കൊല്ലം ജില്ലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) മരിച്ചത്. സംഭവത്തില്‍ പള്ളിക്കാവ് സ്വദേശി പ്രകാശ്, ഇയാളുടെ മകൻ രാജ പാണ്ഡ്യൻ എന്നിവർ പിടിയിലായി.
പള്ളിക്കാവ് സ്വദേശി പ്രകാശാണ് വിഷ്ണുവിനെ കുത്തിയത്. കാവനാട് മാർക്കറ്റിലെ ഇറച്ചി വെട്ടുകാരനാണ് പ്രകാശ്. ഇയാളും കുത്തേറ്റ് മരിച്ച വിഷ്ണുവും തമ്മിൽ രാവിലെ കരിമ്പോലിൽ കുളത്തിന് സമീപം വാക്കു തർക്കവും പിന്നീട് സോഡാക്കുപ്പി കൊണ്ട് അടിപിടിയും നടന്നതായി പറയുന്നു. ഇതിനു ശേഷം പ്രകാശ് വീട്ടിലേക്ക് പോയി. ഉച്ചയോടെ പ്രകാശ് ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയുമായി മകന്‍ രാജപാണ്ഡ്യനൊപ്പം ബൈക്കിലെത്തി ജവാന്‍മുക്കിന് സമീപം നിന്ന വിഷ്ണുവിനെ കുത്തുകയായിരുന്നു. നെഞ്ചത്താണ് കുത്തേറ്റത്.
പ്രതികൾ ആക്രമണത്തിനു ശേഷം ബൈക്ക് ഉപേക്ഷിച്ച് സംഭവവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ചോരവാര്‍ന്ന് റോഡില്‍ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരിച്ചു. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്റെ നിര്‍ദ്ദേശം അനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ബി. വിജയന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികള്‍ അറസ്റ്റിലായി.
പൊലീസ് റോഡുകളിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ കാൽനടയായി അഷ്ടമുടിക്കായലിലെ കടവിലെത്തി അവിടെ നിന്ന് കുരീപ്പുഴയ്ക്ക് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. എന്നാൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇവരുടെ ടവർ ലൊക്കേഷൻ ലഭ്യമാവുകയും തുടർന്ന് കുരീപ്പുഴയിലെത്തി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.