അലൻ, ടെക്സസ്: ബംഗ്ലാദേശി കുടുംബത്തിലെ ആറു പേർ വെടിയേറ്റു മരിച്ചു. നാല് പേരെ കൊലപ്പെടുത്തിയ ശേഷം രണ്ട് സഹോദരർ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു പോലീസ് കരുതുന്നത് . സംഭവിക്കാൻ പോകുന്നതിനെപ്പറ്റി ഒരു സഹോദരന്റെ കുറിപ്പ് പൊലീസിന് കിട്ടി.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ പൈൻ ബ്ലഫ് ഡ്രൈവിലെ വീട്ടിൽ ക്ഷേമപരിശോധന നടത്താൻ അഭ്യർത്ഥന വന്നതായി പോലീസ് അറിയിച്ചു. അവിടെ താമസിച്ചിരുന്ന ബംഗ്ലാദേശി ദമ്പതികളുടെ പ്രായപൂർത്തിയായ ഒരു മകൻ ആത്മഹത്യ പ്രവണത കാട്ടുന്നതായി വിളിച്ചയാൾ പോലീസിൽ പറഞ്ഞു.
വീട്ടിലെത്തിയ പോലീസ് മാതാപിതാക്കളെയും മുതിർന്ന മൂന്ന് മക്കളെയും മുത്തശ്ശിയെയും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
രണ്ട് സഹോദരന്മാർ തങ്ങളുടെ മറ്റ് നാല് കുടുംബാംഗങ്ങളെ കൊല്ലാൻ തീരുമാനിക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് അന്വേഷകർ കരുതുന്നതായി പോലീസ് വക്താവ് ജോൺ ഫെൽറ്റി പറഞ്ഞു.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് വിശദീകരിക്കുന്ന കുറിപ്പ് ഒരു സഹോദരൻ എഴുതി വച്ചിരുന്നു
വെടിവയ്പിനെക്കുറിച്ച് പോലീസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, വാരാന്ത്യത്തിൽ ആയിരിക്കാം ഇത് സംഭവിച്ചതെന്നാണ് പോലീസ് നിഗമനം.
വീട്ടിൽ പോലീസ് വരത്തക്ക പ്രശ്‌നങ്ങളൊന്നും മുൻപ് രേഖപ്പെടുത്തിയിട്ടില്ല, ഫെൽറ്റി പറഞ്ഞു.
