17.1 C
New York
Wednesday, November 30, 2022
Home Literature തയ്യൽ ടീച്ചർ (കഥ)

തയ്യൽ ടീച്ചർ (കഥ)

മേരി ജോസ്സി മലയിൽ തിരുവനന്തപുരം

Bootstrap Example

സർവാണി, നാട്ടുകാരുടെ അമ്മായി, ഇത്തിക്കണ്ണി, പറ്റിക്കൂടി എന്നിങ്ങനെയൊക്കെ പല വിളിപ്പേരുകൾ നാട്ടുകാർ ഇട്ടു കൊടുത്തിട്ടുണ്ടെങ്കിലും സ്കൂളിൽ നിന്ന് വിരമിച്ച തയ്യൽ ടീച്ചറായിരുന്ന മേബിൾ ടീച്ചർ ആള് ഡീസന്റ് ആണ്. കണ്ടശ്ശാങ്കടവ് അടുത്തു മദാമ്മതോപ്പാണ് ടീച്ചറുടെ സ്വദേശം. ഭർത്താവും മാഷായിരുന്നു.മാഷ് നേരത്തേ മരിച്ചിരുന്നു. രണ്ട് ആൺമക്കളും കുടുംബമായി താമസിക്കുന്നു.

65 വയസ്സുള്ള ടീച്ചർ അതിരാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തു നല്ല കോട്ടൺ സാരി ഉടുത്തു രാവിലെ മരുമകളുടെ കയ്യിൽ നിന്നും ഒരു കട്ടൻ കാപ്പിയും വാങ്ങി കുടിച്ച് വീട്ടിൽ നിന്നും പുറപ്പെടും. നേരെ പള്ളിയിലേക്ക്. പള്ളിയിലെ എല്ലാ പരിപാടികളും കഴിഞ്ഞ് ടീച്ചറുടെ അന്നത്തെ ദിവസം എങ്ങനെയായിരിക്കണമെന്ന് പ്ലാൻ ചെയ്യുന്നത് അവിടെയിരുന്നാണ്. വല്ലവരും മരിച്ചതിന്റെ ആണ്ടോ, ഏഴോ, നാല്പത്തിയൊന്നോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നേരെ സെമിത്തേരിയിലേക്ക് വച്ച് പിടിക്കും. അച്ചന്റെ ഒപ്പം നിന്ന് മരിച്ചവർക്കുവേണ്ടിയുള്ള പാട്ട്, ഒപ്പീസ്…… ..അതിലെല്ലാം സജീവമായി പങ്കെടുക്കും. തൊണ്ട കീറി എല്ലാ പാട്ടും പാടുന്നത് ഒക്കെ കാണുമ്പോൾ ആ വീട്ടുകാർ ടീച്ചറെ വീട്ടിലേക്ക് ക്ഷണിക്കും. പിന്നെ കാപ്പി, ഊണ് അങ്ങനെ വൈകുന്നേരം വരെ ആ വീട്ടിലെ ഒരാളായി അവിടെ ചെലവഴിച്ചു രാത്രി ഒരു ബ്രെഡും വാങ്ങി വീട്ടിൽ തിരിച്ചെത്തും. ഇതാണ് ടീച്ചറുടെ ദിനചര്യ.

വീടുസന്ദർശനങ്ങൾക്കിടയിൽ മരുമകൾ സ്വന്തം വീട്ടിൽ പോയി ഇരിക്കുന്ന സമയത്താണെങ്കിൽ അമ്മായിഅമ്മമാരോട്, “ഹോ, നിന്നെ സമ്മതിക്കണം എവിടുന്നു കിട്ടി നിനക്ക് ഈ മരുമോളെ? ഇങ്ങനെ ഒരു വൃത്തിയും വെടിപ്പും ഇല്ലാതെ വീട് നോക്കുന്ന മരുമകൾ നിനക്ക് മാത്രമേ ഉണ്ടാകൂ.” അങ്ങനെയാകുമ്പോൾ അമ്മായി അമ്മമാരും കുറച്ചു ഒന്ന് വിട്ടു പറയും. അങ്ങനെ ആ ദിവസം അങ്ങു കഴിഞ്ഞു കിട്ടും. അമ്മായിഅമ്മ പുറത്തുപോയി ഇരിക്കുന്ന അവസരം ആണെങ്കിൽ “എൻറെ മോളെ, നിന്നെ സമ്മതിക്കണം. എങ്ങനെ ഇതിനെ നീ സഹിക്കുന്നു? ഈ പള്ളിയില് നാല് നേരം പോയി ഇരിക്കുന്ന നേരം നിന്നെ ഒന്നു സഹായിച്ചുകൂടെ? പുണ്യം എങ്കിലും കിട്ടില്ലേ? “ മരുമകളും ഹാപ്പി. രണ്ടുപേരെയും സോപ്പിട്ടു മേബിൾ അവരുടെ ഭക്ഷണത്തിനുള്ള വക കണ്ടെത്തും.

ഇനി രണ്ടുപേരും വീട്ടിലുള്ള സമയം ആണെങ്കിലോ “അപ്പുറത്തെ വീട്ടിലെ ലില്ലിയ്ക്കു നിങ്ങളുടെ കാര്യം പറയാനേ നേരമുള്ളൂ ഏത് സമയവും നിങ്ങളുടെ വീട്ടിലേക്ക് നോക്കി ഇരിപ്പാണ് അവളുടെ പണി. “ എന്നു പറയും.

പത്തറുപത് വീടുകളുള്ള മദാമ്മതോപ്പിലെ ഓരോ വീടും അങ്ങനെ മേബിളിനു സ്വന്തം വീടുപോലെ ആണ്. എല്ലാ മുറികളിലും പ്രവേശനമുണ്ട്.ആരോടും എന്തും പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. പിന്നെ ഇതിനിടയിൽ ഒരു വീട്ടിൽ നിൽക്കുന്ന വേലക്കാരിയെ കാൻവാസ് ചെയ്ത് മറ്റൊരു വീട്ടിൽ ആക്കി കൊടുക്കുക, ചില കല്യാണാലോചനകൾ നടത്തുക അങ്ങനെ ചില സഹായങ്ങളും ചെയ്തു കൊടുക്കും. പണ്ട് ഇന്നത്തെ പോലെ സീരിയലോ സിനിമയോ ഒന്നുമില്ല മറ്റു വീട്ടിലെ വിശേഷങ്ങൾ എന്തൊക്കെ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് മിക്കവാറും വീട്ടമ്മമാരുടേയും വിനോദം. അയൽവക്കത്തെ വീട്ടിൽ വല്ല പെണ്ണുകാണലും നടന്നോ, അവിടത്തെ പയ്യന് ജോലി എന്തെങ്കിലും ശരിയായോ, അവിടത്തെ ഗൃഹനാഥൻ കള്ളുകുടിയ്ക്കാറുണ്ടോ, ഭാര്യയെ തല്ലാറുണ്ടോ ഇത്യാദി കാര്യങ്ങൾ ഒക്കെ എല്ലാവരും ടീച്ചറോട് ആണ് ചോദിക്കുക.

ടീച്ചർ വിസിറ്റ് നടത്തുന്ന വീടുകളിൽ മാമോദീസ, പിറന്നാൾ, കല്യാണം അങ്ങനെ സന്തോഷകരമായ അവസരങ്ങൾ വരുമ്പോൾ ടീച്ചർ ആ വീട്ടിലേക്ക് കയറിച്ചെല്ലും. ഒരു ചെറിയ സംഭാവന ആവശ്യപ്പെടും. കുടുംബത്തിൽ ഒരു നല്ല കാര്യം നടക്കാൻ പോവുകയല്ലേ എന്ന് കരുതി ഇവർ ചോദിക്കുന്ന സംഖ്യ കൊടുക്കും. ഇനി ആരെങ്കിലും ഈ വീടുകളിൽ നിന്ന് എന്തെങ്കിലും അസുഖമായി ആശുപത്രിയിൽ ആയി എന്ന് കരുതുക ഉടനെ ടീച്ചർ ബൈസ്റ്റാൻഡർ സേവനവുമായി അവിടെയെത്തും. ക്യാന്റീനുള്ള ആശുപത്രികളാണ് ടീച്ചർക്ക് കൂടുതൽ താല്പര്യം. ഇല്ലെങ്കിലും കുഴപ്പമില്ല വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഫുഡും ആയി ടീച്ചർ അഡ്ജസ്റ്റ് ചെയ്തോളും.

കല്യാണ പ്രായം എത്തിയ എല്ലാ ആൺകുട്ടികളും പെൺകുട്ടികളും ടീച്ചറോട് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറുക. കാരണം ഒരു ആലോചന വന്നാൽ ആദ്യം എല്ലാവരും അഭിപ്രായം ചോദിക്കുക ടീച്ചറോട് ആണ്. കല്യാണവീട്ടിലെയും മരണവീട്ടിലെയും ഉത്സാഹകമ്മിറ്റിയിലെ പ്രധാനപ്പെട്ട ആൾ ടീച്ചറാണ്.
പിന്നെ ഇവരുടെ ഒരു പ്രത്യേകത അയൽവക്ക ക്കാരെ തമ്മിൽ അടി പ്പിക്കില്ല.ടീച്ചർ അവിടെ ചെന്ന് വേണമെങ്കിൽ പറഞ്ഞോട്ടെ എന്ന് വിചാരിച്ച് ചില കാര്യങ്ങൾ പറഞ്ഞാലും ടീച്ചർ ആ വീട്ടിൽ ചെന്ന് അത് മിണ്ടില്ല. അങ്ങനെ ഒരു പരാതി പൊതുവേ വീട്ടമ്മമാർക്ക് ഇവരെക്കുറിച്ച് ഉണ്ടായിരുന്നു.

ടീച്ചർ വിസിറ്റ് ചെയ്യുന്ന വീടുകളിൽ ഒക്കെ പറയും നിങ്ങൾ ഉപയോഗിച്ചു തീർന്ന ഡ്രസ്സുകൾ അതായത് കുട്ടികൾ വളരുമ്പോൾ ഇ റക്കം കുറഞ്ഞു പോകുന്നവ ടീച്ചർക്ക് കൊടുക്കണമെന്ന്. പാവപ്പെട്ട കുട്ടികൾക്ക് ദാനം ചെയ്യാൻ വേണ്ടി ആണ്.

രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ടീച്ചർ തല ഒക്കെ ബന്ന് വെച്ചു കെട്ടി നല്ല സ്റ്റൈലൻ പളപളാ എന്നുള്ള സാരിയും ഉടുത്തു കാലിൽ ഹൈഹീൽഡ് ചെരിപ്പും ഇട്ട്, കയ്യിൽ വിലകൂടിയ ഹാൻഡ്ബാഗും തൂക്കി ടാക്സി കാറിൽ ടൗണിലേക്ക് പോകും. രണ്ട് മൂന്ന് മാസം എല്ലാ വീടുകളിൽ നിന്നും ശേഖരിച്ച തുണികളും ടോയ്സും എല്ലാം നല്ല പെട്ടികളിൽ ആക്കി ഒരു പെട്ടി നിറയെ മധുര പലഹാരങ്ങളുമായി അവിടുത്തെ അനാഥശാല യിലേക്കുള്ള പോക്കാണ്. അവിടെ ചെന്ന് ഇതൊക്കെ കുട്ടികൾക്ക് വിതരണം ചെയ്ത് ഒരു ദിവസം മുഴുവൻ അവിടെ ചെലവഴിച്ചു തിരികെ വരും. ഏതോ വലിയൊരു കാശുകാരി കൊച്ചമ്മ ആയിട്ടാണ് ടീച്ചറുടെ പോക്ക്. ‘പാവങ്ങളുടെഅമ്മ’ എത്തി എന്ന് പറഞ്ഞ് അവിടെയും വലിയ സ്വീകരണമാണ്. കുബേരൻ എന്ന സിനിമയിൽ ദിലീപ് ഒരു ദിവസത്തേക്ക് രാജാവ് ആകുന്നതുപോലെ.

അങ്ങനെയിരിക്കെ ഒരു ദിവസം ടീച്ചർ കാലൊടിഞ്ഞു ആശുപത്രിയിലായി. മൂന്ന് മാസം റെസ്റ്റ് പറഞ്ഞ് വീട്ടിൽ ഇരിപ്പായി. ടീച്ചറിൻറെ ആയുസ്സിൽ ടീച്ചർ ഒരു ദിവസം പോലും വീട്ടിൽ ഇരുന്നിട്ടില്ല.

വീട്ടമ്മമാര് ഒക്കെ ആ ടീച്ചറെ കണ്ടില്ലല്ലോ എന്ന് പറയുന്നതല്ലാതെ ആരും അന്വേഷിച്ചു വന്നില്ല. മൂന്നുമാസം കൂടുമ്പോൾ കുട്ടികൾക്ക് ഒരുപാട് സമ്മാനങ്ങളുമായി എത്താറുള്ള ടീച്ചറെ കണ്ടില്ലല്ലോ എന്ന് ഓർത്തു അതിൻറെ പ്രസിഡൻറ് അന്വേഷണവും ആയി ആ നാട്ടിലെത്തി.മദാമ്മ തോപ്പിൽ നിന്ന് വരുന്ന ടീച്ചറുടെ വീട് ആർക്കും അറിഞ്ഞുകൂടാ. കുറേ അന്വേഷണങ്ങൾക്കൊടുവിൽ പ്രസിഡൻറ് വീട്ടിലെത്തിയപ്പോഴാണ് ടീച്ചറുടെ വീടും പരിസരവും ഒക്കെ കണ്ട് ഞെട്ടിയത്.

ഏതായാലും ഈ മൂന്നു മാസത്തോടെ ടീച്ചർ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു. നാടു തെണ്ടുന്ന പരിപാടി നിർത്തി, മരുമകൾക്ക് എന്തെങ്കിലും ഒരു കൈ സഹായം കൊടുത്തു വീട്ടിൽ തന്നെ അടങ്ങിയിരിക്കാം എന്ന്. അന്ന് വരെ ഒരു സഹായവും ചെയ്തു കൊടുക്കാത്ത മരുമകൾ യാതൊരു മുറുമുറുപ്പും കൂടാതെ ടീച്ചറിനെ ശുശ്രൂഷിക്കുന്നത് കണ്ടു ടീച്ചറുടെ കണ്ണ് നനഞ്ഞു.

കൂവുന്ന പൂവൻകോഴിയുടെ വിചാരം ഞാൻ കൂവുന്നത്കൊണ്ടാണ് സൂര്യൻ ഉദിക്കുന്നതും നേരം വെളുക്കുന്നതും എന്നാണ്. അതുപോലെ ടീച്ചറുടെ അസാന്നിധ്യത്തിൽ മദാമ്മ തോപ്പ് സ്തംഭിക്കുമെന്നാണ് പാവം ടീച്ചർ അതുവരെ കരുതിയിരുന്നത്. പത്തറുപത് വീടുകൾ കയറി ഇറങ്ങിയിരുന്ന അവരെ തിരക്കി ഒരു പട്ടി പോലും വന്നില്ല.

അയൽ വീട്ടിലെ വിശേഷങ്ങളും വിവരങ്ങളും ടീച്ചർ വഴി അറിയാതെ വന്നപ്പോൾ വീട്ടമ്മമാർ തന്നെ സമയമുണ്ടാക്കി പരസ്പരം സന്ദർശനം തുടങ്ങി അങ്ങനെ അവർ തമ്മിലുള്ള ബന്ധം ഒന്നുകൂടി നന്നായി ഊട്ടിയുറപ്പിച്ചു ടീച്ചറുടെ അസാന്നിധ്യത്തിൽ.

അതുകൊണ്ട് സേവനം ചെയ്യരുത് എന്നല്ല വീടും വീട്ടുകാരെയും മറന്ന് നാടു നന്നാക്കാൻ നടക്കുന്ന ഒട്ടും മിക്കവരുടേയും അവസ്ഥ ഇതുതന്നെയാണ്.
കഥ:✍
മേരി ജോസ്സി മലയിൽ തിരുവനന്തപുരം

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രഭാത വാർത്തകൾ 2022 | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: