17.1 C
New York
Saturday, June 25, 2022
Home Special തിരിഞ്ഞു നോക്കുമ്പോൾ - സത്യൻ

തിരിഞ്ഞു നോക്കുമ്പോൾ – സത്യൻ

ദിവ്യ എസ് മേനോൻ✍

തനതായ അഭിനയ ശൈലി കൊണ്ടും സ്വാഭാവികമായ ഭാവാഭിനയം കൊണ്ടും രണ്ട്‌ ദശാബ്ദക്കാലം മലയാള സിനിമയിൽ നിറഞ്ഞു നിന്ന അനശ്വര നടനാണ് സത്യൻ മാസ്റ്റർ. ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സത്യൻ മാസ്റ്ററുടെ സംഭാവനകൾ മലയാള സിനിമയ്ക്ക് വിലപ്പെട്ടതാണ്, വിസ്മരിക്കാൻ കഴിയാത്തതാണ്.

1912 നവംബർ 9 ന് തെക്കൻ തിരുവിതാംകൂറിലെ തിരുമലയ്ക്ക് അടുത്തുള്ള ഒരു ഗ്രാമത്തിൽ മാനുവലിന്റെയും ലില്ലിയുടെയും മകനായാണ് സത്യനേശൻ എന്ന സത്യന്റെ ജനനം. അക്കാലത്തെ ഉയർന്ന ബിരുദമായ ‘വിദ്വാൻ’ പരീക്ഷ പാസ്സായതിനു ശേഷം അദ്ദേഹം സ്കൂൾ അദ്ധ്യാപകനായും ബ്രിട്ടീഷ് പട്ടാളത്തിലും സേവനം അനുഷ്ഠിച്ചു. അതിന് ശേഷം തിരുവിതാംകൂറിൽ പോലിസ് സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. ആ കാലഘട്ടത്തിലെ മറ്റു പല നടന്മാരെയും പോലെ നാടകത്തിലൂടെ തന്നെ ആയിരുന്നു സത്യന്റെയും സിനിമ പ്രവേശനം.

1951 ൽ ‘ത്യാഗസീമ’ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്. ശ്രീ പ്രേംനസീറും ഇതേ സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പക്ഷെ ഈ സിനിമ റിലീസായില്ല. അതിന് ശേഷം 1952 ൽ പുറത്തിറങ്ങിയ ‘ആത്മസഖി’ എന്ന സിനിമയാണ് സത്യൻ മാസ്റ്ററുടെ റിലീസായ ആദ്യ ചിത്രം. ഈ ചിത്രം വിജയിച്ചുവെങ്കിലും 1954 ൽ പുറത്തിറങ്ങിയ ‘നീലക്കുയിൽ’ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് ആവുന്നത്.

മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു നീലക്കുയിൽ. കേന്ദ്ര സർക്കാരിന്റെ രജതകമലം കരസ്ഥമാക്കുന്ന ആദ്യ മലയാള സിനിമയായിരുന്നു ശ്രീ രാമു കാര്യാട്ട് സംവിധാനം ചെയ്ത നീലക്കുയിൽ. നീലക്കുയിലിലെ ശ്രീധരൻ നായർ എന്ന കഥാപാത്രത്തെ സത്യൻ ആസ്വാദകരുടെ മനസ്സിൽ അനശ്വരമാക്കി. പിന്നീട് മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകൾ എന്നറിയപ്പെടുന്ന പല സിനിമകളിലും സ്വന്തം അഭിനയ മികവ് പ്രകടമാക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. അതുപോലെ തന്നെ പ്രശസ്തരും പ്രഗത്ഭരുമായ പല സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.

സത്യന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ചെമ്മീനിലെ പളനി. ആസ്വാദകരുടെ മനസ്സിൽ ചിര പ്രതിഷ്‌ഠ നേടിയൊരു കഥാപാത്രം. അതുപോലെ അദ്ദേഹം മികച്ച രീതിയിൽ അഭിനയിച്ചു പ്രതിഫലിപ്പിച്ച ഒരു കഥാപാത്രമാണ് തച്ചോളി ഒതേനനിലെ ഒതേനൻ. മറ്റൊരു നടനെയും ഒതേനനായി സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ആ കഥാപാത്രം പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിച്ചു. ഓടയിൽ നിന്ന് എന്ന സിനിമയിലെ പപ്പു, യക്ഷിയിലെ പ്രൊഫസർ ശ്രീനി, മൂലധനത്തിലെ രവി, വാഴ്വേമായത്തിലെ സുധി, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ എന്നീ കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായിരുന്നു.

കടൽപ്പാലം എന്ന സിനിമയിൽ ഇരട്ട വേഷം ചെയ്തും അദ്ദേഹം ശ്രദ്ധേയനായി. ഒരേ സമയം നാരായണ കൈമളായും രഘുവായും അദ്ദേഹം തിരശീലക്ക് മുൻപിൽ മികവുറ്റ അഭിനയം കാഴ്ചവച്ചു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, സ്നേഹസീമ, ഭാര്യ, മുടിയനായ പുത്രൻ, നായര് പിടിച്ച പുലിവാൽ, അടിമകൾ, കരകാണാക്കടൽ എന്നിവയെല്ലാം അദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലൂടെ കൊച്ചുണ്ണിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി.

നൂറ്റിയൻപതിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം രണ്ട്‌ തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1971 ൽ പുറത്തിറങ്ങിയ കരകാണാക്കടൽ ആയിരുന്നു. കരകാണാക്കടലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തെ തേടിയെത്തി. 1969 ൽ കടൽപ്പാലം എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ മികച്ച നടനുള്ള ആദ്യ സംസ്ഥാന അവർഡിന് അർഹനാക്കി.

അസാമാന്യമായ ഭാവപ്രകടനങ്ങൾ കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ ഗാനങ്ങളും നിരവധിയാണ്. “പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ?” എന്ന ഗാനത്തിലെ വേദനയും നിരാശയും നിഴലിക്കുന്ന സത്യന്റെ മുഖം മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. “താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ ” എന്ന പാട്ടിലെ കാമുകനെയും മലയാളിക്ക് മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു, അകലെയകലെ നീലാകാശം, പെരിയാറെ പെരിയാറെ, സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ എന്നിങ്ങനെ എത്രയെത്ര ഗാനങ്ങളെയാണ് സത്യൻ എന്ന മഹാനടന്റെ അഭിനയ മികവിലൂടെ മലയാളി അനുഭവിച്ചറിഞ്ഞത്!

പ്രേംനസീർ, മധു തുടങ്ങി അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പല മുൻനിര നായകർക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതുപോലെ ശാരദ, ഷീല തുടങ്ങിയ മുൻനിര നായികമാരുടെയെല്ലാം നായകസ്ഥാനവും അദ്ദേഹം അലങ്കരിച്ചു. സത്യൻ – ശാരദ താര ജോഡികൾ മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച പ്രണയജോഡികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ചലച്ചിത്ര ആസ്വാദകരുടെ നായക സങ്കൽപ്പങ്ങളിൽ നിന്ന് ഒരുപാട് വേറിട്ടു നിന്ന ഒരു നടനായിരുന്നു സത്യൻ. ഒരു നായകന് വേണമെന്ന് കരുതപ്പെടുന്ന രൂപസൗകുമാര്യമില്ലാതിരുന്നിട്ടും കലർപ്പില്ലാത്ത അഭിനയ ശൈലി കൊണ്ടും അഭിനയ മികവ് കൊണ്ടും ആസ്വാദക മനസ്സുകൾ കീഴടക്കിയ മഹാനടനായിരുന്നു അദ്ദേഹം. മലയാളിയുടെ മനസ്സിൽ എന്നും സത്യന് പകരം വയ്ക്കാൻ ‘സത്യൻ’ മാത്രമേയുണ്ടാകൂ എന്ന് നിസ്സംശയം പറയാം. മലയാള സിനിമയുടെ അഭിനയ ചക്രവർത്തിക്ക് പ്രണാമം!

ദിവ്യ എസ് മേനോൻ

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: