തയ്യാറാക്കിയത്: ദിവ്യ എസ്. മേനോൻ
ഒരു സിനിമയുടെ രണ്ടാം ഭാഗം കാണും മുൻപുള്ള മുൻവിധികളെയെല്ലാം പൊളിച്ചെഴുതുന്ന ഒരു സിനിമയാണ് ദൃശ്യം 2. അപൂർവ്വമായ ഒരു ദൃശ്യാനുഭവം.
ഇവിടെ ജിത്തു ജോസഫ് എന്ന തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത് ഉദ്വേഗജനകമായ ചില മുഹൂർത്തങ്ങളിലേക്കാണ്. ശക്തമായ തിരക്കഥയുടെ പിൻബലവും മികവുറ്റ സംവിധാനവും അഭിനേതാക്കളുടെ അഭിനയമികവും തന്നെയാണ് ഈ സിനിമയെ മികച്ചതാക്കുന്നത്. ഒരു രണ്ടാം ഭാഗം എന്ന് തോന്നിപ്പിക്കാത്ത വിധമുള്ള കഥയുടെ ഒഴുക്ക് ആദ്യ പകുതിയിൽ അല്പം പതുക്കെയാണെങ്കിലും രണ്ടാം പകുതിയിൽ അനായാസമാണ്.
സ്വന്തം കുടുംബത്തിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കാൻ ശ്രമിക്കുന്ന ജോർജ്ജുകുട്ടി ഒരിക്കൽ കൂടി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. “എന്റെ മനസ്സിന് ശരി എന്ന് തോന്നുന്നതേ ഞാൻ ഇതുവരെ ചെയ്തിട്ടുള്ളൂ ” എന്ന് ജോർജ്ജുകുട്ടി റാണിയോട് പറയുന്ന ഒരു രംഗം സിനിമയിലുണ്ട്. ജോർജ്ജുകുട്ടിയുടെ ശരികൾ എത്ര വലിയ ശരികളായിരുന്നു എന്ന് സിനിമയുടെ ക്ലൈമാക്സിലേക്ക് നയിക്കുന്ന ഓരോ രംഗവും കാണിച്ചുതരുന്നു.
കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന അഭിനേതാക്കൾ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്. തോമസ് ബാസ്റ്റിൻ എന്ന പോലീസ് വേഷത്തിലെത്തുന്ന മുരളി ഗോപി അഭിനയ തികവ് കൊണ്ട് പ്രേക്ഷകമനസ്സുകളിൽ ഇടം പിടിക്കുന്നു. നിസ്സഹായനായ അച്ഛന്റെ വേഷത്തിൽ സിദ്ധിക്കും പ്രതികാരദാഹിയായ അമ്മയുടെ വേഷത്തിൽ ആശാ ശരത്തും വീണ്ടും കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലർത്തിയിരിക്കുന്നു. മീനയും അൻസിബയും എസ്തറും സായ്കുമാറും മോശമല്ലാത്ത പ്രകടനത്തിലൂടെ ശ്രദ്ധ നേടുന്നു.
ഉദ്വേഗഭരിതമായ ഒരു കുറ്റാന്വേഷണ സിനിമ എന്നതിന് അപ്പുറത്തേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകാൻ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. വികാരനിർഭരമായ പല രംഗങ്ങളും സിനിമയിലുണ്ട്. അറിയാതെ ചെയ്തുപോയ തെറ്റിൽ ഉരുകിയുരുകി ജീവിക്കേണ്ടി വരുന്ന ഒരു കുടുംബം ഒരു വശത്ത്. മറുവശത്ത് ഏക മകന്റെ വിയോഗത്തിലും നിസ്സഹായതയിലും ഉരുകിത്തീരുന്ന രണ്ട് ജീവിതങ്ങൾ. ഇവിടെ രണ്ട് വിഭാഗത്തിനും അർഹിക്കുന്ന നീതി നടപ്പിലാക്കാൻ കഴിയാത്ത നീതിന്യായ വ്യവസ്ഥയും. ശരിയും തെറ്റും തികച്ചും ആപേക്ഷികമാണ് എന്ന വലിയൊരു സത്യമാണ് ഈ മൂന്നു വിഭാഗങ്ങളും നമ്മോട് പറയാതെ പറയുന്നത്.
ആത്യന്തികമായി ഈ സിനിമ ശക്തമായ തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും വീണ്ടും മികവ് തെളിയിച്ച ജിത്തു ജോസഫിന്റെയാണെന്ന് പറയേണ്ടി വരും. അസാമാന്യമായ അഭിനയ പാടവത്തിലൂടെ ഒരിക്കൽ കൂടി മലയാളമനസുകളെ കീഴടക്കുന്ന നടന വിസ്മയം മോഹൻലാലിന്റെയാണെന്ന് പറയേണ്ടി വരും. തന്റെ മകളുടെയും കുടുംബത്തിന്റെയും കാവൽക്കാരനായ, പ്രിയപ്പെട്ടവരോടുള്ള കരുതലിന്റെ ആൾരൂപമായ, ജോർജ്ജുകുട്ടി എന്ന സാധാരണക്കാരനെങ്കിലും അസാധാരണനായ ഒരച്ഛന്റെയാണെന്ന് പറയേണ്ടി വരും!
സിനിമ അവസാനിക്കുമ്പോൾ മനസ്സിൽ ഒരു ദുഃഖം മാത്രം ബാക്കിയാവുന്നു. തിയേറ്ററുകളിൽ ആഹ്ലാദാരവങ്ങളോടെ കൊണ്ടാടേണ്ടിയിരുന്ന മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ചൊരു ചലച്ചിത്രം വീടുകളുടെ അകത്തളങ്ങളിൽ മാത്രമായി ഒതുങ്ങുന്ന ദുഃഖം. കാലമിനിയുമുരുളും, വിഷു വരും, വർഷം വരും എന്നല്ലേ കവി വാക്യം. ദൃശ്യവും വരും എന്നുകൂടി ചേർക്കാൻ പ്രേക്ഷകർ ആഗ്രഹിച്ചാൽ തെറ്റ് പറയാനാവില്ല!

നല്ല ആസ്വാദനക്കുറിപ്പ്..ഇഷ്ടം 🌹🌹
വളരെ നന്ദി 🙏🙏സ്നേഹം 🙂
Nallathu
വളരെ നന്ദി 🙏🙏സ്നേഹം 🙂
നല്ല ആസ്വാദനം ദിവ്യ
സിനിമ കാണാനുള്ള പ്രചോദനം നൽകുന്ന കുറിപ്പ്
വളരെ നന്ദി 🙏🙏സ്നേഹം 🙂
വളരെ നന്നായി എഴുതി. എല്ലാ പ്രധാന ഭാഗങ്ങളും ശ്രദ്ധിച്ചു കൊണ്ടുള്ള ആസ്വാദന കുറിപ്പ്. ഇഷ്ടപ്പെട്ടു. നന്ദി, ദിവ്യാ എസ് മേനോൻ 🙏🙏
വളരെ നന്ദി 🙏🙏സ്നേഹം 🙂
ഞാനും ഈ പടം ഇന്നലെ കണ്ടു.ദിവ്യയുടെ സിനിമ റിവ്യൂ ഉഗ്രൻ. സിനിമ കണവർക്കും കാണാത്തവർക്കും പ്രചോതനം നൽകുന്ന ആസ്വാദനം. ദൈവം അനുഗ്രഹിയ്ക്കട്ടെ.
വളരെ നന്ദി 🙏🙏സ്നേഹം 🙂
സിനിമ കണ്ടില്ല ഇതുവരെയും. റിവ്യൂ, കാണുവാൻ പ്രേരിപ്പിക്കുന്നു. കാണാം..!
വളരെ നന്ദി 🙏🙏സ്നേഹം 🙂