17.1 C
New York
Sunday, January 29, 2023
Home Special ഞാനറിഞ്ഞതും കൊണ്ടാടിയതുമായ വിഷു എന്ന ആണ്ടുപിറപ്പാഘോഷം 💐

ഞാനറിഞ്ഞതും കൊണ്ടാടിയതുമായ വിഷു എന്ന ആണ്ടുപിറപ്പാഘോഷം 💐

ചന്ദ്രിക മേനോൻ

Bootstrap Example

ഉത്തരേന്ത്യയിൽ ജനിച്ച വളർന്നു എങ്കിലും മലയാള തനിമ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് വളർന്ന ഒരു തലമുറയാണ് എന്റേത് .  കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നെ ഞങ്ങളെ വളർത്തിയത് . അതുകൊണ്ട് തന്നെ മക്കളും പേരമക്കളും അതൊക്കെ അറിയണം എന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു പോരുന്നു ഇന്നോളം .

         എന്നാൽ ഇന്നത്തെ തലമുറയിൽ പല ചെറുപ്പക്കാർക്കും ‘ മലയാലം’ അരിയില്ല ‘ എന്ന് പറയുന്നതാണ് പത്രാസ്സ് . പിന്നെ കേരളത്തിലെ ഉത്സവാഘോഷങ്ങളെ കുറിച്ച് പറയണ്ടല്ലോ ?
എന്നിരുന്നാലും നാളെ ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ആഘോഷം വരികയായി . അതെ വിഷു അല്ലെങ്കിൽ ആണ്ടുപിറപ്പ് എന്ന് കുഞ്ഞു നാളിൽ ഞങ്ങളൊക്കെ ആചരിച്ചിരുന്ന ആഘോഷം !!!
    അറിയാൻ ആഗ്രഹമുള്ള ചിലരെങ്കിലും കാണുമല്ലോ പണ്ടുമുതലേ നമ്മുടെ മുത്തശ്ശന്മാരും അമ്മാവന്മാരും ഒക്കെ കൊണ്ടാടിയിരുന്ന വിഷുവിനെ കുറിച്ച് ?
അവർക്കായി സമർപ്പിക്കുന്നു ഞാൻ അറിഞ്ഞതും ആചരിച്ചിരുന്നതുമായ വിഷുവിനെ കുറിച്ചുള്ള ഈ ആഖ്യാനം
          
              രാത്രിയും പകലും തുല്യമായി വരുന്ന രണ്ടുദിനങ്ങള്‍ ഒരു വര്‍ഷത്തിലുണ്ടാവാറുണ്ട്‌. ഒന്ന്‌ മേടം ഒന്നിനും അഥവാ മേട വിഷുവിനും മറ്റൊന്ന്‌ തുലാം ഒന്നിനും. തുലാ വിഷുവേക്കാള്‍ മേടവിഷുവിന്‌ മലയാളികള്‍ പ്രാധാന്യം കൊടുക്കാന്‍ എന്താവാം കാരണം? മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ്‌ ഇത്‌ എന്നതുതന്നെ. വെന്തുരുകിയ മണ്ണില്‍ കീടങ്ങളും കളകളും പോയി വേനല്‍ മഴ പെയ്‌തിറങ്ങുന്നതോടെ വിതയ്‌ക്കാന്‍ മണ്ണൊരുങ്ങുന്നു. മേടം ഒന്നുമുതല്‍ പത്താമുദയംവരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്‌. കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ നമ്മുടെ എല്ലാ ഉത്സവങ്ങളും. വിഷുവും അങ്ങനെതന്നെ.

            അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിച്ചിരുന്നു അന്നൊക്കെ . വിഷുഫലം എന്നാണ് ഇതിനു പറയുക. കൊല്ലവര്‍ഷം വരുന്നതിനുമുമ്പ്‌ വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്‌. വസന്തത്തിന്റെ വരവിനെയാണ്‌ അക്കാലത്ത്‌ നവവത്സരത്തിന്റെ തുടക്കമായിക്കണക്കാക്കി പോന്നത്‌. വിഷുവിനാണത്രെ സൂര്യന്‍നേരേ കിഴക്കുദിക്കുന്നത്‌.

വിഷു ഒരാഘോഷമായി കൊണ്ടാടാന്‍ തുടങ്ങിയത്‌ ഭാസ്‌കര രവിവര്‍മ്മയുടെ കാലം മുതലാണെന്നാണ്‌ വിശ്വാസം. കുലശേഖര രാജാവായിരുന്നു ഭാസ്‌കര രവിവര്‍മ്മ………………
കാര്‍ഷികപ്രധാനമാണ്‌ വിഷു……” കൃഷിയും ധനവും കൈനീട്ടമേകാന്‍ ഋഷിനാടിന്നുത്സവദേവത നീ “എന്നു കവി പാടിയിട്ടുണ്ടത്രെ !!
വിഷു എന്ന വാക്ക്‌ ഉത്‌പാദനവുമായിക്കൂടി ബന്ധപ്പെട്ടതാണ്‌. വിസൂയതേ ഇതി വിഷു (ഉല്‍പ്പാദിപ്പിക്കുകയാല്‍ വിഷു എന്നര്‍ഥം) വരുന്ന വര്‍ഷഫലത്തെക്കുറിച്ച്‌ ഇക്കാലം കര്‍ഷകര്‍ സ്വപ്‌നം കാണുന്നു. ഞാറ്റുപാടങ്ങളില്‍ പുള്ളുവര്‍ പാടുന്ന പാട്ടുണ്ട്‌.

പൊലിക പൊലിക ദൈവമേ 
താന്‍ നെല്‍ പൊലിക, 
പൊലികണ്ണന്‍ തന്റേതൊരു 
വയലകത്ത്‌ 
ഏറോടെയെതിര്‍ക്കുന്നൊരെരുതും വാഴ്‌ക 
ഉഴമയലേയാ എരിഷികളെ നെല്‍പ്പൊലിക 
മുരുന്ന ചെറുമനുഷ്യര്‍ പലരും വാഴ്‌ക 
മുതിക്കും മേലാളിതാനും വാഴ്‌ക
ഈ വരികൾ വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം.

      വിഷുവിനെ കുറിച്ച് അമ്മമ്മ പറഞ്ഞു തന്ന ഐതിഹ്യങ്ങൾ കേൾക്കണോ ??
             നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
        രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട് 
ഉത്ഭവം.
ആദിദ്രാവിഡാഘോഷങ്ങളില്‍ പെട്ട ഒരു ഉത്സവമാണ് വിഷു. മത്സ്യമാംസാഹാരാദികള്‍ വര്‍ജ്ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമതസിദ്ധാന്തങ്ങള്‍ക്ക് ചേരുന്നതാണെങ്കില്‍ വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷുആഘോഷങ്ങളില്‍ നിഴലിക്കുന്നു. അതിനാല്‍ ഓണത്തേക്കാള്‍ പഴക്കമുള്ള ആഘോഷമാണ് വിഷു എന്ന് കരുതുന്നു. 

               പണ്ടൊക്കെ ഞങ്ങളുടെ തറവാടുകളിൽ ആചരിച്ചിരുന്നു കാര്യങ്ങൾ അമ്മ പറഞ്ഞു തന്നതും ഇവിടെ പങ്കു വെക്കാം
          കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

        1. വിഷുക്കണി

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളില്‍ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്.
പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.
ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

      2. വിഷുക്കൈനീട്ടം

       കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നതത്രെ.  വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നല്‍കുനത്. പ്രായമായവര്‍ പ്രായത്തില്‍ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.

         3. വിഭവങ്ങള്‍

മുന്‍ കാലങ്ങളില്‍ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥന്‍ പനസം ((ചക്ക ) വെട്ടുന്നതോടെയാണ്. വിഷുവിന് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂത്രേ .വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടായിരിക്കും. എരിശ്ശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടല്‍, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയില്‍ ചേര്‍ത്തിരിക്കും.എന്റെ തറവാട് സ്ഥിതി ചെയ്യുന്ന വള്ളുവനാട് പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരുന്നുവത്രെ പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാന്‍ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും.
കേരളത്തിലെ ചില ഭാഗങ്ങളില്‍ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

രാവിലെ പ്രാതലിന് ഞങ്ങളുടെ പ്രദേശത്തു വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശര്‍ക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. tഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്.

       4.കണിക്കൊന്ന

         വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(Indian lebarnum )കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നില്‍കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കര്‍ണ്ണികാരം എന്നും അറിയുന്ന കണികൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിര്‍ത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്. എന്നാല്‍ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.

      5. കൃഷിയുമായി ആചാരങ്ങള്‍

         വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങള്‍ കൃഷിയേ സംബന്ധിച്ച് നിലനില്‍ക്കുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.
.
      A. ചാലിടീല്‍

വിഷുസദ്യയ്ക്ക് മുന്‍പായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീല്‍ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകള്‍ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിര്‍ബന്ധമില്ലെങ്കിലും കാര്‍ഷികോപകരണങ്ങള്‍ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളില്‍ അവില്‍, മലര്‍, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.

   B. കൈക്കോട്ടുചാല്‍

വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്;വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് വഴ്ഴ് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതില്‍ കുഴിയെടുത്ത് അതില്‍ നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളില്‍ കൃഷി ഇറക്കിക്കഴിഞ്ഞ കര്‍ഷകര്‍ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.
      
     അങ്ങിനെയും ഉണ്ടായിരുന്നു ഒരു സമ്പല്സമൃദ്ധമായ വിഷു ആഘോഷം നമ്മുടെ നാട്ടിൽ. ജാതിമതഭേദമന്യേ കേരളീയർ കൊണ്ടാടുമായിരുന്ന ഈ വക ആഘോഷങ്ങൾ വിസ്മൃതിയിൽ ആണ്ടുപോകുന്നുവോ ? എന്തായാലും എന്ത് വീട്ടിൽ ഈ കൊല്ലവും വിഷുക്കണി ഒരുക്കും . കുട്ടികൾക്ക് വിഷുക്കൈനീട്ടവും കൊടുക്കും . തനി വള്ളുവനാടൻ രീതിയിൽ ഉള്ള വിഷുസ്സദ്യയും ഒരുക്കും . വരുന്നോ പ്രിയരേ ?? സ്വാഗതം 🙏🙏🙏

         “ഏത് ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏത് യന്ത്ര വല്‍കൃത ലോകത്ത് പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും,
മണവും, മമതയും ഇത്തിരി കൊന്നപ്പൂവും …………..”
(വൈലോപ്പിള്ളി )

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: