(ഏബ്രഹാം തോമസ്, ഡാളസ് )
യു.എസ്.സെനറ്റ് 57-43 ക്രമത്തില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ രണ്ടാം ഇംപീച്ച്‌മെന്റ് വിചാരണയ്‌ക്കൊടുവില്‍ വോട്ടു ചെയ്തപ്പോള്‍ ട്രമ്പ് കുറ്റവിമുക്തനായി. കുറ്റക്കാരനായി വിധിക്കുമ്പോള്‍ 100 അംഗ സെനറ്റിന്റെ മൂന്നില്‍ രണ്ട് വോട്ട്-100 ല്‍ 67 ആവശ്യമായിരുന്നു.
തികച്ചും ട്രമ്പ് വിരോധത്തില്‍ നിന്നുടലെടുത്ത നീക്കമായി ഇംപീച്ച്‌മെന്റ് നടപടികളെ ട്രമ്പ് അനുകൂലികള്‍ വിശേഷിപ്പിച്ചിരുന്നു. പ്രക്ഷോപത്തിന് പ്രേരണ നല്‍കി ജനങ്ങളെ ഇളക്കി വിട്ടു എന്ന ആരോപണമാണ് ഇംപീച്ച്‌മെന്റ് ചാര്‍ജ് ഷീറ്റില്‍ ഉണ്ടായിരുന്നു. ഇത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ഇംപീച്ച്‌മെന്റ് വിചാരണ ആയി. രണ്ടു തവണ ഒരു പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുവാന്‍ സെനറ്റ് ശ്രമിച്ചതും രണ്ടു തവണയും കുറ്റവിമുക്തനാക്കിയതും ഇതാദ്യമാണ്.
സ്ഥാനം ഒഴിഞ്ഞ ഒരു പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാമോ എന്ന ഭരണഘടനാപരമായ ചോദ്യം ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടും. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള കൂറ് അനുസരിച്ച് ചര്‍ച്ച വഴി തിരിഞ്ഞുപോവുകയും ഒടുവില്‍ ഭരണഘടനാപരമായി വിചാരണ നിലനില്‍ക്കും എന്ന് തീരുമാനിക്കുകയും വിചാരണ മുന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍ നിയമജ്ഞര്‍ ഇപ്പോഴും പൂര്‍ണ്ണമായി ഇതു അംഗീകരിക്കുന്നില്ല. മുന്‍ ഭരണഘടനാ തലവന്മാരുടെ ഇംപീച്ച്‌മെന്റ് വിചാരണ സംബന്ധിച്ച നിയമവശം പുനഃപരിശോധിക്കുകയും ഭരണഘടന ഭേദഗതി പാസാക്കുകയും ആവശ്യമാണെന്ന് ഇവര്‍ പറയുന്നു.
തെളിവായി ഡെമോക്രാറ്റ് പ്രതിനിധികള്‍(ഇംപീച്ച്‌മെന്റ് മാനേജസ്) അവതരിപ്പിച്ചത് ട്രമ്പിന്റെ വീഡിയോ ക്ലിപ്പിംഗാണ്. ട്രമ്പിനെതിരായ വികാരം നിറഞ്ഞു നില്‍ക്കുന്ന വേദിയില്‍ ഇതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടില്ല. ക്ലിപ്പിംഗുകള്‍ എഡിറ്റ് ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നില്ല. സാധാരണ കോടതികളില്‍ ഓഡിയോ, വീഡിയോ ക്ലിപ്പിംഗുകള്‍ക്ക് സപ്പോര്‍ട്ടിംഗ് എവിഡന്‍സിന്റെ പ്രാധാന്യമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ സെനറ്റ് ഹിയറിംഗിന്റെ റൂള്‍സ് വ്യത്യസ്തമാവാം.
സുപ്രീം കോര്‍ട്ട് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്‌സ് (സ്‌കോട്ടസ്) ആണ് സുപ്രധാനമായ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടത് എന്നൊരു വാദമുണ്ട്. ട്രമ്പിന് അനുകൂലമായ തീരുമാനം ഉണ്ടായതിനാല്‍ തീരുമാനം ഉണ്ടായതിനാല്‍ ട്രമ്പ് കേസുമായി സ്‌കോട്ടസിലേയ്ക്ക് പോകാന്‍ സാധ്യതയില്ല. ഇല്ലെങ്കില്‍ കാത്ത് നിന്ന ട്രമ്പിന്റെ അഭിഭാഷകവൃന്ദം അപ്പീലുമായി സുപ്രീം കോടതിയിലേയ്ക്ക് കുതിച്ചേനെ.
റിപ്പബ്ലിക്കന്‍ പാര്‍ട്ടികെട്ടുറപ്പില്ലാതെ നില്‍ക്കുമ്പോഴാണ് ട്രമ്പ് കടന്നു വന്നതും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രൈമറികളില്‍ മത്സരിച്ച് വിജയിച്ചതും. പാര്‍ട്ടിക്കാരനല്ലാത്ത, പാര്‍ട്ടി നയങ്ങളോട് വലിയ കൂറില്ലാത്ത, താന്‍പോരിമയില്‍ മാത്രം വിശ്വസിച്ച ട്രമ്പ് സ്വന്തം കീശയിലെ പണം മുടക്കി പ്രൈമറികളില്‍ വിജയിക്കുന്നത് മറ്റ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആശ്ചര്യപൂര്‍വ്വം കണ്ടുനിന്നു. എതിരാളികള്‍ നിഷ്പ്രഭരായി, റിപ്പബ്ലിക്കന്‍ നോമിനേഷനും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയവും ട്രമ്പിനെ പാര്‍ട്ടിയില്‍ പ്രബലനാക്കി. മാറി നിന്നവര്‍ക്ക് ഭരണ തസ്തികകളിലെ നിയമനം കൂറുമാറ്റം വേഗത്തിലാക്കി. എന്നാല്‍ ഭരണസ്ഥാനങ്ങളിലെത്തിയവര്‍, ട്രമ്പ് കുടുംബത്തിലെ അംഗങ്ങളല്ലാത്തവര്‍, ഒരു റിവോള്‍വിംഗ് ഡോറിലൂടെ കടന്ന് പോകുന്നത് പോലെ അധികാരസ്ഥാനങ്ങളിലെത്തുകയും അതേ വേഗത്തില്‍ പിരിഞ്ഞുപോവുകയും ചെയ്തു
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പാര്‍ട്ടിയില്‍ തനിക്കുള്ള സ്വാധീനം നിലനിര്‍ത്താന്‍ ട്രമ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇംപീച്ച്‌മെന്റ് വിചാരണ ട്രമ്പിനൊപ്പം നിന്ന പലരെയും അകറ്റി, ജനുവരി 6 വരെ ട്രമ്പിന്റെ വിശ്വസ്ഥരായിരുന്നവര്‍ പെട്ടെന്ന് മാറുന്ന കാഴ്ചയാണ് കണ്ടത്. മുമ്പ് സെനറ്റ് മെജോരിറ്റി ലീഡറും ഇപ്പോള്‍ മൈനോരിറ്റി ലീഡറുമായ മിച്ച് മക്കൊണല്‍ ഇംപീച്ച്‌മെന്റ് വോട്ടെടുപ്പില്‍ ട്രമ്പിനെതിരായി വോട്ടു ചെയ്തില്ല. എന്നാല്‍ വോട്ടെടുപ്പിന് ശേഷം ട്രമ്പിനെ നിശിതമായി വിമര്‍ശിച്ചു. ഏഴ് സെനറ്റര്‍മാര്‍ റിപ്പബ്ലിക്കന്‍പാര്‍ട്ടിയില്‍ നിന്ന് ട്രമ്പിനെതിരെ വോട്ടു ചെയ്തു.
ഇപ്പോള്‍ സെനറ്റിലെ വോട്ടിംഗ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ചെറുതല്ലാത്ത ക്ഷീണം നല്‍കാനാണ് സാധ്യത. അടുത്ത വര്‍ഷം നടക്കുന്ന ഇടക്കാല പൊതു തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ വളരെ അസുഖകരമായ ചോദ്യങ്ങള്‍ നേരിടേണ്ടിവരും. ഇംപീച്ച്‌മെന്റ് വിവരങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ട്രമ്പിനെ അനുകൂലിക്കണോ എതിര്‍ക്കണോ എന്ന പ്രശ്‌നം ഉയരും. ട്രമ്പിന്റെ പിന്തുണ എത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കും, എത്രപേര്‍ സ്വീകരിക്കും, ട്രമ്പിന്റെ പിന്തുണ പ്രയോജനപ്പെടുമോ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി ലഭിക്കേണ്ടതുണ്ട്.
ട്രമ്പ് 2024 ല്‍ മത്സരിക്കാതിരിക്കുവാന്‍ അയോഗ്യത കല്‍പിക്കണമെന്ന് ഇംപീച്ച്‌മെന്റ് ചാര്‍ജില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ 43 വോട്ടുകള്‍ക്ക് ഈ ആവശ്യം തള്ളിയതിനാല്‍ ട്രമ്പിന് 2024 ല്‍ വീണ്ടും മത്സരിക്കാന്‍ കഴിയും. താന്‍ 2024 ല്‍ വീണ്ടും മത്സരിക്കുമെന്ന് ഇതുവരെ ട്രമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ മാറ്റം ഉണ്ടാകുമോ എന്നറിയില്ല.