17.1 C
New York
Tuesday, June 15, 2021
Home Literature ദൈവത്തിന്റെ വോട്ട് (ചെറുകഥ)

ദൈവത്തിന്റെ വോട്ട് (ചെറുകഥ)

ദിവ്യ എസ് മേനോൻ

ഈ ലോകത്തുള്ള സകലമാന കൃമികീടങ്ങളെയും പരിപാലിച്ച്, ഓരോരുത്തർക്കും കിട്ടാനുള്ളതൊക്കെ കണക്ക് വച്ച് തെറ്റാതെ കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ദൈവത്തിന് ഒരു പൂതി. ഒന്ന് വോട്ട് ചെയ്യണം. ഇന്നേവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ്. ചൂണ്ടു വിരലിൽ മഷിയൊക്കെ പുരട്ടി മനുഷ്യർ ഇടുന്ന സെൽഫി കണ്ടുകണ്ട് ആശ മൂത്തു പോയി.

എന്നാ പിന്നെ തന്റെ സ്വന്തം നാട്ടിൽ തന്നെ തിരഞ്ഞെടുപ്പ് നടക്കയല്ലേ? അവിടത്തന്നെ വോട്ട് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷെ വോട്ടേഴ്‌സ് ലിസ്റ്റിൽ തന്റെ പേരില്ലാലോ… എന്ത് ചെയ്യും? വോട്ടേഴ്‌സ് ലിസ്റ്റ് അരിച്ചു പെറുക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹം കുഞ്ഞിക്കേളു നായരുടെ പേര് ലിസ്റ്റിൽ കണ്ടത്. കുഞ്ഞിക്കേളു നായർ മരിച്ചു മണ്ണോടടിഞ്ഞിട്ട് വർഷം ഒന്നായി. അയാളെ ചിത്രഗുപ്തന്റെ കൊട്ടാരത്തിൽ വച്ച് കണ്ടതോർത്ത് ദൈവം ചിരിച്ചു.

എന്തായാലും കുഞ്ഞിക്കേളു നായരുടെ രൂപത്തിൽ തന്നെ വോട്ട് ചെയ്യാൻ ദൈവം തീരുമാനിച്ചു. നായരുടെ രൂപ ഭാവത്തിൽ പോളിംഗ് സ്റ്റേഷനിൽ അവതരിച്ച ദൈവം തന്റെ ദിവ്യശക്തിയാൽ കൃത്രിമമായി ഉണ്ടാക്കിയ തിരിച്ചറിയൽ കാർഡ് കാണിച്ചു കൊണ്ട് വോട്ട് ചെയ്യാൻ ബൂത്തിലെത്തി. ആ മണ്ഡലത്തിലെ ആദ്യ വോട്ടറായിരുന്നു ദൈവം. വോട്ടിങ് യന്ത്രത്തിനു മുന്നിലെത്തിയ ശേഷമാണ് ദൈവം സ്ഥാനാർത്ഥികളെ കുറിച്ച് അറിയുന്നത്.

സ്ഥാനാർത്ഥി 1 : നിരവധി പീഡന കേസുകളിലെ പ്രതി. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ തെളിവില്ലാത്തതു കൊണ്ട് കോടതി വെറുതെ വിട്ട മഹാൻ

സ്ഥാനാർത്ഥി 2 : അഴിമതി വീരനെന്നു പേര് കേട്ട പ്രമാണി. ബസ് സ്റ്റാൻഡിന് മുന്നിൽ ഭിക്ഷ തെണ്ടിയിരുന്ന കണ്ണ് കാണാത്ത സ്ത്രീയുടെ ഭിക്ഷാ പാത്രത്തിൽ നിന്നു ചില്ലറ തുട്ടുകൾ സ്ഥിരം മോഷ്ടിക്കാറുണ്ടായിരുന്ന ‘പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നവൻ ‘

സ്ഥാനാർത്ഥി 3 : ദൈവത്തിന്റെ പേരിലും ദൈവത്തിന്റെ സ്വന്തമെന്ന് പറയപ്പെടുന്ന മതത്തിന്റെ പേരിലും വിഷം കുത്തിവച്ചു ആളുകളെ തമ്മിലടിപ്പിക്കുന്നവൻ. ദൈവത്തെ പോലും വില പറഞ്ഞ് വിൽക്കുന്നവൻ

സ്വന്തം നാടിന്റെ അധോഗതി ഓർത്ത് ദൈവത്തിന്റെ രോഷം തിളച്ചു മറിഞ്ഞു. കൂടുതലൊന്നും ആലോചിക്കാതെ അദ്ദേഹം കുത്തി… മറ്റാർക്കുമല്ല ‘NOTA’ ക്ക് തന്നെ!
അത്ഭുതം എന്ന് പറയട്ടെ പിന്നീട് ആ ബൂത്തിലും മണ്ഡലത്തിലും ചെയ്ത വോട്ടുകൾ മുഴുവനും NOTA ക്ക് തന്നെയായിരുന്നു. ആളുകൾ ഏത് ചിഹ്നത്തിൽ വിരലമർത്തിയാലും അത് NOTA മാത്രമായിപ്പോകുന്ന അത്ഭുത പ്രതിഭാസമാണ് അന്നവിടെ നടന്നത്.

വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ NOTA വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു! വോട്ടിംഗ് യന്ത്രത്തിന്റെ ക്രമക്കേടെന്നും ജനാധിപത്യത്തിന്റെ പരാജയമെന്നും ഓരോ സ്ഥാനാർത്ഥിയും ഘോരഘോരം പ്രസംഗിച്ചു. ആ മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. ഈ സമയത്തിനുള്ളിൽ നമ്മുടെ പാവം ദൈവത്തിന്റെ വികൃതി എങ്ങനെയോ ചോർന്നു. ഇനിയുള്ള വോട്ടെടുപ്പ് ദിവസവും അങ്ങേര് അവതരിച്ചാലോ? വീണ്ടും ഇരുട്ടടി കിട്ടും.

സ്ഥാനാർത്ഥികൾ മൂവരും തലപുകഞ്ഞു ആലോചിച്ചു. അവസാനം അവരൊരു തീരുമാനത്തിലെത്തി. മൂന്ന് പാർട്ടികൾക്കും കൂടി ഒറ്റ സ്ഥാനാർത്ഥി. ദൈവത്തെ തോൽപ്പിക്കാൻ ഇതിലും നല്ല വഴിയില്ലെന്ന് അവർ ഉറപ്പിച്ചു. സ്ഥാനാർത്ഥിയായി അവർ കുഞ്ഞിക്കേളു നായരുടെ മകനും അഭിനവ ആത്മീയാചാര്യനുമായ ആത്മീയാനന്ദ സ്വാമികളെ തന്നെ തിരഞ്ഞെടുത്തു. ലേശം ആത്മീയത, ലേശം സോഷ്യലിസം, കുറേയേറെ തള്ള്…ഇവയെല്ലാം ഒത്തുചേർന്ന ആത്മീയാനന്ദ അല്ലാതെ ദൈവത്തെ തോൽപ്പിക്കാൻ മറ്റാര്?!

അങ്ങനെ ആത്മീയാനന്ദ എതിരില്ലാതെ, തിരഞ്ഞെടുപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രമെന്തെന്നും ദൈവമേതെന്നും ഒരു നിശ്ചയവുമില്ലാത്ത മൂന്ന് സ്ഥാനാർത്ഥികളും ചേർന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു “ശാസ്ത്രം ജയിച്ചു, ദൈവം തോറ്റു “
പാവം ദൈവം മനസ്സിൽ വിലപിച്ചു ‘കലികാലം’!

ദിവ്യ എസ് മേനോൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

80 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്

വെര്‍മോണ്ട്: അമേരിക്കയില്‍ അര്‍ഹരായ 80 ശതമാനം പേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കിയ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്. വെര്‍മോണ്ട് ഗവര്‍ണര്‍ ഗവര്‍ണര്‍ ഫിലിപ് ബി. സ്‌കോട്ട് ജൂണ്‍ 14 തിങ്കളാഴ്ച സമ്മേളനത്തിലാണ് ഈ വിവരം...

ഇവ ഗുസ്‌മാൻ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

ഓസ്റ്റിന്‍: ടെക്‌സസ് മുന്‍ സുപ്രീം കോടതി ജഡ്ജി ഇവ ഗുസ്‌മാൻ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിലവിലുള്ള ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റനെതിരെ മത്സരിക്കുന്നു. ഇതു സംബന്ധിച്ചു ആവശ്യമായ രേഖകള്‍ ടെക്‌സസ് എത്തിക്‌സ് കമ്മീഷന്...

പ്രവാസി ക്ഷേമത്തിനു പ്രവാസി മലയാളി ഫെഡറേഷ നോർക്കയുമായി സഹകരിക്കും.

ന്യൂയോർക്ക്: നോർക്കയുടെ(Non Resident Keratitis Affairs ) അംഗീകാരമുള്ളഉള്ള ഏക ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർക സ്വീകരിക്കുന്ന പ്രവാസികളുടെ ക്ഷേമ പദ്ധതികളുമായി പൂർണമായും സഹകരിച്ചു പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. ഗ്ലോബൽ പ്രസിഡണ്ട്...

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാർ ഇന്ന് (ജൂൺ 15 ചൊവ്വ) സംഘടിപ്പിക്കുന്നു

ഫോമയുടെ വനിതാ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സ്ത്രീകളിൽ അവബോധമുണ്ടാക്കുന്നതിനും, നിയമ വശങ്ങളെ കുറിച്ച് അറിവ് നൽകുന്നതിനും, സ്ത്രീകൾക്കെതിരായ അവമതിപ്പുകളും, കുപ്രചാരണങ്ങളും തടയുകയും അതിനെതിരായ കർമ്മ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയും നാളെ ജൂൺ 15 വൈകിട്ട്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap