മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ നിറഞ്ഞു നിൽക്കുന്നുണ്ട്.
1937 നവംബർ 2 ന് തിരുവനന്തപുരത്തെ ചിറയിൻകീഴിലാണ് ശ്രീ ഗോപിയുടെ ജനനം. തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അദ്ദേഹത്തിന് പഠിച്ചിറങ്ങിയ ഉടനെ തന്നെ കേരള ഇലക്ട്രിസിറ്റി ബോർഡിൽ ലോവർ ഡിവിഷൻ ക്ലാർക്ക് ആയി ജോലി ലഭിച്ചു. നാടകാഭിനയം തന്നെയാണ് അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തത്. ശ്രീ അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് 1972 ൽ ‘സ്വയംവരം’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിന് ശേഷം 1977 ൽ പുറത്തിറങ്ങിയ ‘കൊടിയേറ്റം’ എന്ന അടൂരിന്റെ തന്നെ ചിത്രത്തിൽ അദ്ദേഹം നായകവേഷം ചെയ്തു. പിന്നീടുള്ളത് മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി ഗോപി ഭരത് ഗോപിയായി മാറുകയായിരുന്നു.
മലയാളസിനിമയുടെ സ്ഥിരം ശൈലികളിൽ നിന്ന് മാറി സഞ്ചരിച്ച വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ ശ്രീ ഗോപി തിരശ്ശീലക്ക് മുന്നിൽ നിറഞ്ഞു നിന്നു. ഓർമ്മയ്ക്കായ്, യവനിക, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ‘തമ്പി’ ലെ വില്ലൻ വേഷവും ഗോപി അവിസ്മരണീയമാക്കി. രേവതിയ്ക്കൊരു പാവക്കുട്ടി, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്നീ ചിത്രങ്ങളിലെ അച്ഛൻ വേഷങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. പാളങ്ങൾ എന്ന ചിത്രത്തിലെ വില്ലൻ സ്വഭാവം കലർന്ന വേഷവും അദ്ദേഹം അനശ്വരമാക്കി.
1986 ൽ പക്ഷാഘാതം അദ്ദേഹത്തിന്റെ തിളക്കമാർന്ന അഭിനയജീവിതത്തിൽ വില്ലനായെത്തി. അതിന് ശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന അദ്ദേഹം ‘പാഥേയം’ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവന്നു. 2008 ൽ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ചില മികച്ച ചിത്രങ്ങളിലൂടെ സംവിധാനരംഗത്തും അദ്ദേഹം മികവ് തെളിയിച്ചു. ഞാറ്റടി, ഉത്സവപ്പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം നിർവഹിച്ചവയാണ്. യമനം വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ്. ‘അഭിനയം അനുഭവം’, ‘നാടകനിയോഗം’ എന്നീ പ്രസിദ്ധങ്ങളായ രണ്ട് പുസ്തകങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്.
1977 ൽ കൊടിയേറ്റത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. വ്യത്യസ്ത ചിത്രങ്ങളിലെ അഭിനയ മികവിന് 1977ലും, 82 ലും, 83 ലും 85 ലും മികച്ച നടനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. 1985 ൽ ടോക്യോവിൽ വച്ചു നടന്ന ഏഷ്യ – പസഫിക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സ്പെഷ്യൽ ജൂറി അവാർഡും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ തിളക്കത്തിന്റെ മാറ്റു കൂട്ടുന്നു.1991 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.
മണ്മറഞ്ഞു പോയെങ്കിലും മലയാളിയുടെ മനസ്സിൽ മായാതിന്നും നിറഞ്ഞുനിൽക്കുന്നുണ്ട് വി. ഗോപിനാഥൻ നായർ എന്ന ഭരത് ഗോപി. മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയ്ക്ക് പ്രണാമം 🙏
ദിവ്യ എസ് മേനോൻ✍