അഞ്ച് ആൺമക്കളും അഞ്ച് പെൺമക്കളും അപ്പനും അമ്മയും അടങ്ങുന്ന തൃശ്ശൂരിലുള്ള പുരാതന പ്രസിദ്ധമായ ആലഞ്ചേരി കുടുംബം. ലൂർദ്ദ് മാതാ പള്ളിയിൽ പെരുന്നാളിന് കൊടികയറി. പെരുന്നാൾ എത്തുന്നതോടെ നാട്ടു നടപ്പനുസരിച്ചു കെട്ടിച്ചു വിട്ട പെൺമക്കളെയും കുടുംബത്തെയും ക്ഷണിച്ചു വരുത്തും. നാത്തൂന്മാരും കുടുംബത്തോടെ വരും. എല്ലാവരും കൂടി പത്തമ്പത് പേരുണ്ടാകും രണ്ട് ദിവസം. അടുക്കളയിൽ സഹായത്തിന് കാർത്തുവും റാഹേലും ഒക്കെയുണ്ട്. എന്നാലും സദ്യ ഒരുക്കുമ്പോൾ എല്ലാത്തിന്റെയും മുന്നിൽനിന്ന് നേതൃത്വം കൊടുക്കാൻ ഒരു ചീഫ് കുക്ക് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നി പെണ്ണ്മ്മയ്ക്ക്. എന്നാൽ ഒരു കുക്കിനെ അന്വേഷിച്ച് കണ്ടുപിടിക്കാം എന്ന് പറഞ്ഞു മകൻ. നാലുപാടും അന്വേഷണം നടത്തി.അവസാനം ആൽഫ്രഡ് ഡിക്രൂസ് എന്ന കുക്ക് വന്നു.
വന്നയുടനെ ഡിക്രൂസ് പാചകത്തെ കുറിച്ച് വലിയ ഒരു പ്രഭാഷണം തന്നെ നടത്തി. “പാചകം ഒരു കലയാണ് അത് സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു കാര്യമാണ്. ഗോപി മഞ്ചൂരി, ദം ആലു, ദാൽ കറി അങ്ങനെയൊക്കെയുള്ള പുതിയ ഐറ്റംസ് ആയിരിക്കും ഞാൻ ഉണ്ടാക്കുന്നത്. സിനിമ സെറ്റുകളിലേക്ക് എന്നെ പലരും വിളിച്ചെങ്കിലും ഞാൻ ആർക്കും പിടി കൊടുത്തില്ല. എനിക്ക് നമ്മുടെ നാട് അത് കഴിഞ്ഞേ ഉള്ളൂ എന്തും. 10 ദിവസം ഒറ്റപ്പാലം, പിന്നെ 10 ദിവസം ഷോർണൂർ ഇതൊന്നും എനിക്ക് പറ്റില്ല എന്ന് പ്രിയദർശന്റെ മുഖത്തുനോക്കി പറഞ്ഞ ആളാണ് ഞാൻ! എൻറെ ‘കുഴി മന്ദൻ’ എന്ന ഒരു ബിരിയാണി കഴിച്ചിട്ട് ചിലരുടെയൊക്കെ വിരലിന്റെ അറ്റംവരെ നഷ്ടപ്പെട്ടിട്ടുണ്ട്.” ഇദ്ദേഹത്തിൻറെ കൈപ്പുണ്യം കാണാനും അറിയാനും രുചിക്കാനും എല്ലാവർക്കും ധൃതിയായി. ഹോ ഭയങ്കരം തന്നെ! നമ്മുടെ ഭാഗ്യത്തിനാണ് ഇദ്ദേഹത്തെ കിട്ടിയത് എന്ന് എല്ലാവരും ഓർത്തു. ഊട്ടിയിലെ സായിപ്പിൻറെ ബംഗ്ലാവിലും പിന്നീട് പട്ടാളത്തിലും ആയിരുന്നു ഡിക്രൂസ്.നാലടി ഉയരമുള്ള ഡിക്രൂസ് അങ്ങനെ വലിയ കഥകൾ ഒക്കെ പറഞ്ഞു അഡ്വാൻസും വാങ്ങി പോയി.
വെള്ളിയാഴ്ച ദിവസം രാവിലെ 8 മണിക്ക് തന്നെ ഡിക്രൂസ് എത്തി. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു.“ലിസ്റ്റിൽ പറഞ്ഞ സാധനങ്ങൾ എല്ലാം കടുകിടെ വ്യത്യാസമില്ലാതെ വാങ്ങണം. എന്തെങ്കിലും വ്യത്യാസപ്പെടുത്തിയാൽ പിന്നെ ഞാൻ അഡ്വാൻസ് തുക മടക്കിത്തന്നിട്ടു തിരിച്ചുപോകും.പട്ടാളച്ചിട്ടയിൽ ആയിരിക്കണം കാര്യങ്ങളൊക്കെ”. ഡിക്രൂസിന്റെ ആജ്ഞകൾ ഒക്കെ മറുത്ത് ഒരക്ഷരം പറയാതെ അനുസരിക്കണം എന്ന നിർദേശം കൊടുത്തു പെണ്ണമ്മ കാർത്തുവിനും റാഹേലിനും.
ലിസ്റ്റിലെ സാധനങ്ങൾ ഡിക്രൂസ് പറഞ്ഞത് അനുസരിച്ചാണെങ്കിൽ ഏകദേശം 200 പേർക്ക് സദ്യ നടത്താൻ ഉള്ളത് ഉണ്ടായിരുന്നുവെന്ന് മൂത്തമകന് അപ്പോൾ തന്നെ മനസ്സിലായി. പിന്നെ ഒരുവിധം നയത്തിൽ ഡിക്രൂസിനോട് പറഞ്ഞു എല്ലാം നാലിലൊന്ന് ആക്കി. അപ്പോൾ ഡിക്രൂസ് “മതി, മതി. എല്ലാം നിൻറെ ഇഷ്ടം പോലെ. നിന്നിഷ്ടം എന്നിഷ്ടം. “ എന്ന് പറഞ്ഞു.
സാധനങ്ങൾ കയ്യിൽ കിട്ടിയപ്പോൾ മുതൽ സഹായികൾ മുറിക്കലും വെട്ടലും അരിയലും ഒക്കെ തുടങ്ങി.കറികൾക്ക് വേണ്ട എല്ലാ ചേരുവകളും തയ്യാറാക്കി. ഇനി ചീഫ് കുക്ക് വന്ന് നിർദ്ദേശങ്ങൾ തരണം. ഡിക്രൂസ് എത്തി പ്രാർത്ഥിച്ചു. അടുപ്പ് കത്തിച്ചു. വലിയ ഉരുളിയിൽ പാചകം തുടങ്ങി. തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഡിക്രൂസിനു വാചകം മാത്രമേയുള്ളൂ പാചകം അറിയില്ല എന്ന്. സ്റ്റ്യൂ, കോഴി മപ്പാസ്, പോർക്ക് വിന്താലു ഇതൊക്കെ ഉണ്ടാക്കുമ്പോൾ കാർത്തുവും റാഹേലും ചീഫ് കുക്കിനോട് ഓരോ സംശയങ്ങൾ ചോദിക്കും. ഉടനെ പുള്ളി പറയും.”നിന്നിഷ്ടം എന്നിഷ്ടം! നിനക്കത് ചേർക്കണമെന്നു തോന്നിയാൽ ചേർത്തോ”. ഇടയ്ക്ക് പോയി ഡീക്രൂസ് ഒന്ന് മിനുങ്ങുകയും ചെയ്തു. Stew വിൽ പീസ് ഇടണ്ടേ എന്ന് റാഹേല് ചോദിച്ചപ്പോൾ “എല്ലാം നിൻറെ ഇഷ്ടം. ഇടണമെങ്കിൽ ഇട്ടോ അല്ലെങ്കിൽ വേണ്ട. I am a soft hearted person. I don’t care karthu, if you want to add peas go ahead “. മിനുങ്ങിയതോടെ ഡിക്രൂസ് മലയാളം മറന്നു. ഹിന്ദിയും ഇംഗ്ലീഷും ആയി. ഇദ്ദേഹം പറയുന്നത് റാഹേലിനും കാർത്തുവിനും ഒട്ട് മനസ്സിലാകുന്നുമില്ല.
ഏതായാലും റാഹേലും കാർത്തുവും ഉള്ളതുകൊണ്ട് വിളിച്ച് വരുത്തിയ അതിഥികളുടെ മുമ്പിൽ പെണ്ണമ്മയ്ക്ക് ഇളിഭ്യ ആകേണ്ടി വന്നില്ല. അവർ എല്ലാം നന്നായി ചെയ്തു വെച്ചിരുന്നു.ഇദ്ദേഹത്തിന് കരാർ ഉറപ്പിച്ച പൈസയും പെരുന്നാൾ സമ്മാനവും ഒക്കെ കൊടുത്തു വിട്ടു.
പിന്നെയാണ് എല്ലാവരും ഇദ്ദേഹത്തെക്കുറിച്ചുള്ള പരമാർത്ഥം എല്ലാവരും മനസ്സിലാക്കുന്നത്. ഇവൻ ഔസേപ്പ് ആണ്. പന്ത്രണ്ടാം വയസ്സിൽ കള്ളവണ്ടി കയറി ഊട്ടിയിൽ എത്തി. അവിടെ സായിപ്പിൻറെ ബംഗ്ലാവിൽ ഷൂ പോളിഷ് ചെയ്യലും തോട്ടം നനക്കലും പിന്നെ അവിടുത്തെ മെയിൻ കുക്കിന് എന്തെങ്കിലും ചെറിയ സഹായങ്ങൾ ചെയ്യുകയുമായിരുന്നു ജോലികൾ. അവിടുന്ന് കുറച്ച് മുറി ഇംഗ്ലീഷ് ഒക്കെ പഠിച്ചു. പിന്നെ പട്ടാളത്തിൽ എത്തി. അവിടെ മൂന്നാലു വർഷം നിന്നു. പിന്നെ നാട്ടിലെത്തി ആൽഫ്രഡ് ഡിക്രൂസ് എന്ന പേര് സ്വീകരിച്ച് പെണ്ണ് കെട്ടി രണ്ട് മക്കളുമായി താമസിക്കുകയായിരുന്നു. പിന്നെ ഇടക്കിടെ അതിർത്തി കാണണം എന്ന മോഹം വരുമ്പോൾ കള്ളവണ്ടി കയറി പോകും. വീണ്ടും നാട്ടിൽ പ്രത്യക്ഷപ്പെടും. മക്കളൊക്കെ ഇപ്പോൾ വലുതായി.ഭാര്യക്ക് കുടുംബശ്രീയിൽ പണിയുണ്ട്. അതുകൊണ്ട് രാവിലെ 6 മണിക്ക് തന്നെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ ഡീക്രൂസ് കൃത്യസമയത്ത് കള്ളു ഷാപ്പിൽ എത്തി അന്നത്തെ കോട്ട അകത്താക്കി നേരെ ബസ് സ്റ്റാൻഡിൽ വന്നിരുന്ന് അവിടെ ലോഡ് നോക്കി ഇരിക്കുന്ന തൊഴിലാളികളോടൊക്കെ ഈ പുളു കഥകൾ പറയും. ഉച്ചയ്ക്ക് വീട്ടിൽ പോയി ഭക്ഷണവും കഴിച്ച് ഒരു മയക്കവും കഴിഞ്ഞു വൈകുന്നേരം ഒന്നുകൂടി കറങ്ങി കള്ളുഷാപ്പിലെ കോട്ടയും അകത്താക്കി വീട്ടിൽ തിരിച്ചുപോകും.ഇതിനിടയിൽ രണ്ടോമൂന്നോ തട്ടുകടകളിൽ പാത്രം കഴുകാനും തീയൂതാനും നിന്നിട്ടുണ്ട് അതാണ് പാചകവും ആയി ഇയാൾക്കുള്ള ബന്ധം. ദോഷം പറയരുതല്ലോ പട്ടാളത്തിൽ ആയിരുന്നതുകൊണ്ട് കൃത്യനിഷ്ഠ ഉണ്ടായിരുന്നു. എല്ലാ പെരുന്നാളിനും എല്ലാവരും പിന്നീട് ഈ കുക്കിന്റെ കാര്യം പറഞ്ഞ് ചിരിക്കാറുണ്ട്.
“എന്നിഷ്ടം പൊന്നിഷ്ടം, ആരാന്റെ ഇഷ്ടം തന്നിഷ്ടം. പിടിവാശി അല്ല വിട്ടുവീഴ്ചയാണ് സംഘടനാപ്രവർത്തനം.”ഈ ജീവിതാനുഭവ സാക്ഷ്യത്തിൽ വിശ്വസിക്കുന്ന ആളായിരുന്നു നമ്മുടെ ഡിക്രൂസ്.
മേരി ജോസി മലയിൽ, തിരുവനന്തപുരം.✍