റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍
ഡാളസ്: കോവിഡ് മഹമാരി ആരംഭിച്ചതിനുശേഷം ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ സര്‍വകാല റിക്കാര്‍ഡ്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 228 മരണം സംഭവിച്ചു. ഫെബ്രുവരി മൂന്നിനു വ്യാഴാഴ്ച 50 പേരാണ് ഡാളസ് കൗണ്ടിയില്‍ മാത്രം കോവിഡ് 19 മൂലം മരിച്ചത്. 40 മുതല്‍ 100 വയസുവരെയുള്ളവരാണിവര്‍. ഫെബ്രുവരി രണ്ടാംതീയതി 39 മരണം സംഭവിച്ചു.
മരണനിരക്ക് കൂടിവരുന്നുണ്ടെങ്കിലും മാര്‍ച്ച് മാസത്തോടെ പാന്‍ഡമിക്കിന്റെ ശക്തി കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് കൂടുതല്‍ ദുരന്തം വിതയ്ക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും ജഡ്ജി അറിയിച്ചു. ഡാളസ് കൗണ്ടിയില്‍ ഇന്നു സ്ഥിരീകരിച്ച 1356 കേസുകളോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 262738 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 2320 ആയും ഉയര്‍ന്നു.
ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ 34165 പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായും, 9000 ഡോസ് വാക്‌സിന്‍ ഈയാഴ്ച ലഭിക്കുമെന്നും ജഡ്ജി പറഞ്ഞു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയായി കഴുകുക എന്നത് തുടര്‍ന്നും പാലിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.