യുഎസിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി ടെക്‌സസിന് ബന്ധമില്ല, കാരണം ടെക്‌സസ് വ്യത്യാസ്തമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുവാന്‍ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ടെക്‌സസ് എല്ലാ കാര്യങ്ങളിലും യുഎസിന്റെ ഭാഗം തന്നെയാണെന്ന് കഴിഞ്ഞ ഒരാഴ്ചത്തെ ദുരന്തദിനങ്ങള്‍ അടിവരയിട്ട് സമര്‍ഥിച്ചു. പൊതുജനങ്ങളോട് നിങ്ങള്‍ വരുംദിനങ്ങളിലെ കൊടുംതണുപ്പും വിഷമതകളും നേരിടാന്‍ തയാറായിരിക്കുക എന്ന് അഭ്യര്‍ത്ഥിച്ച പ്രാദേശിക, സംസ്ഥാന നേതാക്കളും എനര്‍ജി കമ്പനികളും ആവശ്യമായ മൂന്നൊരുക്കങ്ങള്‍ നടത്തിയില്ല എന്ന് ആരോപണമുണ്ട്. രാഷ്ട്രീയ നേതാക്കള്‍ അന്യോന്യം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഫെബ്രുവരി 11ന് ആരംഭിച്ച മഞ്ഞുവീഴ്ചയുടെ ആഘാതം ഇന്റര്‍ സ്റ്റേറ്റ് 35 വെസ്റ്റില്‍ 133 വാഹനങ്ങള്‍ കൂട്ടിയിടിച്ച് കുന്നുകൂടിയതോടെ ആരംഭിച്ചു. ആദ്യമായി ടെക്‌സിസലെ 254 കൗണ്ടികളും തുടര്‍ച്ചയായി 139 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന മഞ്ഞുവീഴ്ചയും സ്ലീറ്റും ഹെയിലും ഉണ്ടായി. 1942 ന് ശേഷം ഏറ്റവും വലിയ ഏഴാമത്തെ മഞ്ഞു വീഴ്ചയാണിതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ പറഞ്ഞു. ടെക്‌സസ് എക്‌സപ്ഷനലിസത്തിന്റെ അന്ത്യമാകാം ഇതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
മാതാപിതാക്കള്‍ കുട്ടികളുടെ തണുപ്പ് മാറ്റാന്‍ തന്നേ പണിപ്പെട്ടു. ഇലക്ട്രിസിറ്റി ഇല്ലാത്ത അവസ്ഥയില്‍ ഒന്നിലധികം പുതപ്പുകളില്‍ പൊതിഞ്ഞു. തണുപ്പ് അസഹ്യമായപ്പോള്‍ ഉറങ്ങാനാവാതെ കുട്ടികള്‍ നിലവിളിച്ചു. ചിലര്‍ വാഹനങ്ങളിലെ ഹീറ്റ് ഓണ്‍ ചെയ്തു കുട്ടികളെ അതിനുള്ളിലാക്കി. ഹോട്ടല്‍ മുറികള്‍ ഒന്നും ഒഴിവില്ല എന്ന് അധികാരികള്‍ അറിയിച്ചു.
വെള്ളം ലഭിക്കാനാവാതെ ധാരാളം പേര്‍ വലഞ്ഞു. ഫേസറ്റുകളില്‍ നിന്ന് ഇറ്റ് വീഴുന്ന ജലം തിളപ്പിച്ച് ഉപയോഗിക്കുവാന്‍ ചിലര്‍ക്ക് കഴിഞ്ഞു. ഗ്രോസറി സ്റ്റോര്‍ ഷെല്‍ഫുകളില്‍ നിന്ന് സാധനങ്ങള്‍ വളരെ വേഗം അപ്രത്യക്ഷമായി. ഡെലിവറി ചെയ്യുവാന്‍ സാധനങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നവര്‍ക്ക് ലഭിച്ചത് ഒന്നോ രണ്ടോ സാധനങ്ങള്‍ മാത്രം. ദ ഇലക്ട്രിക് റിയലബിലിറ്റി കൗണ്‍സില്‍ ഓഫ് ടെക്‌സസ് (എര്‍ക്കോട്ട്) വൈദ്യുത ഗ്രിഡിന്റെ നിയന്ത്രണ ചുമതലയുള്ള ഏജന്‍സിയാണ്. ഒരു റൊട്ടേറ്റിംഗ് മാതൃകയില്‍ കുറെ സമയം ചില പ്രദേശത്ത് മാത്രം വൈദ്യുതി വിതരണം ഏജന്‍സി പരീക്ഷിച്ച് നോക്കിയെങ്കിലും വിജയിച്ചില്ല. ഒരുകോടി 30 ലക്ഷം (ടെക്‌സസിന്റെ ഏതാണ്ട് പകുതി ജനങ്ങള്‍) വൈദ്യുതി ഇല്ലാതെ വിഷമിച്ചു. ഡാലസ് നഗരത്തിന്റെ ഹൃദയഭാഗത്ത് ചില വ്യവസായ സ്ഥാപനങ്ങള്‍ കണ്ണഞ്ചിക്കുന്ന വൈദ്യുത വിളക്കുകള്‍ ജ്വലിപ്പിക്കാറുണ്ട്. വൈദ്യുതിക്കുവേണ്ടി നഗരത്തില്‍ ചിലര്‍ ഉഴലുമ്പോഴും ഈ വിളക്കുകള്‍ കത്തുകയാണ് എന്ന പരാതികളെ തുടര്‍ന്ന് കമ്പനികള്‍ക്ക് ഈ പ്രഭാപൂരങ്ങള്‍ നിര്‍ത്തേണ്ടി വന്നു. ഒരാഴ്ചയ്ക്കുശേഷം വെള്ളിയാഴ്ച മിക്കവാറും എല്ലാ ഭവനങ്ങളിലും ഇലക്ട്രിസ്റ്റി തിരിച്ചെത്തി. ആയിരക്കണക്കിന് ടെക്‌സസുകാര്‍ ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ വിഷമിച്ചപ്പോള്‍ എര്‍കോട്ടും മറ്റ് സ്ഥാപനങ്ങളും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന ട്വീറ്റുകള്‍ അയച്ച് അവരെ കൂടുതല്‍ വിഷമത്തിലാക്കി എന്ന് ആരോപണമുണ്ട്.
എര്‍വിങ്ങില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ജനപ്രതിനിധി ബെത്ത്‌വാന്‍ ഡുവന്‍ സ്റ്റേറ്റിന്റെ ഗ്രിഡും യശസ്സും റീബില്‍ഡ് ചെയ്യാന്‍ സഹായിക്കുവാന്‍ തയാറാണെന്നറിയിച്ചു. മൂന്നുദിവസം വൈദ്യുതി ലഭിക്കാതിരുന്ന അവര്‍ ഇപ്പോള്‍ വാട്ടര്‍ പൈപ്പ് ലൈനും റിപ്പയര്‍ ചെയ്യിക്കേണ്ട അവസ്ഥയിലാണ്. തന്റെ ഫയര്‍പ്ലേസിന് ചുറ്റും ബ്ലാങ്കറ്റുകളും പില്ലോകളും വെച്ചാണ് ഇവര്‍ തണുപ്പില്‍ നിന്ന് രക്ഷപ്പെട്ടത്. ടെക്‌സസില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സ്വന്ത ഇഷ്ടപ്രകാരമുള്ള കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാമെന്ന് പത്തിരുപത് വര്‍ഷം മുന്‍പ് നിയമം ഉണ്ടായി. അതനുസരിച്ച് ഉപഭോക്താക്കള്‍ കമ്പനികള്‍ മാറുന്നു. കുറഞ്ഞ യൂണിറ്റ് നിരക്ക് വാഗ്ദാനം ചെയ്തു കോണ്‍ട്രാക്ടില്‍പെടുത്തി പല പേരുകളില്‍ അടിസ്ഥാന നിരക്കിന് മേല്‍ ബില്‍ ചെയ്തു ഉപഭോക്താക്കളെ വഞ്ചിക്കുന്നു.
ഈയിടെ അഞ്ചു ദിവസത്തെ വൈദ്യുതി ഉപയോഗത്തിന് ഒരു ഗൃഹനാഥയ്ക്കു അയ്യായിരം ഡോളറിന്റെ ബില്‍ നല്‍കി ഒരു കമ്പനി ചരിത്രം സൃഷ്ടിച്ചു. ആരുടെ കുറ്റം മൂലമാണ് ദുരന്തം ഇത്രയും വഷളായത് എന്ന ചോദ്യത്തിന് ഉത്തരമായി പാര്‍ട്ടി വിശ്വാസത്തിനനുസരിച്ച് വിരലുകള്‍ ചൂണ്ടുന്നു. ചിലര്‍ ഗവര്‍ണറെയും ലെഫ്. ഗവര്‍ണറെയും കുറ്റപ്പെടുത്തുന്നു. ഗവര്‍ണര്‍ ഫെഡറല്‍ ഗവണ്‍മെന്റ് വളരെ വൈകി 77 മാത്രം ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ ആവശ്യം എല്ലാ 254 കൗണ്ടികളെയും ദുരിതബാധിതമായി പ്രഖ്യാപിക്കണം എന്നായിരുന്നു. എന്നാല്‍ മറ്റ് കൗണ്ടികളെ ഒഴിവാക്കിയതിനെകുറിച്ച് വൈറ്റ് ഹൗസോ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (ഫേമ) യോ വിശദീകരണം നല്‍കിയില്ല. ഫേമയില്‍ നിന്ന് രേഖകള്‍ ലഭിച്ച ഉടനെ താന്‍ വിളംബരം പുറപ്പെടുവിച്ചു എന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. ഔദ്യോഗീക വിളംബരത്തില്‍ വന്ന കാലതാമസം രേഖകള്‍ ശേഖരിക്കുന്നതില്‍ അവകാശികള്‍ക്ക് ബുദ്ധിമുട്ടാവുകയില്ല എന്ന് കരുതുന്നു