17.1 C
New York
Wednesday, September 22, 2021
Home Literature ഞായറാഴ്ച കുർബ്ബാന (കഥ)

ഞായറാഴ്ച കുർബ്ബാന (കഥ)

✍ആനി ജോർജ്ജ്

പള്ളിയിലേക്ക് പോകാനിറങ്ങി, ഇടവഴിയുടെ കോണിലുള്ള മാടക്കടയ്ക്കരികിൽ എത്തിയപ്പോഴാണ്,ഒരനക്കം കേട്ടത്. അവ്യക്തമായ, സ്ത്രീയുടെതെന്നോ പുരുഷന്റെതെന്നോ തിരിച്ചറിയാനാകാത്ത ശബ്ദത്തിൽ,എന്തോ പറഞ്ഞു കൊണ്ട് മുഷിഞ്ഞ കൈലിയുടെ പുറത്ത്, അതിലും മുഷിഞ്ഞ ഇരു കുറിയാണ്ടുമുടുത്ത്, ഒരു വലിയ തലേക്കെട്ടുമായി ഭ്രാന്തൻ ജോസ് മുന്നിലേക്ക് വന്നു നിന്നത് പെട്ടെന്നാണ്.

അപ്രതീക്ഷിതമായതുകൊണ്ട് ഭയന്നില്ലയെന്ന് പറയാനും വയ്യ. ഭ്രാന്തൻ ജോസ് ഉപദ്രവകാരിയല്ല. ഓർമ്മവച്ച കാലം മുതലേ, ‘ഭ്രാന്തൻ ജോസ് ‘എന്ന് തന്നെയാണ് കേട്ടിട്ടുള്ളത്. ‘ജോസ് ‘എന്ന് മാത്രം പറഞ്ഞാൽ മനസ്സിലേക്കോടി വരുന്ന,ലോലൻ ജോസും, ‘വാലയിലെ ജോസും’, ‘പത്രക്കാരൻ ജോസും’, ജംഗ്ഷനിലെ പാരലൽ കോളേജിലെ ‘ജോസ് സാറും ‘പിന്നെ അടുത്തതും അകന്നതുമായി ബന്ധത്തിലുള്ള രണ്ടുമൂന്നു ‘ജോസു’മാരും ആണ്. ആ നീണ്ട നിരയുടെ അറ്റത്തൊന്നും ഭ്രാന്തൻ ജോസ് ഉണ്ടാകില്ല. അയാളുടെ ഒറ്റയാൾ നിരയിൽ വേറെയാരുമൊട്ടില്ല താനും.

പതിവില്ലാതെ, കുർബാനമധ്യേ അച്ചൻ കാസയും പീലാസയും ഉയർത്തി മുന്നിലേക്ക് നീങ്ങി നിന്നപ്പോൾ, ഭ്രാന്തൻ ജോസ് മനസ്സിന്റെ വിശാലമായ മുറ്റത്ത് ഓടിനടന്നു. ഭ്രാന്തൻ ജോസ് ക്രിസ്ത്യാനിയാണോ? പേരുകൊണ്ട് ഹിന്ദുവും ആകാം. ഏതായാലും മുസ്ലിം അല്ല.

ആയ കാലത്ത്,അയാളുടെ മുഖ്യതൊഴിൽ തെങ്ങുകയറ്റമായിരുന്നതിനാൽ ജോസ് എപ്പോഴും ആകാശത്തേക്ക് നോക്കി നടന്നിരുന്നു. കുർബാനയിൽ അച്ചനെക്കാൾ ആഴത്തിൽ ശ്രദ്ധിച്ച്, ദീന മുഖത്തോടെ തൊട്ടരികിൽ നിൽക്കുന്ന മത്തായിച്ചന്റെ ദേഹത്ത് തട്ടി വീഴും എന്നു തോന്നി, ജോസിന്റെ നിലം നോക്കാതെയുള്ള ആ നടത്തം കണ്ടിട്ട്. അച്ചൻ കാസയും പീലാസയും ഭ്രാന്തൻ ജോസിനും മത്തായിച്ചനും വെച്ചു നീട്ടി, എന്നാൽ ഇരുവർക്കും കൊടുക്കാതെ, തിരിച്ചു സ്വകാര്യതയിലേക്ക് അതുമായി മടങ്ങി.

പ്രതീക്ഷയോടെ നീട്ടിയ കൈകൾ തിരിച്ചെടുത്ത്, മാനത്ത് കണ്ണിൽ തടഞ്ഞ മാലാഖമാരെ കണ്ട് ജോസും അദൃശ്യമായ ചിറകുകൾ കുടഞ്ഞു.അയാൾ ഇല്ലാത്ത ചിറകുകൾ കുടയുന്നത് കണ്ടപ്പോൾ എനിക്ക് ചിരിവന്നു. എന്റെ മുഖത്തും പുഞ്ചിരി പടർന്നിട്ടുണ്ടാകണമെന്ന് എനിക്ക് തോന്നിയത്, ആ പുഞ്ചിരി വലതുവശത്തെ നിരയിൽ ഇങ്ങേയറ്റം നിന്ന് ‘പ്ലാപ്പള്ളി’യിലെ മോളി, അത് പത്തിരട്ടിയായി തിരിച്ചു തന്നപ്പോഴാണ്.
കൈകൾകൊണ്ടു വായുവിൽ വിരലോടിച്ച്, ജോസ് ചെങ്കടലിനെ ശാസിച്ചു. ജപ്പാനിലെ ഏതുസമയവും പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതങ്ങളെ ചവിട്ടാതെ, കാലുകൾ ശ്രദ്ധയോടെ അമർത്തി ചവിട്ടി, അയാൾ ആ വിശാലമായ മുറ്റത്തിന്റെ ഒരു കോണിലിട്ടിരുന്ന കസേരയിലേക്ക് ചാഞ്ഞു.

“ഹോ വല്ലാത്ത ചൂട്….. ഭൂമി തിളച്ചു മറിയുന്ന തുകൊണ്ട്, എങ്ങും ഇരിക്കാനും വയ്യ!!!”എന്ന് പരാതി പറഞ്ഞ് അയാൾ വീണ്ടും എഴുന്നേറ്റു നടപ്പു തുടങ്ങി. വടക്കേ കോണിലെ മണ്ട പോയ തെങ്ങ് തലേന്നാണ് പഞ്ചായത്തിൽ നിന്ന് ആളെ വരുത്തി മുറിപ്പിച്ചത്. ആ മുറിപ്പാടുകളിൽ നിന്നൊലിച്ച ചോരപ്പാടുകളിൽ തഴുകി, അയാൾ വിചിത്രമായ ശബ്ദങ്ങൾ ഉണ്ടാക്കി. സംഘംചേർന്ന് നിരനിരയായി കുരിശുമല യിലേക്ക് പദയാത്ര നടത്തിയ ഉറുമ്പുകളുടെ കൂട്ടം, അത് ഏറ്റുപാടി. അവർ ഒരുമിച്ചു നടന്നു.

അവരോടൊപ്പം തന്നെയും ചേർത്തതിന് ജോസ് ഉറുമ്പുകളോട് നന്ദി പറഞ്ഞു. അസമയത്ത് മദ്യപിച്ചവശനായ ഒരു കുടിയനെ പോലെ ശിരസ്സു കുമ്പിട്ട്, വരിയിലെ ഒടുവിലത്തെയാളായി ജോസ് അവരോടൊപ്പം നടന്നു നീങ്ങി.
” നിങ്ങൾ എല്ലാവരും സമാധാനത്താലേ പോകുവിൻ, എന്നേക്കും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ ” അച്ചന്റെ അപേക്ഷ കേട്ട്, തൊട്ടടുത്ത് നിന്ന മത്തായിച്ചൻ, വിനയപുരസ്സരം നടു ‘റ ‘ പോലെ വളച്ചു. ജോസ് ഉറുമ്പുകളെ അനുഗമിച്ച്,മുറ്റത്തിന്റെ അതിരുകൾ കടന്നു. ഞാനും ആ വരിയിലേക്ക് കയറി നിന്നു. ഉറുമ്പുകളെപ്പോലെ ഇഴഞ്ഞു സ്തോത്രകാഴ്ച പാത്രത്തിനടുത്തേക്ക് നീങ്ങി.

തിരിച്ച് വീട്ടിലെക്കുള്ള ഇടവഴിയിലേക്ക് ഇറങ്ങുമ്പോൾ മാടക്കടയിലേക്ക് ഞാനൊന്ന് പാളി നോക്കി. ഭ്രാന്തൻ ജോസ് അവിടെയുണ്ട്. ഉറക്കമാണ്. ഇനിയൊരു അഗ്നിപർവതം എന്റെ കാൽക്കീഴിൽ അമർന്നു പൊട്ടാതെ, ഞാൻ കാലുകൾ സൂക്ഷ്മതയോടെ അമർത്തി ചവിട്ടി, മുന്നോട്ടു നീങ്ങി.

✍ആനി ജോർജ്ജ്

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...
WP2Social Auto Publish Powered By : XYZScripts.com
error: