17.1 C
New York
Thursday, December 2, 2021
Home Cinema തിരിഞ്ഞു നോക്കുമ്പോൾ - വേണു നാഗവള്ളി

തിരിഞ്ഞു നോക്കുമ്പോൾ – വേണു നാഗവള്ളി

✍ദിവ്യ എസ് മേനോൻ

മലയാള സിനിമയുടെ നഷ്ടപ്രണയത്തിന്റെ മുഖം ഏതെന്നു ചോദിച്ചാൽ ഒരുത്തരം മാത്രമേയുള്ളൂ. അത് ശ്രീ വേണു നാഗവള്ളിയുടേതാവും. വിരഹവും നഷ്ടപ്രണയവും ഇത്രയും തന്മയത്വത്തോടെ, ആസ്വാദകരുടെ ഹൃദയങ്ങളിൽ പതിയും വിധം അവതരിപ്പിച്ച മറ്റൊരു നടൻ മലയാളസിനിമയിലുണ്ടെന്നു തോന്നുന്നില്ല. നടൻ മാത്രമല്ല, മികച്ചൊരു തിരക്കഥാകൃത്തും സംവിധായകനും കൂടിയായിരുന്ന ശ്രീ വേണു നാഗവള്ളിയുടെ സംഭാവനകൾ മലയാള സിനിമലോകത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല.

1949 ഏപ്രിൽ 16 ന് പ്രശസ്ത നാടകകൃത്തായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് ശ്രീ വേണു നാഗവള്ളിയുടെ ജനനം. തിരുവനന്തപുരം മോഡൽ സ്കൂളിലെയും യൂണിവേഴ്സിറ്റി കോളേജിലെയും വിദ്യാഭ്യാസത്തിനു ശേഷം ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി ജോലി നോക്കുമ്പോഴാണ് അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴിതുറക്കുന്നത്. പക്ഷെ അതൊരു അഭിനേതാവായി ആയിരുന്നില്ല. 1976 ൽ ചോറ്റാനിക്കര അമ്മ എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമപ്രവേശനം. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് 1979 ൽ പുറത്തിറങ്ങിയ, കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലൂടെയായിരുന്നു.

ഉൾക്കടലിലെ ‘രാഹുലൻ’ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. രാഹുലന്റെ വിഷാദഭാവം വേണു നാഗവള്ളി എന്ന നടന്റെ അഭിനയജീവിതത്തിലുടനീളം നിറഞ്ഞു നിന്നിരുന്നു എന്ന് വേണമെങ്കിൽ പറയാം. പിന്നീടങ്ങോട്ട് വിരഹവും വിഷാദവും നിഴലിക്കുന്ന ഒട്ടേറെ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. പക്ഷെ ഓരോ വേഷവും വളരെ റിയലിസ്റ്റികായി തിരശ്ശീലക്ക് മുൻപിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ശാലിനി എന്റെ കൂട്ടുകാരി, ചില്ല് എന്നീ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി, ദേവദാസ്,കൂടിയാട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം മികച്ച വേഷങ്ങൾ ചെയ്തു. യവനികയിൽ അദ്ദേഹം ചെയ്ത വില്ലൻ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ്. കൂടിയാട്ടം എന്ന ചിത്രത്തിലെ കഥാപാത്രവും അദ്ദേഹത്തിന്റെ അഭിനയ മികവ് എടുത്തുകാണിക്കുന്നു. പിൽക്കാലത്ത് മിന്നാരം, ഹരികൃഷ്ണൻസ്, പക്ഷേ, പതാക, സത്യം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം മികച്ച വേഷങ്ങൾ ചെയ്തു. 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവതയാണ് അദ്ദേഹം അഭിനയിച്ച അവസാനത്തെ സിനിമ.

ഒരു നടൻ എന്നതിലുപരി മലയാള സിനിമാലോകം അദ്ദേഹത്തെ സ്മരിക്കുന്നത് ഒരു തിരക്കഥാകൃത്തും സംവിധായകനും എന്ന നിലകളിലാവും. മലയാളചലച്ചിത്ര പ്രേക്ഷകരുടെ മനസ്സുകളിൽ അവിസ്മരണീയമായ സ്ഥാനമുള്ള പല ചിത്രങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നു. 1986 ൽ പുറത്തിറങ്ങിയ സുഖമോ ദേവിയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ. ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയതും അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മകഥയുടെ അംശങ്ങൾ ഉൾക്കൊള്ളുന്ന കഥയാണ് സുഖമോ ദേവി എന്ന് പറയപ്പെടുന്നു.

വേണു നാഗവള്ളിയുടെ തിരക്കഥയിൽ രൂപം കൊണ്ട പല സിനിമകളും തിയേറ്ററുകളിൽ മികച്ച വിജയം നേടിയവയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായ കിലുക്കവും ആ കൂട്ടത്തിൽപ്പെടുന്നു. സർവ്വകലാശാല, അർത്ഥം, ഏയ്‌ ഓട്ടോ, കിഴക്കുണരും പക്ഷി, കളിപ്പാട്ടം, വിഷ്ണു എന്നീ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നവയാണ്. സർവ്വകലാശാല, ഏയ്‌ ഓട്ടോ, കിഴക്കുണരും പക്ഷി, കളിപ്പാട്ടം എന്നീ സിനിമകളെല്ലാം സംവിധാനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. ഇത് കൂടാതെ അയിത്തം, സ്വാഗതം, ലാൽസലാം, ആയിരപ്പറ, അഗ്നിദേവൻ, രക്തസാക്ഷികൾ സിന്ദാബാദ്‌ എന്നീ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ സംവിധാന മികവ് തെളിയിച്ച ചിത്രങ്ങളാണ്.

മോഹൻലാൽ എന്ന നടന് പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്ത പല കഥാപാത്രങ്ങളുടെയും സ്രഷ്ടാവ് ശ്രീ വേണു നാഗവള്ളിയായിരുന്നുവെന്ന് നിസ്സംശയം പറയാൻ കഴിയും. 2009 ൽ പുറത്തിറങ്ങിയ ‘ഭാര്യ സ്വന്തം സുഹൃത്ത്‌’ എന്ന ചിത്രമാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർവ്വഹിച്ച അവസാന ചിത്രം.

മലയാളി ഇന്നും നെഞ്ചേറ്റുന്ന ഒരുപിടി അനശ്വര ഗാനങ്ങളുടെ മുഖമാവാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരുപക്ഷെ വേണു നാഗവള്ളി എന്ന നടനെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ അഭിനയമോ, സംവിധാനമോ, എഴുത്തോ അല്ല, അദ്ദേഹത്തിലൂടെ ജീവൻ വച്ച ഒരുപിടി സുന്ദരഗാനങ്ങളാണ് എന്ന് തോന്നിപ്പോകാറുണ്ട്. ശരദിന്ദു മലർദീപ നാളം നീട്ടുമ്പോൾ, അനുരാഗിണിക്ക് വേണ്ടി മാത്രം കരൾ പൂത്തുലയുമ്പോൾ, ഒരുവട്ടം കൂടി ഓർമ്മകൾ ഓടിയെത്തുമ്പോൾ, പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീഴുമ്പോൾ, നഷ്ടവസന്തത്തിൽ തപ്തനിശ്വാസങ്ങളുയരുമ്പോൾ, കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടിയെ തേടി സ്വപ്നഭൂമിയിലെത്തുമ്പോൾ, ഹിമശൈലസൈകതഭൂമിയിൽ നിന്നെന്ന പോലെ പ്രണയത്തിൻ പ്രവാഹം മനസ്സ് കുളിർപ്പിക്കുമ്പോൾ ‘വേണു നാഗവള്ളി’ എന്ന നടനെയല്ലാതെ മലയാളി മറ്റാരെയോർക്കാനാണ്?!

✍ദിവ്യ എസ് മേനോൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: