ഇതാണ് ഇരണിയൽ കൊട്ടാരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ഇരണിയൽ എന്ന സ്ഥലത്താണ് ഈ രാജസൗധം. തെക്കൻ തേവൻചേരിയിൽ കോയിക്കൽ കൊട്ടാരം എന്നാണ് ശരിയായ പേര്. വേണാട് രാജാക്കന്മാരുടെ ആദ്യത്തെ രാജധാനിയാണിത്. കൽകുളത്തു കൊട്ടാരം പണിത് (പദ്മനാഭപുരം ) തലസ്ഥാനം അങ്ങോട്ട് മാറ്റിയപ്പോൾ വേണാടിന്റെ ഉപ തസ്ഥാനമായി ഇരണിയൽ.
ഭാഷാടിസ്ഥാനത്തിൽ സംസഥാനങ്ങൾ രൂപം കൊണ്ടപ്പോൾ തമിഴ് ഭാഷ സംസാരിക്കുന്ന ഈ പ്രദേശം തമിഴ് നാടിന്റെ അതിർത്തിക്കുള്ളിലായി. അതോടെ ഇതിന്റെ നാശവും തുടങ്ങി.
കൊട്ടാരത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. നാലുകെട്ട് മാതൃകയിൽ രണ്ടു നിലകളിലാണ് ഈ കൊട്ടാരം കെട്ടിപ്പൊക്കിയത്. ശ്രദ്ധിക്കാൻ ആളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും ഈ ചരിത്ര സ്മാരകം തകർന്ന് കഴിഞ്ഞു.

2018ൽ എടുത്ത ചിത്രങ്ങളാണിത്. ഇപ്പോൾ കാണുന്ന രൂപത്തിൽ നിന്നും കുറെ ഭാഗങ്ങൾ നിലംപൊത്തി. കന്യാകുമാരി ദേവസ്വം ബോർഡിന്റെ കയ്യിലാണ് ഇപ്പോൾ ഈ പുരാവസ്തു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് തമിഴ്നാട് കാണിക്കുന്ന അവഗണനാ മനോഭാവം ഇതിൽ നിന്ന് വ്യക്തമാണ്.
വസന്ത മാളിക ഇരണിയൽ കൊട്ടാരത്തിലെ ഏറ്റവും മനോഹരമായ കെട്ടിടമാണ് വസന്ത മാളിക അഥവാ (Spring Pavilion ) വസന്ത മണ്ഡപം. ഈ മണ്ഡപത്തിലാണ് സവിശേഷതയാർന്ന കരിങ്കൽ കട്ടിലുള്ളത്. രാജാക്കന്മാർ പള്ളിയുറക്കം നടത്തിയിരുന്നത് ഇവിടെയാണ്. ഒറ്റക്കല്ലിലാണ് ഈ കട്ടിൽ വെട്ടിയെടുത്തത്. 5 അടി വീതിയും 6 അടി നീളവുമുണ്ട്.

ഉഷ്ണകാലത്തു തണുപ്പും തണുപ്പ് കാലത്ത് നേരിയ ചൂടും അനുഭവപ്പെടുന്നതാണ് ഈ കട്ടിൽ. എമിലി ഗിൽക്രിസ്റ്റ് ഹാച്ച് എന്ന സഞ്ചാരിയായ എഴുത്തുകാരി തന്റെ ‘Travancore – A guide for the visitor ‘എന്ന ഗ്രന്ഥത്തിൽ ഈ കട്ടിലിനെ പറ്റി ഒരു കഥ വിവരിക്കുന്നുണ്ട് അത് ഇപ്രകാരമാണ്. “ഒരു ദിവസം ഈ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഒരു രാജകുമാരൻ പെട്ടെന്ന് അവിടെ നിന്നും അപ്രത്യക്ഷമായത്രേ. പിന്നീട് ആ രാജകുമാരനെ പറ്റി ഒരു വിവരവും ഉണ്ടായില്ല.” ഈ കഥക്ക് ചരിത്ര രേഖകളുടെ പിൻബലമില്ലെങ്കിലും പ്രദേശവാസികളിൽ ഇപ്പോഴും പ്രചാരത്തിലുണ്ട്. സംഭവത്തിന്റെ ഓർമക്കായി രാജകുടുംബം ഇവിടെ രണ്ടു കെടാവിളക്കുകൾ കത്തിച്ചു സൂക്ഷിച്ചിരുന്നു എന്നും എമിലി തന്റെ പുസ്തകത്തിൽ പറയുന്നു.

രാജാക്കന്മാർ പള്ളിയുറങ്ങിയ ഈ മാളിക ഇപ്പോൾ പൊട്ടിത്തകർന്ന ഒരു തൊഴുത്തിന്റെ പ്രതീതിയാണ് ഉണ്ടാക്കുന്നത്. തകർന്ന മേൽക്കൂരയും തൂണുകളും ആരെയും വേദനിപ്പിക്കും നിലംപതിച്ച തടി ഉരുപ്പടികളിൽ ഇതിഹാസ കഥാപാത്രങ്ങളെ കൊത്തിയെടുത്തതായി കാണാം. ഒഴിഞ്ഞ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും ഇവിടെ ഉപേക്ഷിച്ച നിലയിലാണ്. രാത്രി സാമൂഹ്യ ദ്രോഹികളുടെ പള്ളിയുറക്കം ഇവിടെയാണെന്ന് പ്രദേശ വാസികൾ സാക്ഷ്യപെടുത്തുന്നു.
ഇരണിയൽ കൊട്ടാരത്തിന്റെ ഈ അവസ്ഥ ഫോട്ടോ സഹിതം വിവരിച്ചു കൊണ്ട് പുരാവസ്തു വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു. പദ്മനാഭപുരം കൊട്ടാരത്തിന്റെ സംരക്ഷണ ചുമതല കേരള പുരാവസ്തു വകുപ്പ് നിലനിർത്തിയത് പോലെ ഇരണിയലിന്റെ സംരക്ഷണം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു നിവേദനം. എന്നാൽ അവജ്ഞയോടെ തള്ളിക്കളയുന്ന സമീപനമാണ് വകുപ്പ് സ്വീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനാണ് അടുത്ത നീക്കം. ഏതായാലും തമിഴ്മണ്ണിൽ ചിതലരിക്കുന്ന ഈ കേരള പൈതൃകത്തിന്റെ അവശിഷ്ടങ്ങളെങ്കിലും നിലനിർത്താൻ പുരാവസ്തു വകുപ്പ് സന്മനസ്സ് കാട്ടേണ്ടതുണ്ട്.
(‘കേരളത്തിലെ കോട്ടകൾ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ലേഖകൻ ഇപ്പോൾ കൊട്ടാരങ്ങളെയും രാജവംശങ്ങളെയും കുറിച്ച് പഠനം നടത്തുകയാണ്.)
സി. പി. എഫ്. വേങ്ങാട് ✍
