കോവിഡ് ഒരു വശത്ത്, ലോക്ക് ഡൗണ് മറുവശത്ത്, നടുവിൽ മഴയും ചുഴലിക്കാറ്റും! പരിഭ്രമിക്കാൻ ഉള്ള എല്ലാ കാരണങ്ങളും ഇന്ന് കേരളക്കരയിൽ ഉണ്ട്. എന്നിരുന്നാലും, “ഇതും കടന്നു പോകും”, “ഇതിനേയും നാം അതിജീവിക്കും” എന്ന് ചിന്തിക്കാൻ ആണ് മനസ്സാക്ഷി പറയുന്നത്!

ലോകം മുഴുവൻ “പറ്റുകയില്ല” എന്ന് നമ്മൾക്ക് ചുറ്റും അലറി വിളിച്ചു പറയുമ്പോഴും, ഉള്ളിന്റെ ഉള്ളിൽ നിന്നും ഉയർന്നു വരുന്ന ഒരു നേരിയ ശബ്ദം ഉണ്ട്, “ഒരു പക്ഷെ”……
എല്ലാ കാര്യങ്ങളിലും, എല്ലാം തകർന്നു എന്ന് ചിന്തിക്കുന്നതിലും ഭേദമാണ്, പ്രത്യാശയുടെ തിരിനാളത്തിലേക്ക് നാം ഉറ്റ് നോക്കുന്നത്. ഒരു തിരി വെട്ടം ഇരുളിന്റെ മറവിൽ, എന്നേയും കാത്ത്, ഒളിച്ച് ഇരിപ്പുണ്ട്. അത് കണ്ടെത്താൻ എനിക്ക് കഴിയും എന്ന ശുഭാപ്തി ചിന്ത, ഇരുട്ടിനെ തീയിലേക്ക് ഇട്ട്, നമ്മളിൽ, ആത്മവിശ്വാസത്തിന്റെ ജ്വാലകൾ ആളിക്കത്തിക്കുന്നു. ജീവിക്കാൻ ഉള്ള പ്രത്യാശയ്ക്ക് വക നൽകുന്നു!
ഇരുട്ട് നമ്മെ മൂടിയാൽ പോലും, ആ ഇരുട്ടിലും, ആശയുടെ പൊൻതിരിനാളം കത്തിയ്ക്കുന്നത് ഒരുവൻ്റെ ആത്മവിശ്വാസം ആണ്. അവൻ്റെ സമചിത്തത ആണ്. അവൻ്റെ ക്ഷമയുടെ അതിരുകൾക്ക് വീതി കൂട്ടുന്നത് പ്രത്യാശ ഒന്ന് മാത്രം ആണ്. എന്തെന്നാൽ, പേടിയെക്കാൾ എന്തിനെങ്കിലും ശക്തി കൂടുതൽ ഉണ്ടെങ്കിൽ, അത് പ്രത്യാശയ്ക്ക് മാത്രം ആണ്!
എന്നാലോ, പ്രത്യാശയ്ക്ക് ഒരു ചില്ലി കാശിന്റെ ചിലവ് പോലും ഇല്ല!! പ്രത്യാശ സൗജന്യം ആണ്! അന്വേഷിച്ചു നേരം കളയേണ്ട! അത് നിന്നിൽ തന്നെ ഉളവാണ്. ഒന്ന് ഊതി കത്തിക്കുകയേ വേണ്ടൂ!
നിന്റെ ഭാവി മെനഞ്ഞ് എടുക്കേണ്ടത് നിന്റെ മുറിവുകളെ കൊണ്ട് അല്ല, നിന്റെ പ്രത്യാശ കൊണ്ട് ആണ്!
ഈ ലോകത്ത് നമ്മൾ എന്തിനും മുതിരുന്നത്, പ്രത്യാശയ്ക്ക് വകയുള്ളത് കൊണ്ട് മാത്രമാണ്, എന്നാണ് മാർട്ടിൻ ലൂഥർ കിംഗ് പറഞ്ഞത്.
പ്രത്യാശയെന്ന ശക്തിയെ ഒരിക്കലും ചെറുതായി കാണരുത്. അത് ഇരുട്ടിലും മുന്നോട്ട് പോകാൻ ഉള്ള ഇന്ധനമായി മാറി, ഊർജ്ജവും ധൈര്യവും പകർന്നു തരുന്നു. പ്രതിസന്ധികൾ എത്ര തളർത്തിയാലും, ദിശ നഷ്ടപ്പെടാതെ ഉള്ള നിന്റെ പ്രയാണത്തിന് കടിഞ്ഞാൺ ആകുന്നു. പ്രത്യാശയുടെ വഴി തിരഞ്ഞെടുത്താൽ, എന്തും സാധ്യമാണ്!
പ്രത്യാശ എന്നത് സൂര്യനെ പോലെ ആണ്. പ്രത്യാശയുടെ കവാടത്തിലേക്ക് അടുക്കും തോറും, നമ്മൾ പേറുന്ന ആകുലത എന്ന, ഭാണ്ഡത്തിൻ്റെ നിഴലിനെ അത് പിറകിൽ ആക്കുന്നു.
ജീവിതത്തിൽ ഉടനീളം കൂട്ട് പിടിച്ച് കൊണ്ട് പോകാൻ പറ്റിയ ഏക സുഹ്രത്ത് പ്രത്യാശ മാത്രമാണ്!
ആയതിനാൽ,
പ്രത്യാശ കൂടെയുള്ള കാലമത്രയും, മുന്നോട്ടുള്ള എന്റെ ദിവസങ്ങൾ
മെച്ചപ്പെട്ടതായിരിക്കും എന്ന ആത്മവിശ്വാസം നിന്നിൽ വളരട്ടെ!
നിന്റെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയിൽ നിന്ന് പോലും, നിനക്ക് വിടുതൽ ഉണ്ടാകും എന്ന പ്രത്യാശ നിങ്ങളെ നയിക്കട്ടെ!
ഇന്ന് നീ നിൽക്കുന്ന ഏത് അവസ്ഥയും, നാളെ നീ എത്തിച്ചേരേണ്ട പാതയിൽ നിന്നേ എത്തിച്ചേർക്കാൻ പ്രാപ്തി ഉള്ളതാണ്, എന്ന പ്രത്യാശ നീ ഒരിക്കലും കൈവെടിയാതിരിക്കട്ടെ!
കഠിനമായ വെല്ലുവിളികളെക്കാൾ ഉയർന്നതാണ്; നിന്നിലെ പ്രത്യാശയുടെ തിരകൾ, എന്ന തിരിച്ചറിവ് നിന്നെ നയിക്കട്ടെ!
അത്ഭുതങ്ങൾക്ക് എന്നും, എവിടെയും, എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നുള്ളത് കൊണ്ട്, പ്രത്യാശയിൽ നിറഞ്ഞ് നിൽക്കുന്ന വിശ്വാസത്തെ മുറുകെ പിടിയ്ക്കാൻ നീ ഒരിക്കലും മറക്കാതിരിക്കട്ടെ!
ഒരിക്കലും പ്രത്യാശ കൈവെടിയരുത്! ഏത് അവസ്ഥയിലും നിന്റെ പ്രത്യാശ നിനക്ക് കൈത്താങ്ങ് ആയിരിക്കട്ടെ!
എല്ലാ രാത്രിയ്ക്കും ഒരു പകലുണ്ട്!! ഇല്ലേ?
സ്നേഹപൂർവ്വം
-ദേവു-S
