(വാർത്ത: പി.പി.ചെറിയാൻ)
ഡെലവെയർ: തന്നെ സ്നേഹിച്ച, തന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്ന ഡെലവെയർ സംസ്ഥാനത്തെ ജനത്തോടു വികാരാധീനനായി യാത്ര പറഞ്ഞ്, വാഷിങ്ടനിലേക്കു ബൈഡൻ യാത്രയായി. അദ്ദേഹം ഇന്നു പ്രസിഡന്റായി ചുമതലയേല്ക്കും. പ്രഥമ വനിത ഡോ. ജിൽ ബൈഡനുമായി യാത്ര പുറപ്പെടുന്നതിന് മുമ്പ് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടു നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. പ്രസംഗം കേട്ടു നിന്നവരെയും ഈറനണിയിച്ചു.
കുടുംബങ്ങളിൽ ഞങ്ങൾ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങൾ, ഞങ്ങളിൽ പ്രകടമാകുന്ന സ്വഭാവ ശ്രേഷ്ഠത ഇതെല്ലാം രൂപപ്പെട്ടത് ഡെലവയറിൽ നിന്നുമാണെന്നു പരസ്യമായി പ്രഖ്യാപിക്കുന്നതിൽ അഭിമാനം കൊള്ളുന്നതായി ബൈഡൻ പറഞ്ഞു. കഴിഞ്ഞ 36 വർഷം തുടർച്ചയായി യുഎസ് സെനറ്ററായി എന്നെ തിരഞ്ഞെടുത്ത ഡെലവയറിൽ നിന്നും ഞങ്ങൾ വാഷിങ്ടണിലേക്ക് പോകുമ്പോൾ ഒരു സ്വകാര്യ ദുഃഖം ഞങ്ങളുടെ മനസ്സിൽ ഇന്നും തളംകെട്ടി കിടക്കുന്നുണ്ട്. ഡെലവെയർ അറ്റോർണി ജനറലായിരുന്ന ഞങ്ങളുടെ മകൻ ബ്യു ബൈഡൻ ഞങ്ങളോടൊപ്പമില്ല. 2015 ൽ മസ്തിഷ്ക്ക അർബുദ്ത്തെ തുടർന്ന് ബ്യു ബൈഡൻ വിട പറയുകയായിരുന്നു ബറാക്ക് ഒബാമ പ്രസിഡന്റും, ഞാൻ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്ഥാനമേൽക്കാൻ വാഷിങ്ടനിലേക്ക് ഒരുമിച്ചു പുറപ്പെട്ടത് ട്രെയിനിൽ ആയിരുന്നുവെന്നും എന്നാൽ ആ കീഴ്‍വഴക്കം സുരക്ഷ സംവിധാനം കർശനമാക്കിയതിനാൽ സാധ്യമല്ലെന്നും ബൈഡൻ പറഞ്ഞു.
