ഭാഗം 06
പതിയെ പതിയെ എല്ലാം തകിടം മറിഞ്ഞു. കുറ്റപ്പെടുത്തലിൽ തുടങ്ങി തല്ലും തൊഴിയുമായി.മറ്റൊരു ഭാര്യയും മകനുമുണ്ടെന്ന സത്യം ഒരു വിജയം പോലെ എന്തോ നേടിയവനെപ്പോലെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. കുഞ്ഞിനെ ഓർത്തു എല്ലാം ക്ഷമിച്ചു.
വഴിവിട്ട പോക്കിൽ തനിക്കു ഒന്നും ചെയ്യാൻ ആയില്ല. വരവരെ വീടിന്റെ വാടക കൊടുക്കാനോ കുഞ്ഞിന് ആഹാരം വാങ്ങാനോ ഒന്നിനും ഒന്നും തരാതായി. ഇഷ്ടം ഉള്ളപ്പോൾ വരും പോകും അങ്ങനെ അവനവന് ഇഷ്ടം ഉള്ളതുപോലുള്ള ജീവിതം. അങ്ങനെയിരിക്കയാണ് തന്നെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത എത്തിയത്. വിക്ടർ മൂന്നാമതായി മറ്റൊരു വിവാഹം കഴിച്ചിരിക്കുന്നു. ഇനി താൻ ജീവിച്ചിട്ട് ഒരു കാര്യവും ഇല്ലന്നുറപ്പിച്ചതുകൊണ്ടാണ് ഇറങ്ങിപുറപ്പെട്ടത്.
“നീ, അവിടെ എങ്ങനെ എത്തിപ്പെട്ടു.. ആ റെയിൽവേ ട്രാക്കിൽ” ഹീര വീണ്ടും ചോദിച്ചു.
“എക്സ്പ്രസ്സ് ട്രെയിനിന്റെ സമയം നോക്കിയാണ് ആളൊഴിഞ്ഞ ആ സ്ഥലം കണ്ടെത്തിയത്.മോൾക്ക് മരുന്നുകൊടുത്തു അവളെ മയക്കി… നെഞ്ചോടു ചേർത്തുപിടിച്ചാണ് പാളത്തിൽ കിടന്നതു… എന്റെ കുഞ്ഞിനെ ആരോരുമില്ലാതെ ഉപേക്ഷിച്ചു പോയാൽ.. “അവൾ ഒരു ഭ്രാന്തിയെപ്പോലെ വാവിട്ടു കരഞ്ഞു.
അമ്മയുടെ കരച്ചിൽ കേട്ടുണർന്ന നാലുവയസ്സുകാരി ഓടിവന്നു അവളെ കെട്ടിപ്പിടിച്ചു തുരുതുരെ മുത്തം കൊടുത്തു, കണ്ണുനീരൊപ്പുന്ന കാഴ്ച്ച ഹീരയുടെ ചങ്കു പിടപ്പിച്ചു. ഭാഗ്യത്തിന്റെ ഔദാര്യത്തിൽ അല്ലെങ്കിൽ ആയുസ്സിന്റെ വലുപ്പത്തിൽ മാത്രം തന്റെ മുന്നിൽ നിൽകുന്ന തന്റെ ദേവിയുടെ ചോര.. ഹീര നേഹയെ നെഞ്ചോടു ചേർത്തു.
“എങ്ങനെയെങ്കിലും ഒന്നവസാനിപ്പിയ്ക്കാൻ കാത്തുകിടക്കുമ്പോളാണ് മോഷണ ശ്രമത്തിനിടെ പോലീസിന്റെ പിടിയിൽ നിന്നു രക്ഷപെട്ടു ഓടിയ കുറ്റവാളിയുടെ പിന്നാലെ ഓടിവന്ന പോലീസിന്റെ ശ്രദ്ധയിൽ തങ്ങൾ പെട്ടത്. അവിടുന്ന് പോലീസ് സ്റ്റേഷനിലേയ്ക്കും കൗൺസിലർ ആയ നിന്റെ മുന്നിലേയ്ക്കും”. ഒരു കുറ്റവാളിയെ അല്ലെങ്കിൽ ഒരു പരാജിതയെപ്പോലെ അവൾ തലകുനിച്ചു.
“നീ ഒരു നിമിഷമെങ്കിലും നിന്റെ വീടിനെക്കുറിച്ച് ചിന്തിച്ചോ.. അല്ലെങ്കിൽ നീ നൊന്തു പ്രസവിച്ച നിന്റെ കുരുന്നിനെ കുറിച്ച് “.. ഹീര ആഞ്ഞടിച്ചു.
“തടയാവുന്നതുപോലൊക്കെ നിന്നെ തടഞ്ഞു ഒരു അപരിചിതനോടൊപ്പം പ്രണയത്തിന്റെ പേരിൽ നീ തല്ലിക്കെടുത്തിയത് ഒരു കുടുംബത്തിന്റെ വിളക്കാണ്.. ഒക്കെയും ചെയ്തിട്ട് മരണം ആണോ നീകണ്ട പരിഹാരം.. ഒന്നു ഓർത്തുനോക്കാമായിരുന്നില്ലേ? നീ മറഞ്ഞ സ്ഥലം ഞങ്ങൾക്ക് അറിയില്ല പക്ഷെ നീ ജനിച്ചുവളർന്ന തറവാട് നിനക്കറിയില്ലേ?.. ഞങ്ങൾക്ക് വേണം നിന്നെ.. പഴയ ദേവികയായി.. അതേ ചൈതന്യത്തിൽ”അവൾ ദേവിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
“എന്റെ മനുവേട്ടനെ കൊലയ്ക്കു കൊടുത്തിട്ടു ഇനി ആ വീട്ടിലേയ്ക്കു ഒരു മടക്കം.. ആലോചിക്കാൻ പോലും ആവതില്ല”.. അവൾ മുഖം പൊത്തിക്കരഞ്ഞു..
തുടരും..
ശ്രീജ സുരേഷ്, ഷാർജ✍