അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി മലയാളി വ്യവസായി ബോബി ചെമ്മണ്ണൂർ.
ട്രംപിന്റെ റോൾസ് റോയിസ് ലേലത്തിൽവെച്ചെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആ വാഹനം സ്വന്തമാക്കുന്നതിനായി ലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂർ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്സൈറ്റായ മേകം ഓക്ഷൻസിൽ ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. നിലവിൽ ഈ വാഹനം ട്രംപിന്റെ ഉടമസ്ഥതയിലല്ല. 2010-ലാണ് ഈ റോൾസ് റോയ്സ് ഫാന്റം ഡൊണാൾഡ് ട്രംപ് സ്വന്തമാക്കുന്നത്.
നിലവിൽ 56,700 മൈലാണ് (91,249 കിലോമീറ്റർ) ഈ ആഡംബരവാഹനം ഒടിയിട്ടുള്ളത്. 2010-ൽ റോൾസ് റോയ്സ് പുറത്തിറക്കിയ 537 യൂണിറ്റുകളിൽ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം ഡോളർ മുതൽ നാല് ലക്ഷം ഡോളർ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതൽ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വില.