ഭാഗം 03
ആകെ അങ്കലാപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു. എന്തുചെയ്യണമെന്നറിയാതെ താൻ തളർന്നു. മൊബൈൽ ഫോൺ ഓഫാക്കി ഇവൾ എവിടെ മറഞ്ഞു എന്ന ചിന്ത തന്നിൽ ഒരു ഭയമായി പടർന്നിറങ്ങി.വീട്ടിൽ നിന്നുള്ള മടക്കയാത്രയിൽ മുഴുനീളവും അവൾ മൗനമായിരുന്നു. തന്റെ ഒരു ചോദ്യങ്ങൾക്കും മറുപടി തന്നില്ല. എന്തൊക്കെയോ ഓർത്തിട്ടെന്നപോലെ ഇടയ്ക്കിടയ്ക്ക് കണ്ണുകൾ നിറയു ന്നുണ്ടായിരുന്നു. സത്യത്തിൽ അവൾ ഒരു വെറും പാവം ആയിരുന്നു. സ്നേഹിയ്ക്കാൻ മാത്രം അറിയാവുന്ന പാവം. അതിനാലാവാം തന്റെ ഭയം ഇരട്ടിച്ചതും. രണ്ടും കൽപ്പിച്ചു താൻ വീട്ടിൽ വിളിച്ചു കാര്യങ്ങൾ അറിയിച്ചു.
സഹോദരിയ്ക്കു എന്തുപറ്റിയെന്നറിയാതെ ഓടിയെത്തിയ ചേട്ടന്മാരുടെ മുന്നിൽ തനിക്കു ഒന്നിനും ഉത്തരം ഇല്ലായിരുന്നു. ആരെയും കുറ്റപ്പെടുത്താൻ ആവില്ല. ഓർമ്മ വച്ച നാളുമുതൽ ഇണപിരിയാത്ത കൂട്ടുകാർ ആയിരുന്നു തങ്ങൾ. അവളുടെ സൗമ്യസ്വഭാവം പലപ്പോഴും തന്നെയും അമ്പരപ്പിച്ചിട്ടുണ്ട്. ഒന്നിനും പരാതിയില്ലാതെ പരിഭവമില്ലാതെ ദേവീചൈതന്യം തുളുമ്പും മുഖം എന്നും അവളുടെ പ്രത്യേകയായിരുന്നു. ആർക്കും ഇഷ്ടപ്പെടുന്ന പ്രകൃതം. അതുകൊണ്ടൊക്കെയാകാം അവൾ എവിടെ മറഞ്ഞിരിക്കുന്നു എന്ന് തനിക്കറിയാമെന്നു തന്റെ അച്ഛൻ പോലും വിശ്വസിച്ചത്. ആർത്തുപെയ്യുന്ന മഴയിലും എല്ലാവരും വിയർത്തു കുളിച്ചതും.
പിറ്റേദിവസം അവൾ തന്നെ വിളിച്ചാണ് പുതിയ ജീവിതം തുടങ്ങിയ കാര്യം അറിയിച്ചത്. സോഫ്റ്റ്വെയർ എഞ്ചിനീയർ വിക്ടറിന്റെ ഭാര്യയായി അവൾ ജീവിതം തുടങ്ങിയപ്പോൾ തകർന്നു വീണത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ആയിരുന്നു. കെട്ടടങ്ങിയത് ജീവിതത്തിന്റെ താളമായിരുന്നു. സംഗീതവും നൃത്തവും പൊട്ടിച്ചിരികളും അവസാനിച്ചു ശ്മശാനമൂകതയോടെ ആരെയോ കാത്തുകിടക്കുന്നതുപോലെ അനാഥമായ ഒരു വീടായി അതുമാറി. നൃത്ത അധ്യാപികയായ അവളുടെ അമ്മയുടെ പാദങ്ങൾ പിന്നീടൊരിയ്ക്കലും താളം ചവിട്ടിയിട്ടില്ല. ആ വീട്ടിലെ സന്തോഷത്തിന്റെ തിരിനാളം ഊതിക്കെടുത്തി അവൾ പടിയിറങ്ങി.
ഏറ്റവും കൂടുതൽ വേദനിച്ചതും അവളുടെ മൂത്ത ചേട്ടൻ ആയിരുന്നു. എക്കാലവും അവൾക്കു കൂട്ടായി എന്തിനും നിന്നതും മനുവേട്ടൻ ആയിരുന്നു. അതുകൊണ്ടാകും ആ വിടവു അദ്ദേഹത്തെ തളർത്തിയതും. തുടർന്നുള്ള അന്വേഷണത്തിൽ വിക്ടർ വിവാഹിതൻ ആണെന്നും മൂന്നുവയസ്സുകാരൻ എലിന്റെ പപ്പയാണെന്നുമുള്ള ഞെട്ടിയ്ക്കുന്ന സത്യം പുറത്തുവരുന്നത്.
തുടരും…
ശ്രീജ സുരേഷ്, ഷാർജ✍