അതറിഞ്ഞയുടനെതന്നെ ദേവിയെ കാണാനായി താനും ചേട്ടന്മാരും കൂടെ പുറപ്പെട്ടതാണ്. അപ്പോഴേക്കും ദേവി, ഷാരോൺ എന്ന പേര് സ്വീകരിച്ചു ഷാരോൺ വിക്ടർ ആയി ജീവിതം ആസ്വദിച്ചു തുടങ്ങിക്കഴിഞ്ഞിരുന്നു. എത്ര വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ അതിനു തയ്യാറായില്ല. ഒരിക്കലും തന്നെ കാണാൻ വരരുതെന്നു അവൾ തന്നെ വിലക്കി. ഒക്കെയും മറന്നു ജീവിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. എന്നാൽ അവളെ മറക്കാൻ മനുവേട്ടന് ആകുമായിരുന്നില്ല. എല്ലാവരും വിലക്കിയിട്ടും അവളെ കാണാൻ ചേട്ടൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇനി അവളെ കാണാനായി അവിടേയ്ക്ക് ചെല്ലരുതെന്നു വിക്ടർ, മനുവേട്ടനെ വിലക്കി മടക്കിയയച്ചു. പിന്നീടൊരിക്കലും മനുവേട്ടൻ അവളെ അന്വേഷിച്ചു പോയിട്ടില്ല.
മടങ്ങിവരും വഴി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. ഒരു മടക്കയാത്രയില്ലാത്തടുത്തേയ്ക്ക് ആ പാവം യാത്രയായി. ദേവി തന്റെ പ്രിയപ്പെട്ട ഏട്ടനെ കാണാൻ എത്തുമെന്ന് എല്ലാവരും ആഗ്രഹിച്ചു, അതിനായി പ്രാർത്ഥിച്ചു. മനുവേട്ടന്റെ ആത്മാവുപോലും അതിനായി ആഗ്രഹിച്ചിട്ടുണ്ടാകും എന്ന് തനിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് അവളുടെ വരവും പ്രതീക്ഷിച്ചു എല്ലാവരും അവൾക്കായി കാത്തത്. പക്ഷേ അവൾ വന്നില്ല. അത് എല്ലാവരിലും മരണത്തെക്കാൾ വലിയ ആഴത്തിലുള്ള മുറിവുണ്ടാക്കി. താനും അവളെ മറക്കാൻ ശ്രമിച്ചു.ഒരിയ്ക്കലും കാണണ്ട എന്നാഗ്രഹിച്ചു.
എങ്കിലും അവളുടെ വിവരങ്ങൾ അന്വേഷിക്കാതിരിയ്ക്കാൻ തനിക്കും ആകുമായിരുന്നില്ല. അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത അറിഞ്ഞപ്പോൾ താൻ എല്ലാം മറന്നു ഓടിയെത്തി. എന്നാൽ ആ കുഞ്ഞിനെ ഒരുനോക്കുകാണുവാൻ പോലും വിക്ടർ തന്നെ അനുവദിച്ചില്ല. തന്റെ അന്നോളം ഉണ്ടായിരുന്ന സംശയങ്ങൾ എല്ലാം സത്യമായിരുന്നുവെന്നു താൻ വേദനയോടെ തിരിച്ചറിഞ്ഞു. ഇനി ഒരിക്കലും അവളെ തേടിപ്പോകാൻ പാടില്ല എന്നതായിരുന്നു വീട്ടിലെ പൊതുതീരുമാനം. അവൾക്ക് കാണണമെന്ന് തോന്നുമ്പോൾ സ്വയം അന്വേഷിച്ചുവരട്ടെ എന്ന തീരുമാനത്തോട് താനും പൂർണ്ണമായും യോജിച്ചു.
മനുവേട്ടന്റെ മരണം അമ്മയെ കൂടുതൽ തളർത്തി. ആരോടും ഒന്നും മിണ്ടാതെ അവർ തീർത്ത മൗനത്തിൻ കവചത്തിലേയ്ക്ക് സ്വയം ഒതുങ്ങുകയായിരുന്നു. മനുവേട്ടന്റെ അച്ഛൻ എല്ലാ നൊമ്പരങ്ങളും പങ്കുവച്ചിരുന്നത് തന്റെ അച്ഛനോടായിരുന്നു. അങ്ങനെയാണ് വിഷ്ണുവേട്ടന്റെ വിവാഹത്തിലേയ്ക്ക് അവർ എത്തിയത്. അതിനു ഒരു പരിധിവരെ വീട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് എല്ലാവരും വിശ്വസിച്ചു.
തുടരും..
ശ്രീജ സുരേഷ്, ഷാർജ✍