***ജയൻ***
സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് മലയാളസിനിമ രംഗത്തും പ്രേക്ഷക മനസ്സുകളിലും പകരം വയ്ക്കാനില്ലാത്തൊരു സ്ഥാനം നേടിയെടുത്ത നടനാണ് ശ്രീ ജയൻ. മലയാളസിനിമ പ്രേക്ഷകരുടെ നായക സങ്കൽപ്പങ്ങൾക്ക് പുതിയ മുഖം നൽകിയ അനശ്വര നടൻ. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ എറ്റവും ദുഃഖകരമായ ഒരു ഏടാണ് അദ്ദേഹത്തിന്റെ അന്ത്യം. ഇന്നും ആസ്വാദകരുടെ മനസ്സിലെ തീരാ നോവാണ് ജയൻ എന്ന അതുല്യ പ്രതിഭ.
1939 ജൂലൈ 25 ന് മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായാണ് കൃഷ്ണൻ നായർ എന്ന ജയന്റെ ജനനം. പത്താം ക്ലാസ്സ് വിദ്യാഭ്യാസത്തിനു ശേഷം നേവിയിൽ ജോലി ലഭിച്ച അദ്ദേഹം ഏകദേശം പതിനാറു വർഷക്കാലം നേവിയിൽ ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചു. അഭിനയത്തോട് അടങ്ങാത്ത ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം ജോലിയിലിരിക്കുമ്പോഴും നാടകങ്ങളിൽ അഭിനയിച്ചു പോന്നു. നേവിയിലെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു കൊച്ചിയിൽ സ്വന്തമായി ബിസിനസ് തുടങ്ങിയ ശേഷമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം പച്ച പിടിക്കുന്നത്.
തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം ആദ്യമായി അഭിനയിച്ചത് 1972 ൽ പുറത്തിറങ്ങിയ ‘പോസ്റ്റുമാനെ കാണ്മാനില്ല’ എന്ന ചിത്രത്തിലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന ആദ്യ ചിത്രം 1974 ൽ പുറത്തിറങ്ങിയ ‘ശാപമോക്ഷം’ എന്ന സിനിമയാണ്. ഈ സിനിമയിലൂടെയാണ് അദ്ദേഹം ‘ജയൻ’ എന്ന പേര് സ്വീകരിക്കുന്നത്. ഈ സിനിമ തന്നെയാണ് പലപ്പോഴും അദ്ദേഹത്തിന്റെ ആദ്യ ചിത്രമായി അറിയപ്പെടുന്നതും.
1976 ൽ പുറത്തിറങ്ങിയ ‘പഞ്ചമി’ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് അദ്ദേഹത്തെ മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ അഭിനയ മികവും ആകാര സൗഷ്ടവവും ആ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം 1978 ൽ പുറത്തിറങ്ങിയ ‘തച്ചോളി അമ്പു’ വിലെ സഹനടന്റെ വേഷവും അദ്ദേഹത്തിന് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിക്കൊടുത്തു. അതേ വർഷം തന്നെ പുറത്തിറങ്ങിയ ‘ഏതോ ഒരു സ്വപ്നം ‘ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
പക്ഷെ ജയൻ എന്ന നടനെ സൂപ്പർതാര പദവിയിലെത്തിച്ചത് 1979 ൽ പുറത്തിറങ്ങിയ ശരപഞ്ജരം എന്ന സിനിമയാണ്. ആ സിനിമയിലെ അദ്ദേഹത്തിന്റെ പ്രതിനായക വേഷം മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ചൊരു വില്ലൻ വേഷമായി കണക്കാക്കപ്പെടുന്നു. മലയാള സിനിമയിൽ പൗരുഷത്തിന്റെ ആൾരൂപമായി മാറിയ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ കൂടിയായി മാറുകയായിരുന്നു.
സാമ്പത്തികമായി വൻവിജയം നേടി സൂപ്പർ ഹിറ്റായ ശരപഞ്ജരത്തിനു ശേഷം ഇറങ്ങിയ അങ്ങാടി എന്ന ചലച്ചിത്രവും വൻ വിജയമായി. ജയന്റെ സൂപ്പർതാര പദവിയുടെ വെരുറപ്പിക്കുന്നതായിരുന്നു അങ്ങാടിയും. ഈ രണ്ട് ചിത്രങ്ങളിലും ജയൻ ചെയ്ത വേഷങ്ങൾ ഇന്നും ആസ്വാദക മനസ്സുകളിൽ മങ്ങാത്ത തിളക്കത്തോടെ നിറഞ്ഞു നിൽക്കുന്നു.
വേനലിൽ ഒരു മഴ, പുതിയ വെളിച്ചം എന്നീ സിനിമകളിലെ വേഷങ്ങളും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളായിരുന്നു. കണ്ണപ്പനുണ്ണി എന്ന സിനിമയിലെ സഹനടന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
ഇടിമുഴക്കം, കരിമ്പന, ഇത്തിക്കര പക്കി, മാമാങ്കം, അറിയപ്പെടാത്ത രഹസ്യം, കാന്തവലയം, കഴുകൻ, മീൻ, നായാട്ട്, മനുഷ്യമൃഗം എന്നീ സിനിമകളെല്ലാം അദ്ദേഹത്തിന്റെ മികച്ച സിനിമകൾ തന്നെയായിരുന്നു. ആ കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന മറ്റു നായക നടന്മാരായ പ്രേം നസീർ, മധു, സുകുമാരൻ, സോമൻ എന്നിവരോടൊപ്പമെല്ലാം അദ്ദേഹം അഭിനയിച്ചു. ജയൻ – സീമ താരജോടികളെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
അദ്ദേഹത്തിന്റെ അവസാന സിനിമ 1981 ൽ പുറത്തിറങ്ങിയ കോളിളക്കമാണ്. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് അദ്ദേഹം ഈ ലോകത്തോട് വിട പറയുകയായിരുന്നു. 1980 നവംബർ 16 മലയാള സിനിമയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറി. സാഹസികതയ്ക്ക് പേരു കേട്ട അദ്ദേഹത്തിന്റെ മരണം പോലും സാഹസികതയുടെ നേർക്കാഴ്ചയായി മാറി. ഓരോ ചലച്ചിത്ര ആസ്വാദകന്റെയും മനസ്സിലെ തീരാ നൊമ്പരമായി ഇന്നും ആ കാഴ്ച അവശേഷിക്കുന്നു.
അദ്ദേഹം അഭിനയിച്ച ചില സൂപ്പർ ഹിറ്റ് ഗാനരംഗങ്ങൾ ഇന്നും മലയാളമനസ്സുകളിൽ സൂപ്പർ ഹിറ്റുകൾ തന്നെയാണ്. ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’, ‘കസ്തൂരി മാൻമിഴി മലർശരമെയ്തു ‘, ‘ചാം ചച്ച ചും ചച്ച’ എന്നീ ഗാനങ്ങളെല്ലാം ജയന്റെ ഓർമ്മകളുടെ മധുരതരമായ അവശേഷിപ്പുകളാണ്.
അങ്ങാടി എന്ന സിനിമയിലെ “Maybe we are poor, coolies, trolley pullers but we are not beggars! You enjoy this status in life because of our sweat and blood! Let it be the last time…if you dare to say that word once more, I will pull out your bloody tongue” എന്ന അദ്ദേഹത്തിന്റെ ഡയലോഗ് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മുഴങ്ങുന്ന ശബ്ദമായി ഇന്നും അറിയപ്പെടുന്നു.
തന്റെ നാൽപത്തിയൊന്നാം വയസ്സിൽ ഈ ലോകത്തോടും മലയാളസിനിമയോടും വിട പറയുമ്പോൾ ജയൻ എന്ന നടൻ ഒഴിച്ചിട്ടു പോയ മലയാള സിനിമയുടെ പൗരുഷത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു എന്ന് പറയേണ്ടി വരും. മലയാള സിനിമയ്ക്ക് പുതിയ മുഖഛായ നൽകിയ അദ്ദേഹം തന്നെയാണ് മലയാളത്തിന്റെ ആദ്യ സൂപ്പർ സ്റ്റാറും ആക്ഷൻ ഹീറോയും. പ്രേക്ഷകമനസ്സുകളിൽ ഇന്നും ഒളിമങ്ങാതെ നിറഞ്ഞു നിൽക്കുന്ന അനശ്വര നടന് പ്രണാമം 🙏
ദിവ്യ എസ് മേനോൻ✍
