ക്രിസ്തീയ മതവിശ്വാസത്തിൻ്റെ ആധാരശിലയാണ് യേശു മരണത്തെ കീഴടക്കി മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നത് . മറ്റു മതാചാര്യന്മാരിൽ നിന്ന് യേശുവിനെ ഇത് വ്യത്യസ്തനാക്കുന്നതിനാൽ യേശുവിൻ്റെ ഉയിർപ്പിൻ്റെ സ്മരണ കൊണ്ടാടുന്ന ഈസ്റ്റർ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് . വി. തോമസ് അക്വിനാസ് ഇപ്രകാരം പറയുന്നു , ” ക്രിസ്തുവിനെ കുറിച്ച് പലതും ധ്യാനവിഷയമാക്കാനുണ്ട് , പ്രത്യേകിച്ച് അവിടുത്തെ ഉത്ഥാനത്തെകുറിച്ച് , കാരണം ക്രിസ്തുമതത്തിൻ്റെ മുഴുവൻ സംവിധാനവുമിതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് . യേശുവിൻ്റെ ഉയിർപ്പാണ് അവിടുത്തെ ഏറ്റവും വലിയ അത്ഭുതം ” . ഇത് ഈസ്റ്ററിൻ്റെ പ്രാധാന്യവും സാംഗത്യവുമെല്ലാം തെളിയിക്കുന്നു .
ഉയിർപ്പിൻ്റെ പ്രത്യേകതകൾ എന്നത് അത് ഒരു യാഥാർത്ഥ്യമാണ് എന്നതാണ് . വി. ബൈബിൾ വിവരണത്തിലൂടെ ശിഷ്യന്മാർ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടതായി സാക്ഷീകരിക്കുന്നുണ്ട് . ഇത് വ്യക്തമാകുന്നത് ഉയിർപ്പിന് ശേഷം യേശു ശാരീരികമായി പ്രത്യക്ഷപ്പെട്ടു എന്നാണ്. അതുപോലെ ക്രിസ്തുവിനെ അടക്കിയ കല്ലറ ഒഴിഞ്ഞുകിടക്കുന്നതും ക്രിസ്തുവിൻ്റെ ഉയിർപ്പ് ഒരു ചരിത്രസംഭവമാണെന്ന് തെളിയിക്കുന്നു . യേശുവിൻ്റെ കാൽവറിയിലെ മരണവും അതിലൂടെ ലോകത്തിന് ഉണ്ടാകുന്ന അനുഗ്രഹത്തെയും കുറിക്കുന്നു . ഉയിർപ്പ് ക്രൂശീകരണത്തിന് സാക്ഷ്യം നൽകുന്നതിനാൽ ദൈവസ്നേഹത്തിൻ്റെ പ്രഥമമായ വെളിപ്പെടുത്തലും ഇവിടെ ദർശിക്കുന്നു .
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം രക്ഷയുടെ അടിസ്ഥാനമാണ് ഈസ്റ്റർ . ശിഷ്യഗണത്തിനും ആദിമസഭയ്ക്കും പകർന്നു കൊടുത്തത് മരണതുല്യമാമായ ഭയത്തിൽ നിന്നും കർമ്മരാഹിത്യത്തിൽ നിന്നുമുള്ള വിടുതലാണ് . യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൽ തൻ്റെ ജീവനെ ലോകത്തിൻ്റെ വീണ്ടെടുപ്പിന് വേണ്ടി നൽകി പിതാവായ ദൈവവുമായി മനുഷ്യകുലത്തെ നിരപ്പിച്ചുവെങ്കിലും അത് മനുഷ്യകുലത്തിന് അക്ഷരാർത്ഥത്തിൽ വെളിപ്പെട്ടത് ഉയിർപ്പിലാണ് . ഉയിർപ്പിലൂടെ ലോകത്തിന് വെളിവാകുന്നത് , ദൈവം യേശുവിൻ്റെ ബലി സ്വീകരിച്ചുവെന്നും യേശുവിലൂടെയുള്ള പാപമോചനവും രക്ഷയുടെ അടയാളമായും യേശുവിൻ്റെ ഉയിർപ്പ് വിളങ്ങുന്നു എന്നതുമാണ് .
യേശുക്രിസ്തുവിൻ്റെ ഉയിർപ്പ് മരണാനന്തര ജീവിതത്തെകുറിച്ചുള്ള പ്രത്യാശ പകരുന്നു . മരണത്തോടുകൂടെ ഈ ലോകജീവിതം അവസാനിക്കുന്നില്ല എന്നും ഓർപ്പിക്കുന്നു . നമ്മുടെ ജീവിതത്തിൻ്റെ അർത്ഥവും വ്യാപ്തിയും ഇവിടെ പകർന്നു നൽകുന്നു . ഈ ഭൂതലത്തിൽ ജീവിക്കുന്ന നാളു മാത്രമല്ല ഇതിനപ്പുറം ഒരു നിത്യജീവൻ്റെ അനുഭവം ഒന്നുണ്ട് എന്നും പഠിപ്പിക്കുന്നു . ഒരു മനുഷ്യൻ്റെ ആത്യന്തികമായ ലക്ഷ്യമെന്നത് നിത്യജീവനെ പ്രാപിക്കുകയാണ് എന്നും സൂചിപ്പിക്കുന്നു . അത് ജീവിത വിശുദ്ധീകരണത്തിൻ്റെയും ധാർമ്മികതയുടെയും ആകെത്തുകയാണ് .
യേശുവിൻ്റെ ഉയിർപ്പിൻ്റെ പരിണിതഫലമെന്നത് ജീവിപ്പിക്കൂന്ന യേശുവിൻ്റെ സംസർഗ്ഗമാണ് . മനുഷ്യരുടെ ഇടയിൽ മരണത്തിൻ്റെയും തിന്മയുടെയും മേൽ നേടിയ വിജയവും ഇതുമൂലം ലഭ്യമാകുന്നു . അതുകൊണ്ട് വിശ്വാസത്തിലൂടെ യേശുവിലൂടെയുള്ള രക്ഷയെ പ്രാപിക്കുവാനുള്ള ആഹ്വാനമാണ് ഉയിർപ്പ് പ്രധാനം ചെയ്യുന്നത് . തിന്മയുടെ ശക്തിയുടെ മേലുള്ള വിജയമെന്നത് അനീതിയും അക്രമവും ഇല്ലാതെ സർവ്വതും യേശുവിൻ്റെ അധീനതയിൽ ആകുന്ന ഒരു അവസ്ഥയാണ് . അത് നമ്മെ ആഹ്വാനം ചെയ്യുന്നത് നമ്മുടെ രൂപാന്തരത്തിനും നവ ജീവിത ശൈലിയ്ക്കുമാണ്.
ലോകത്തിലെ സർവ്വ തിന്മകളുടെയും മേൽ വിജയം പ്രാപിച്ച സമാധാനമാർഗ്ഗവും രക്ഷയും പ്രത്യാശയും പകർന്ന് ഒരു നവജീവിതശൈലിയ്ക്കുള്ള ആഹ്വാനം നൽകുന്ന ഈസ്റ്റർ ആശംസകൾ എല്ലാവർക്കും നേർന്നുകൊള്ളുന്നു .
H.E. KURIAKOSE MOR SEVERIOS
SAMUDAYA METROPOLITAN , MALANKARA SYRIAN KNANAYA SAMUDAYAM