17.1 C
New York
Wednesday, September 22, 2021
Home US News തുറ മാറി വന്ന കൊച്ചുമുതലാളി (ചെറുകഥ )

തുറ മാറി വന്ന കൊച്ചുമുതലാളി (ചെറുകഥ )

✍ജെ. ജെ. അടൂർ, കാൽഗറി

ഇത് ഒരു ചെറിയ തുറയുടെ കഥയാണ്. അന്തരിച്ച തകഴി ശിവശങ്കര പിള്ള എഴുതി, രാമു കാര്യാട്ട് അഭ്രപാളികളിലാക്കിയ ചെമ്മീനിലെ പരീക്കുട്ടി മാതിരി അതേ തുറയിൽ വളർന്നു വന്ന കൊച്ചുമുതലാളിയുടെ കഥയല്ല. മറിച്ച്, മറ്റൊരു തുറയിൽ നിന്ന് ഈ ചെറിയ തുറയിലേക്ക് ചേക്കേറിയ കൊച്ചുമുതലാളിയുടെ കഥയാണ്. (ജനിച്ചു വളർന്ന തുറയിൽ ചില അല്ലറ ചില്ലറ തരികിട പരിപാടികളുമായി നടന്ന മുതലാളിയെ ആ തുറക്കാൻ ഓടിച്ചു വിട്ടപ്പോൾ, ചേക്കേറാൻ ഒരു ചില്ല എന്ന കണക്കേ പുതിയ തുറയിൽ വന്നതാണ്) പുതിയ തുറയിലേക്കു വന്നപ്പോൾ തുറയിലച്ചനും, പ്രഖ്യാപിത മൂപ്പന്മാരോടും തുറയുടെ മുഖച്ഛായ തന്നെ മാറ്റുന്ന വികസന പരിപാടികൾ ഉൾപ്പടെ വളരെ അധികം വാഗ്‌ദാനം നൽകിയിട്ടുണ്ടെന്നാണ് കര സംസാരം.

കൊച്ചു മുതലാളിയുടെ വാഗ്ദാനങ്ങളിൽ , ചെറിയ തുറയിൽ പുതിയ ബോട്ടിറക്കാം, പുതിയ വ്യവസായം ആരംഭിക്കാം, തുറക്കാർക്ക് ലക്ഷം വീട് പദ്ധതി ആരംഭിക്കാം, തുറക്കാർക്ക് വേണ്ടി അന്നദാനം നടത്താം, കടൽക്കരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കാം, തുറയിലെ വെള്ളത്തിന്റെ പൈപ്പിലൂടെ അപ്പോൾ കറന്ന പശുവിന്റെ പാൽ വിതരണം ചെയ്യാം എന്നതൊക്കെ ചിലതു മാത്രമാണ് . ഇതൊക്കെ കേട്ടപ്പോൾ തന്നെ തുറയിലച്ചനും കൂട്ടരും ഈ കൊച്ചുമുതലാളിയെ ചുവന്ന പരവതാനി വിരിച്ച്, ആലവട്ടവും വെഞ്ചാമരവുമായ് തുറയിലേക്കു സ്വീകരിച്ചു. *ഇടവപ്പാതി മഴയ്ക്ക് ഊത്ത ഇളകി വരുന്നതു മാതിരി കൊച്ചു മുതലാളിയുടെ കൂടെ കുറെ ആൾക്കാരും കൂടെ പോരുമെന്നുള്ള ഒരു താൽപ്പര്യവും, തുറയിലെ സ്വയം പ്രഖ്യാപിത കൊച്ചുമൂപ്പന്മാർക്കുണ്ടായിരുന്നു. *

എന്തായാലും തുറയിലച്ചന്റേയും കൊച്ചു മൂപ്പന്മാരുടെയും പൂർണ്ണമായ പിന്തുണയോട് കൂടി, കൊച്ചു മുതലാളി തുറയിൽ സ്വര്യ വിഹാരം ആരംഭിച്ചു. പിന്നെ കൂടെക്കൂടെ കൊച്ചുമുതലാളി തുറയിലച്ചനും കൂട്ടർക്കും അത്താഴ സദ്യകളൊരുക്കി. തുറയിലെ കൊച്ചു മൂപ്പന്മാരെയും, സ്വയം പ്രഘ്യപിത മൂപ്പന്മാരെയും സന്തോഷിപ്പിക്കാൻ വേണ്ടി വെള്ളി ചഷകളിൽ സോമരസം പകർന്നു കൊടുത്തു. സോമരസവും കുടിച്ച് ഡക്കും, പുട്ടും കഴിച്ചവരെല്ലാം മുതലാളിക്കു പ്രിയപ്പെട്ടവരായി.

തുറേലചഛൻ മുതലാളിയെ വാഴ്ത്തിപ്പാടി. തുറയിലെ ചെറുപ്പക്കാരോട് മുതലാളിയെ മാതൃകയാക്കാൻ ഉപദേശിച്ചു. മുതലാളിയുടെ വ്യവസായ സംരംഭങ്ങളുടെ വളർച്ചയെ പറ്റി പ്രകിർത്തിച്ചുകൊണ്ടേയിരുന്നു.

പണ്ടൊക്കെ തുറക്കാരെല്ലാം ഒന്നിച്ചു കൂടി വിശേഷ ദിവസങ്ങളിൽ സ്വയം പാചകം ഉണ്ടാക്കിക്കൊണ്ടിരുന്നു സ്നേഹ ഭക്ഷണം നിർത്തി. മുതലാളിയുടെ വരവിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും മുതലാളി വരുത്തിച്ചു കൊടുത്ത ഏഴു കോഴ്‌സുള്ള അത്താഴ ഭക്ഷണം തുറക്കാർ വളരെ രുചിയോടും, ആർത്തിയോടും ഭക്ഷിച്ചു. മുതലാളി തുറയിൽ വന്ന സമയത്ത്, കായിക മത്സര സമയത്ത് മുതലാളി നിയന്ത്രണം എറ്റെടുത്തു വിസിലടിച്ചത് ഇഷ്ട്ടപ്പെടാതെ മുതലിയുടെ കയ്യിൽ നിന്നും വിസിൽ പിടിച്ചു വാങ്ങിയ യുവതുർക്കികൾ, മുതലാളിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള മുതലാളിയുടെ പ്രിയ ആജ്ഞാനു വർത്തികളായ് പരിണമിച്ചു. അങ്ങനെ വലിയ മാറ്റങ്ങൾ മുതലാളി തുറയിൽ കൊണ്ട് വന്നപ്പോഴും തുറയിലെ പഴയ തലമുറ, തുറയിലച്ചൻ നിഷ്പമായ തീരുമാനംഎടുത്തു് ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്തുമെന്ന് വെറുതെ ആഗ്രഹിച്ചു കൊണ്ടേയിരുന്നു.

തുറയിലെ മാത്രം പ്രത്യേക വാർത്തകൾ തുറക്കാരെ അറിയിക്കുവാനുള്ള വാർത്താ മാധ്യമത്തിൽ, കൊച്ചു മുതലാളിയുടെ വ്യവസായ സംരംഭത്തിന്റെ പുതിയ വാർത്തകൾ ഇട്ടു തുടങ്ങിയപ്പോൾ തുറക്കാരിൽ ചിലർ തുറേലചഛനോട് പരാതി പറഞ്ഞിരുന്നു. അപ്പോൾ ” അതിനെന്താ തുറക്കു കൂടി ഗുണം വരുന്ന കാര്യമല്ലിയോ..? അതുകൊണ്ട് സാരമില്ല ” എന്ന് പറഞ്ഞു തുറയിലച്ചൻ അതിനെ പ്രോത്സാഹിപ്പിച്ചു. എന്നാൽ മറ്റൊരു അവസരത്തിൽ ഒരു തുറക്കാരൻ തുറയെ മാത്രം സംബന്ധിക്കുന്ന ഒരു വാർത്ത നൽകിയപ്പോൾ ഉടനേതന്നെ തുറയുടെ വാർത്താ മാധ്യമത്തിൽ മാറ്റം വരുത്തുകയും ഇടയ്ക്ക് തുറയിൽ വന്നു പോകാറുള്ള ലാസർച്ചായന്റെ പേര് പറഞ്ഞ് തുറയിലച്ചൻ കള്ള സാക്ഷി പറയുകയും ചെയ്തത് മുതലാളിയെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.

ഈ ചെറിയ തുറയ്ക്കടുത്തുള്ള വലിയതുറയിൽ നിന്നും ചെറിയ തുറയിലെ ചെറുപൂരത്തിനു ഒരു നൃത്ത സംഘത്തെ ക്ഷണിച്ച സംഘാടകനെ അങ്ങേയറ്റം വിമർശിക്കുകയും , വന്ന നൃത്ത സംഘത്തോട് അനിഷ്ടം കാണിക്കുകയും ചെയ്ത തുറയിലെ മൂപ്പന്മാർക്കും അവരുടെ മൂപ്പത്തിമാർക്കും,തുറയിലച്ചനോട് ചേർന്ന് വലിയ തുറയിലെ വലിയപൂരത്തിനു ഇലഞ്ഞിത്തറ മേളം കൊട്ടാൻ പോകുന്നതിന് ഒരു വിഷമവുമില്ലായിരുന്നു , മാത്രമല്ല വലിയതുറക്കാർ സന്തോഷത്തോടെ അവരെ സ്വീകരിക്കുകയും ചെയ്തു .

തുറക്കാരുടെ ഏറ്റവും വലിയ ഒരു ആഘോഷത്തെ പറ്റി തീരുമാനമെടുക്കാൻ തുറക്കാരും, തുറയിൽ നിന്ന് മറ്റു ദൂരപ്രദേശങ്ങളിൽ പോയിട്ടുള്ളവരും ചേർന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊതുയോഗം കൂടുമ്പോൾ, കൊച്ചു മുതലാളിയും സംഘവും പൊതുയോഗത്തിൽ നിന്നും ഇറങ്ങിപ്പോയ് ശബ്ദകോലാഹലം ഉണ്ടാക്കിയപ്പോൾ തുറയിലച്ചനു നാവിൽ ആണിരോഗമായിരുന്നതുകൊണ്ട് ഒന്നും സംസാരിക്കാൻ സാധിച്ചില്ല.

മറ്റൊരവസരത്തിൽ കാളയെ ചാരി പോത്തിനെ അടിക്കുന്ന മാതിരി ”അടുത്ത അഞ്ചു വർഷത്തേക്ക് ഈ തുറയിൽ അന്നദാനം നടത്തില്ല” എന്ന് കൊച്ചു മുതലാളി പ്രഖ്യാപിച്ചപ്പോൾ (മുതലാളിയും ശിങ്കിടികളും ധരിച്ചു വച്ചിരിക്കുന്നത് മുതലാളി അന്നദാനം നടത്തിയില്ലെങ്കിൽ തുറക്കാരെല്ലാം പട്ടിണിയാകുമെന്നാണ്) അപ്പോഴും തുറയിലച്ചനു നാവിൽ ആണിരോഗമായിരുന്നത് കൊണ്ട് ഒന്നും സംസാരിച്ചില്ല.

അങ്ങനെ കൊച്ചു മുതലാളി എന്ത് ചെയ്താലും തുറയിലച്ചൻ പ്രതികൂലമായി സംസാരിക്കാത്തതിന് കാരണം അന്വേഷിച്ചു ചെന്നപ്പോഴാണ്, കൊച്ചു മുതലാളിയും തുറയിലച്ചനും ഒരേ ഗോത്രക്കാരാണെന്നുള്ള വസ്തുത മനസിലാക്കുന്നത്.

അങ്ങനെ തുറയിലച്ചന്റെ ഏകപക്ഷീയമായ , നീതിപൂർവ്വമല്ലാത്ത പല നിലപാടുകളും കാരണം തുറയിൽ നിന്ന് ഓരോരുത്തരായി മറ്റു തുറകളിലേക്ക് പോകാൻ തുടങ്ങി.

അപ്പോൾ തുറയിലച്ചൻ പുതിയ ഭീഷണിയുമായി തുറയിലച്ചന്റെ വിശ്വസ്തരെ പറഞ്ഞുവിട്ടു പറയിപ്പിച്ചു ‘തുറയിലച്ചന് ഈ രാജ്യത്തിന്റെ പ്രസിഡിന്റിനെയും, പ്രധാനമന്ത്രിയെയും വരെ പേടിയില്ലാത്ത ആളാണ്. അതുകൊണ്ട് മര്യാദയ്ക്ക് തുറയിൽ വന്നു താമസിച്ചോളാൻ. ‘

അങ്ങനെ കാലം കടന്നുപോയി തുറയിൽ നിന്ന് താഴ്വേരുള്ളവർ പൊഴിഞ്ഞു പോയ്ക്കൊണ്ടേയിരുന്നു. ഒരു സുഭ്രപാതത്തിൽ കൊച്ചു മുതലാളിയും കൂട്ടരും തുറവിട്ട്, വ്യവസായത്തിന് നല്ല സാധ്യതയുള്ള മറ്റൊരു സ്ഥലത്തേക്ക് ചേക്കേറി.(കിറ്റക്സ് തെലുങ്കാനയിൽ ചേക്കേറിയ മാതിരി)

അപ്പോഴാണ് തുറയിലച്ചൻ തലയ്ക്ക് കൈകൊടുത്തിരുന്ന് കൊണ്ട് പറഞ്ഞത് ”ഈശ്വരാ ഒറ്റാലിൽ കിടന്നതും പോയി കിഴക്കൂന്ന് വന്നതും പോയല്ലോ ” എന്ന്…!!

✍ജെ. ജെ. അടൂർ, കാൽഗറി

COMMENTS

1 COMMENT

  1. കഥയിൽ രാഷ്ട്രീയമാണോ , ഇന്നത്തെ ദുരവസ്ഥയാണോ അതോ പാവം മലയാളിയുടെ വനരോദനമാണോ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്നു വായനക്കാരനെ കണ്ഫ്യൂസ് ചെയ്യിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചുവെന്ന് പടയസ്ഥിരിക്കാൻ വയ്യ ✍

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: