17.1 C
New York
Wednesday, September 22, 2021
Home Cinema തിരിഞ്ഞു നോക്കുമ്പോൾ - ഷീല

തിരിഞ്ഞു നോക്കുമ്പോൾ – ഷീല

ദിവ്യ എസ് മേനോൻ✍

മലയാളിയുടെ നായികാസങ്കൽപ്പങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് ഷീല. തെളിനിലാവ് പോലുള്ള ഷീലയുടെ ചിരിയും അംഗലാവണ്യവും ഒരുകാലത്ത് മലയാള സിനിമയുടെ നിറസൗന്ദര്യമായിരുന്നു. ഇന്നും ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു ഷീലാമ്മ.

തൃശൂർ കണിമംഗലം സ്വദേശി ആന്റണിയുടെയും ഗ്രേസിയുടെയും മകളായി 1946 മാർച്ച്‌ 22 നാണ് ഷീല സെലിൻ എന്ന ഷീലയുടെ ജനനം. നാടകാഭിനയം തന്നെയാണ് ഷീലയ്ക്കും സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തത്. 1962 ൽ എം ജി ആർ നായകനായ ‘പാശം’ എന്ന സിനിമയിലൂടെയായിരുന്നു ഷീലയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് പി ഭാസ്കരൻ ഷീലയെ കാണുന്നതും അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിലേക്ക് നായികയായി ക്ഷണിക്കുന്നതും. അങ്ങനെ 1962 ൽ തന്നെ പുറത്തിറങ്ങിയ ഭാഗ്യജാതകത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള ഷീലയുടെ കാൽവയ്പ്പ്.

പിന്നീടുള്ള രണ്ട്‌ ദശാബ്ദക്കാലം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ട ഷീലയുടെ അഭിനയജീവിതം തിളക്കമാർന്നതായിരുന്നു. മലയാളത്തിൽ പ്രേം നസീർ, സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ഷീലയ്ക്ക് ലഭിച്ചു. പ്രേംനസീർ – ഷീല പ്രണയജോഡികൾ മലയാള സിനിമയുടെ തന്നെ ഭാഗ്യ ജോഡികളായിരുന്നു എന്ന് പറയാം.

ചെമ്മീനിലെ കറുത്തമ്മയായിരിക്കും ഷീലയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. അനശ്വര പ്രണയിനിയായി, മാനസമൈനയായി ഇന്നും കറുത്തമ്മ ആസ്വാദക മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. ‘അശ്വമേധം’, ‘കള്ളിച്ചെല്ലമ്മ’, ‘അടിമകൾ’, ‘ഒരു പെണ്ണിന്റെ കഥ’, ‘അനുഭവങ്ങൾ പാളിച്ചകൾ’ , ‘യക്ഷഗാനം’, ‘ഈറ്റ’, ‘ശരപഞ്ജരം’, ‘അഗ്നിപുത്രി, ‘ഭാര്യമാർ സൂക്ഷിക്കുക, ‘മിണ്ടാപ്പെണ്ണ്, ‘വാഴ്വേമായം, ‘പഞ്ചവൻകാട്’, ‘വെളുത്ത കത്രീന’, ‘ശരശയ്യ’, ‘കുട്ടിക്കുപ്പായം’ തുടങ്ങിയ സിനിമ‌കളിലെല്ലാം ഷീല ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

‘കടത്താനാട്ട് മാക്കം’, ‘കണ്ണപ്പനുണ്ണി’ എന്നിങ്ങനെ ചരിത്ര പശ്ചാത്തലമുള്ള സിനിമകളിലും ഷീല മികവാർന്ന അഭിനയം കാഴ്ച വച്ചു. 1980 ൽ ഇറങ്ങിയ സ്ഫോടനം എന്ന ചിത്രത്തിന് ശേഷം ഷീലയുടെ അഭിനയ ജീവിതത്തിലെ ഇടവേളയായിരുന്നു എന്ന് പറയാം. പിന്നീട് 2003 ൽ സത്യൻ അന്തിക്കാടിന്റെ ചിത്രമായ ‘മനസ്സിനക്കരെ’ യിലൂടെ ഷീല വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യയെ നെഞ്ചേറ്റി പ്രേക്ഷകർ ഷീലയുടെ മടങ്ങിവരവ് ആഘോഷിച്ചു. അതിന് ശേഷം 2004 ൽ പുറത്തിറങ്ങിയ, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ’ യിൽ ഷീലയുടെ പ്രകടനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടാം വരവിൽ ‘തസ്കരവീരൻ’, ‘പൊന്മുടിപ്പുഴയോരത്ത് ‘, ‘സ്നേഹവീട്’, ‘മിസ്റ്റർ മരുമകൻ’ എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഒരു നായകനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച ലോക റെക്കോർഡിന് ഉടമയാണ് ഷീല. പ്രേം നസീറിനോടൊപ്പം ഏകദേശം 130 ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 2005 ൽ അകലെയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്കാരം ഷീലയെ തേടിയെത്തി. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് മൂന്ന് തവണ ഷീലയ്ക്ക് ലഭിച്ചു. 1969 ൽ കള്ളിചെല്ലമ്മയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആദ്യമായി കരസ്ഥമാക്കിയത്. അതിന് ശേഷം 1971 ൽ ഒരു പെണ്ണിന്റെ കഥ, ശരശയ്യ, ഉമ്മാച്ചു എന്നീ സിനിമകളിലെ അഭിനയത്തിനും 1976 ൽ അനുഭവം എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

വയലാർ എഴുതിയ പല അനശ്വര ഗാനരംഗങ്ങൾക്കും ജീവൻ പകരാനുള്ള അപൂർവ്വ സൗഭാഗ്യവും ഷീലയ്ക്ക് ലഭിച്ചു. ഷീലയെ മനസ്സിൽ കണ്ടുകൊണ്ടാണ് അദ്ദേഹം പല ഗാനങ്ങളും എഴുതിയത് എന്ന് വായിച്ചിട്ടുണ്ട്. ‘അനുപമേ അഴകേ ‘, ‘ഹിമവാഹിനി ഹൃദയഹാരിണി’, ‘ഇന്ദുലേഖേ ഇന്ദുലേഖേ ‘, ‘വെള്ളത്താമര മൊട്ടു പോലെ വെണ്ണക്കൽ പ്രതിമ പോലെ ‘, ‘താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ ‘, ‘ അമ്പലപ്പറമ്പിലെ ആരാമത്തിലെ ‘, ‘നടന്നാൽ നീയൊരു സ്വർണ്ണ ഹംസം’ തുടങ്ങി ഒട്ടനവധി വയലാർ ഗാനങ്ങളിൽ ഷീലയല്ലാതെ മറ്റൊരു നായികയെ മലയാളിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല.

ഇന്നും നിറഞ്ഞ ചിരിയോടെ, കാലത്തിന് മങ്ങലേൽപ്പിക്കാൻ കഴിയാത്ത തീക്ഷ്ണ സൗന്ദര്യത്തോടെ ഷീല മലയാളിയുടെ മനസ്സിലും മലയാള സിനിമ വേദികളിലും നിറഞ്ഞു നിൽക്കുന്നു. ഇനിയുമൊരുപിടി നല്ല വേഷങ്ങൾ ചെയ്യാനുള്ള ഭാഗ്യം ഷീലാമ്മയ്ക്കുണ്ടാവുമെന്ന് തന്നെ പ്രത്യാശിക്കുന്നു.

ദിവ്യ എസ് മേനോൻ✍

COMMENTS

2 COMMENTS

  1. നന്നായി. ഈ മേഖലയിൽ ഇനിയും കുറെയുണ്ട്. നന്മകൾ നേരുന്നു 🌹

  2. മലയാളത്തിലെ (മറ്റു ഭാഷകളിലും ഉണ്ടെങ്കിലും, താരതമ്യേന കുറവാണ്) എറ്റവും മികച്ച താര ജോടികളായിരുന്നു പ്രേംനസീറും ഷീലയും. മറ്റു പ്രസിദ്ധ നടൻമാരുടെ കൂടെ നായികയായി അഭിനയിച്ചിട്ടുണ്ട്, എങ്കിലും ഈ ജോഡി എല്ലാവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നു. പിന്നീട് ഇതിനോട് താരതമ്യം ചെയ്യാവുന്ന ഒരു ജോഡി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: