റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: യുഎസ് സെനറ്റിന്റെ ഇംപീച്ച്‌മെന്റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍മാരെ ഭീരുക്കളെന്ന് വിശേഷിപ്പിച്ച് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്പ് യുഎസ് സെനറ്റില്‍ ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ മനപൂര്‍വം താമസിപ്പിച്ച മിച്ച് മെക്കോണലിനേയും പെലോസി നിശിചതമായി വിമര്‍ശിച്ചു.
യുഎസ് ഹൗസ് ട്രംപിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ജനുവരി 13 നു തന്നെ 44 നെതിരേ 56 വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു. ജനുവരി 20-നു മുമ്പ് പ്രമേയം സെനറ്റില്‍ വന്നിരുന്നുവെങ്കില്‍ മുന്‍ പ്രസിഡന്റ് എന്ന വാദഗതി ഒഴിവാക്കാമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നു നടന്ന വോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ഏഴു പേരെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതായും പെലോസി അവകാശപ്പെട്ടു.
യുഎസ് ഹൗസില്‍ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ച മിച്ച് മെക്കോണല്‍ യുഎസ് സെനറ്റിലും ഇത് ആവര്‍ത്തിച്ചുവെങ്കിലും, ജനുവരി ആറിനു നടന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ട്രംപിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയുവാന്‍ കഴിയുകയില്ലെന്നും, ക്രമിനല്‍ നടപടികളെ ട്രംപിന് അഭിമുഖീകരിക്കേണ്ടിവരുമെന്നും മിച്ച് മെക്കോണല്‍ അഭിപ്രായപ്പെട്ടു.
ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കിയതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള യോഗ്യത നിലനിര്‍ത്തുവാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായി കണക്കാക്കുന്നത്. സെനറ്റിന്റെ കുറ്റവിചാരണ പരാജയപ്പെട്ടുവെങ്കിലും നീതിപീഠങ്ങളുടെ മുന്നില്‍ ട്രംപിന്റെ ഭാവി എന്താകുമെന്നത് പ്രവചിക്കാനാവുന്നതല്ല.
