്, സാഗർ പ്രദീപ് .
