ബേക്കേഴ്‌സ് ഫീൽഡ് – കാലിഫോർണിയ: കൗമാരക്കാരിയായ മകളുടെ നവജാത ശിശുവിനെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ താഴ്ത്തിപ്പിടിച്ചു കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരിയുടെ മാതാവ് ബിയാന്ത് കൗർ ധില്ലനെ (45) കെൺ കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജി കെന്നത് ട്വീസൽമാൻ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പരോൾ ലഭിക്കാതെ ജീവിത കാലം മുഴുവൻ ജയിലിൽ കഴിയാനാണ് വിധി. മാർച്ച് 5 നായിരുന്നു കോടതി ഈ ശിക്ഷ വിധിച്ചത്.
2018 നവംബർ 12 നായിരുന്നു കേസിനാസ്പദമായ സംഭവം. കൗമാരപ്രായമുള്ള മകൾ ഒരു ദിവസം ബാത്ത് റൂമിൽ കയറി കുറേ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെത്തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ബ്ത്ത് ടബ്ബിൽ പ്രസവിച്ചു വീണ ആൺ കുഞ്ഞിനെയാണ് കണ്ടത്. മകളിൽ നിന്നും കുട്ടിയെ വാങ്ങി അപമാനഭാരം ഒഴിവാക്കാൻ; കുട്ടിയെ ആരെയെങ്കിലും വളർത്തുവാൻ ഏൽപ്പിക്കാമെന്ന് ‘അമ്മ ഉറപ്പു നൽകി. അല്പസമയത്തിനു ശേഷം ബാത്ത് ടബ്ബിലെ വെള്ളത്തിൽ കുട്ടിയെ താഴ്ത്തി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
പിന്നീട് ഭർത്താവും നവജാത ശിശുവിന്റെ പിതാവും, 23 വയസുള്ള ബന്ധുവുമായ യുവാവിന്റെ സഹായത്താൽ വീടിന് പുറകിൽ രണ്ടടി ആഴത്തിൽ കുഴിച്ചു അതിൽ മറവു ചെയ്യുകയായിരുന്നു. മണം പുറത്തുവരാതിരിക്കാനായി ഉപ്പും കുഴിയിൽ നിറച്ചിരുന്നു.
2019 ഫെബ്രുവരി 26 ന് കൗമാരക്കാരി തന്റെ അധ്യാപികയോട് പിതാവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതായും വെളിപ്പെടുത്തി. സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ജഡം കണ്ടെടുത്തു. മാതാവിനും പിതാവിനും യുവാവിനുമെതിരെ പോലീസ് കേസെടുത്തു. അമ്മ ഒഴികെ രണ്ടുപേരെയും ജാമ്യത്തിൽ വിട്ടു. മാർച്ച് 7 ന് പിതാവ് ആത്മഹത്യ ചെയ്തു. 23 വയസ്സുള്ള യുവാവിനെ ട്രാക്കിംഗ് ഡിവൈസ് വെച്ച് പുറത്തുവിട്ടെങ്കിലും യുവാവ് അതു തകർത്ത് രക്ഷപ്പെട്ടു. യുവാവിനെ ഇതുവെരെ പിടികൂടാനായിട്ടില്ല. പഞ്ചാബിൽ നിന്നുള്ള കുടുംബമാണിത്. അപമാനഭാരം ഒഴിവാക്കാനാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. ശിക്ഷ ലഘൂകരിക്കണമെന്ന ആവശ്യം കോടതി തള്ളി.
