17.1 C
New York
Thursday, December 2, 2021
Home Cinema തിരിഞ്ഞു നോക്കുമ്പോൾ - സുകുമാരി

തിരിഞ്ഞു നോക്കുമ്പോൾ – സുകുമാരി

✍ദിവ്യ എസ് മേനോൻ

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് സുകുമാരിയമ്മ. അനായാസമായ അഭിനയശൈലിയാലും വൈവിദ്ധ്യമാർന്ന വേഷങ്ങളാലും മലയാളസിനിമയിൽ തന്റെതായ ഒരിടം നേടിയെടുത്തൊരു നടിയാണ് അവർ.

1940 ഒക്ടോബർ 6 നു മാധവൻ നായരുടേയും സത്യഭാമ അമ്മയുടെയും മകളായി നാഗർകോവിലിലായിരുന്നു സുകുമാരിയുടെ ജനനം. ഒരു കലാകുടുംബത്തിൽ ജനിച്ച അവർ ചെറുപ്പത്തിലേ തന്നെ ഭരതനാട്യവും കഥകളിയും പോലുള്ള കലാരൂപങ്ങൾ അഭ്യസിച്ചിരുന്നു. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത, പദ്മിനി, രാഗിണി എന്നിവരുടെ അടുത്ത ബന്ധു കൂടിയായിരുന്നു സുകുമാരി. നൃത്തവേദികളിലെ പ്രകടനമാണ് സുകുമാരിയ്ക്ക് അഭിനയത്തിലേക്കുള്ള വഴി തുറന്നു കൊടുത്തത്. തന്റെ പത്താമത്തെ വയസ്സിലാണ് അവർ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പി നീലകണ്ഠൻ സംവിധാനം ചെയ്ത ‘ഒരു ഇരവ് ‘ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു സുകുമാരിയമ്മ സിനിമയിലേക്ക് കടന്നുവരുന്നത്.

നാടകരംഗത്തും സുകുമാരി സജീവമായിരുന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവരെ തേടിയെത്തി. ചോ രാമസ്വാമിയുടെ നാടകങ്ങളിലൂടെയാണ് സുകുമാരി എന്ന അഭിനേത്രി ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സിനിമയിൽ നന്നേ ചെറുപ്പത്തിൽ തന്നെ തമിഴിൽ എം ജി ആറിനൊപ്പവും തെലുങ്കിൽ എൻ ടി ആറിനൊപ്പവും അവർ അഭിനയിച്ചു.
1956 ൽ പുറത്തിറങ്ങിയ ‘കൂടപ്പിറപ്പ്’ ആണ് സുകുമാരിയമ്മയുടെ ആദ്യ മലയാള ചിത്രം. 1957 ൽ പുറത്തിറങ്ങിയ തസ്കരവീരനിലെ വേഷമാണ് സുകുമാരിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായത്. പിന്നീട് മലയാളത്തിൽ ഒട്ടേറെ മികച്ച വേഷങ്ങൾ അവരെത്തേടിയെത്തി.

യക്ഷി, ഒതേനൻ, കരിനിഴൽ, ചേട്ടത്തി, കുഞ്ഞാലി മരയ്ക്കാർ എന്നീ ചിത്രങ്ങളിലെല്ലാം സുകുമാരി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചെറുപ്പത്തിൽത്തന്നെ കൂടുതലും അമ്മ വേഷങ്ങളാണ് അവരെത്തേടിയെത്തിയത്. പല നടന്മാർക്കുമൊപ്പം വ്യത്യസ്ത സിനിമകളിൽ നായികയായും അമ്മയായും അവർ അഭിനയിച്ചിട്ടുണ്ട്. സുകുമാരിയുടെ അനായാസമായ അഭിനയശൈലി അവർക്ക് ഹാസ്യവേഷങ്ങളും നേടിക്കൊടുത്തു. അടൂർ ഭാസി, എസ് പി പിള്ള, ശങ്കരാടി, തിക്കുറിശ്ശി, നെടുമുടി വേണു, ഭരത് ഗോപി, തിലകൻ എന്നിവരുടെയെല്ലാം ജോഡിയായി അവർ വേഷമിട്ടു. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്ന നടിയായിരുന്നു സുകുമാരി. പൂച്ചക്കൊരു മൂക്കുത്തി, ബോയിങ് ബോയിങ്, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, സസ്നേഹം, ചട്ടക്കാരി,ഓടരുതമ്മാവാ ആളറിയാം, വന്ദനം എന്നീ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം അവർ അനശ്വരമാക്കി. ബാലചന്ദ്രമേനോന്റെ കാര്യം നിസ്സാരത്തിലും അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്തിലും സുകുമാരി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

2010 ൽ ‘നമ്മ ഗ്രാമം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് സുകുമാരി കരസ്ഥമാക്കി. 1974,79,83,85 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡും അവർക്ക് ലഭിച്ചിരുന്നു. 2003 ൽ രാജ്യം അവരെ പത്മശ്രീ നൽകി ആദരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങളിൽ സുകുമാരി അഭിനയിച്ചു. 2012 ൽ അഭിനയിച്ച ‘ത്രീ ജി’ യാണ് സുകുമാരിയമ്മയുടെ അവസാന ചിത്രം. 2013 മാർച്ച്‌ 26 ന് അപ്രതീക്ഷിതവും അത്യന്തം ദുഃഖകരവുമായ സംഭവവികാസങ്ങളിലൂടെ സുകുമാരിയമ്മ ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ പലർക്കുമത് ഒരമ്മയെ നഷ്ടപ്പെട്ട വേദനയായിരുന്നു. അവർ അഭിനയിച്ചു പ്രതിഫലിപ്പിച്ച പല അമ്മ വേഷങ്ങളും പ്രേക്ഷകരെ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്നതിന് തെളിവായിരുന്നു അത്.

അമ്മയായും അമ്മായിയമ്മയായും കൊച്ചമ്മയായും വേലക്കാരിയായും മുത്തശ്ശിയായുമൊക്കെ തിരശ്ശീലയ്ക്ക് മുന്നിൽ തിളങ്ങിയ അഭിനയ സൗകുമാര്യത്തിന് സ്നേഹപ്രണാമം 🙏🏻

✍ദിവ്യ എസ് മേനോൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: