ഇന്നലെ തോമസ് അലക്സാണ്ടർസാർ വിളിച്ചു ചോദിച്ചു, തമ്പി ആൻറണിയും മെത്രാപോലീത്ത തിരുമേനിയും കൂടി ചെന്നാൽ ആരാവും സ്വർഗ്ഗത്തിൽ ജോയനോടൊപ്പം കയറുക? ചോദ്യം അത്ര മനസ്സിലായില്ല; അതുകൊണ്ടുതന്നെ നീണ്ട ഒരു നിശ്ശബ്ദത. ഒന്നുകൂടി വ്യക്തമാക്കി ചോദിക്കാമോ എന്ന് ഞാൻ. അപ്പോഴാണ് ജോയൻചേട്ടനു നേരിട്ട ഒരു തീവ്ര അനുഭവം പങ്കുവെച്ചത്. ജോയൻചേട്ടനു അമേരിക്കയിൽ ഒട്ടനവധി സുഹൃത്തുക്കളും പരിചയക്കാരും ഉണ്ടായിരുന്നെങ്കിലും അനാഥമായ ചില നിമിഷങ്ങളും ശോകമായ ചില പരാശ്രയബോധ്യങ്ങളും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എഴുത്തുകാരുടെ പൊരുത്തപ്പെടാത്ത ചില കിറുക്കുകൾ അവരോടൊപ്പം സഞ്ചരിക്കാറുണ്ട്, ഒരു പക്ഷെ സാധാരണ സമയത്തു അവർ അങ്ങനെ തിരിച്ചറിയപ്പെടാറില്ലെങ്കിലും, അവരുടെ ചില ഏകാന്തതകളിൽ അവ അറിയാതെ പ്രത്യക്ഷപ്പെടാറുണ്ട്. അത് സാധാരക്കാർക്കു പൊരുത്തപ്പെട്ടു എന്ന് വരില്ല.
ജോയൻചേട്ടൻ്റെ തീവ്രമായ മതബോധവും വിശ്വാസത്തിലെ ആഴത്തിലുള്ള ഇഴയടുപ്പവും, ഈ കൊച്ചുകുഞ്ഞുങ്ങളുടെ കഥപറച്ചിലുകാരനു പള്ളികളിൽ ഒരു മതപണ്ഡിതപരിവേഷം ചാർത്തപ്പെടുകയും, അനർഗളം ഒഴുകിവരുന്ന വാക്‌ധോരണിയിൽ വിശ്വാസികൾ മയങ്ങിപ്പോകാറും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, സഭയുടെ കേന്ദ്രത്തിൽതന്നെ ഒരു താമസസൗകര്യം ഒരുക്കുവാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് സാധിച്ചു. ചരടുപൊട്ടിയ പട്ടം പോലെ പറന്നു നടന്ന ജോയൻചേട്ടനു അത് വലിയ ആശ്വാസവും സുരക്ഷിതത്വവും തോന്നിച്ചിരുന്നു.
അതിശൈത്യമുള്ള മഞ്ഞണിഞ്ഞ ഒരു പാതിരാത്രിയിൽ പാപ്പച്ചനു (A.J.ഡേവിഡ്) ഒരു ഫോൺ കോൾ, ‘എന്നെ രക്ഷിക്കണം’. ഉറക്കത്തിൽ നിന്നും തട്ടിയുണർന്ന പാപ്പച്ചനു സ്ഥലകാലബോധം ഉണ്ടായപ്പോഴാണ് അത് ജോയനാണു എന്ന് തിരിച്ചറിഞ്ഞത്. എവിടുന്നോ കൂട്ടികൊണ്ടു പോകാമോ എന്ന് കരഞ്ഞപേക്ഷിക്കുകയാണ്. വഴിപറ, ഞാൻ ഇതാ എത്തുന്നു. പാപ്പച്ചൻ വന്നപ്പോൾ കൂരിരുട്ടിൽ തണുത്തുറഞ്ഞ മഞ്ഞിൽ ജോയൻ തന്റെ ഭാണ്ഡങ്ങളുമായി വിറച്ചു നിൽക്കുന്നു. ‘കയറു കാറിലേക്ക്’, പാപ്പച്ചൻ ജോയനെ ചൂടാക്കിയിട്ട വണ്ടിയിൽ കയറ്റി സ്വന്തം വീട്ടിലേക്കു കൊണ്ടുപോരുന്നു. എന്താ സംഭവിച്ചത് ജോയൻ? പാപ്പച്ചൻ തുടരെ ചോദിച്ചുകൊണ്ടിരുന്നു. ജോയൻ വിറയലും വിതുമ്പലുകളുംകൊണ്ട് പറഞ്ഞതൊന്നും പാപ്പച്ചന് മനസ്സിലായില്ല.
‘ഇപ്പോൾ ഇവിടുന്നു ഇറങ്ങണം’.
തിരുമേനിയുടെ കല്പനയാണ്.
‘എങ്ങോട്ടു ഇപ്പോൾ?
അതെനിക്കറിയില്ല, ഇപ്പൊ ഈ നിമിഷം ഇറങ്ങണം’.
ഈ മഞ്ഞിൽ?, കാലത്തേ പൊയ്ക്കൊള്ളാം.
‘പറ്റില്ല, ഇപ്പൊ ഇറങ്ങിക്കൊള്ളണം’.
പേടിച്ചു വിറച്ചു ഭാണ്ഡവുമായി മഞ്ഞിലേക്കു ഇറങ്ങി ഗതിയറിയാതെ നിൽക്കുമ്പോഴാണ്
മനസ്സിൽനിന്നും ആകെ ഓർക്കാൻ സാധിച്ച പാപ്പച്ചന്റെ നമ്പർ കുത്തിയത്.
രണ്ടു മുറിയുള്ള അപ്പാർട്ട്മെൻറ്റിൽ നാലു ചെറുകുട്ടികളുമായി ഒരാളുടെ വരുമാനത്തിൽമാത്രം താമസിക്കുന്ന പാപ്പച്ചന് കടലോളം നന്മയുള്ള ഒരു മനസ്സ് മാത്രമായിരുന്നു സമ്പാദ്യം. നല്ല സമരിയക്കാരന്റെ കഥകൾ ഒന്നും പറഞ്ഞുകേട്ട അത്ര പരിചയമോ, പക്വമായ കണക്കുകളോ അറിയില്ലായിരുന്നു. സാരമില്ല, കാര്യങ്ങൾ ഒക്കെ ശരിയാകും എന്ന് ആശ്വസിപ്പിക്കാനുള്ള സ്വാന്തനത്തിന്റെ പ്രതീക്ഷാ നാമ്പുകൾ മാത്രമായിരുന്നു പറയാൻ ഉണ്ടായിരുന്നത്. മാസങ്ങളോളം തങ്ങളുടെ പരിമിതമായ ലാവണത്തിൽ താമസിക്കുവാനും ഭക്ഷണം കൊടുക്കുവാനും ഒന്നും ഒരു മടിയും അവർക്കില്ലായിരുന്നു.
ജോയൻചേട്ടനെ ദത്തെടുത്തു, ഒരു പിതാവിനെപ്പോലെ കരുതി എല്ലാ വൈകല്യങ്ങളും അരുതായ്മകളെയും കാര്യമാക്കാതെ, ആ ജീവിതത്തെ നിരന്തരം കരുതി അവസാന നിമിഷംവരെ സംരക്ഷിച്ച തമ്പി ആൻറണിയും പ്രേമയും സ്വർഗത്തിൽ പോകും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അവർ അദ്ദേഹത്തിനായി ഒരുക്കിയത് ഒരിക്കൽ മിസ്സ് അമേരിക്ക താമസിച്ച അത്യുത്തമമായ അപ്പാർട്മെൻറ് സമുച്ചയത്തിലായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ജോയൻചേട്ടൻ്റെ 84 ആം ജന്മദിനം വിപുലമായി ആഘോഷിക്കുവാനും അവർ തയ്യാറായി. അതിനുശേഷം ജോയൻചേട്ടൻ സന്തോഷമുള്ള ഉന്മാദാവസ്ഥയിലായിരുന്നു എന്ന് മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് സംസാരിച്ചപ്പോൾ മനസ്സിലായി. ജോയൻചേട്ടനോടു സ്നേഹമുള്ളവർ ഒത്തിരിപ്പേരുണ്ട് എന്ന് പറഞ്ഞപ്പോൾ നിറുത്താത്ത ചിരി അങ്ങനെ നീണ്ടു പോയതും ഓർക്കുന്നു. തമ്പി ആൻറണിയും പ്രേമയും തീർച്ചയായും സ്വർഗത്തിൽ പോകാതിരിക്കില്ല, ജീവിതത്തിൽ ചെറിയ സ്വർഗ്ഗം പണിയുന്നവർക്കു അവിടെ സൂപ്പർ ഡീലക്സ് സെറ്റപ്പ് തന്നെ ഉണ്ടാവാതിരിക്കില്ല.
സ്വർഗ്ഗകവാടത്തിൽ പൂക്കളുമായി പാപ്പച്ചേനയും സ്വീകരിക്കാൻ ജോയൻചേട്ടൻ ഉണ്ടാവും എന്നതും ഉറപ്പാണ്. അല്ലെങ്കിൽ അതെന്തു സ്വർഗ്ഗം? ഞാൻ തോമസ് സാറിനോടു പറഞ്ഞു. തന്റെ പൂക്കൂടയുമായി അവരെക്കാത്തു ജോയൻചേട്ടൻ അവിടെയുണ്ടാകും. തന്നെ ജീവിതത്തിൽ കൈപിടിച്ചു നിറുത്തിയ ചിലർകൂടിയുണ്ട്, സിബിയും, ജേക്കബ് കുട്ടിച്ചായനും, ആൻറണിയും, അങ്ങനെ നിരവധി നല്ല മനുഷ്യർ…ഒക്കെ. അവർക്കും ഉള്ള പൂക്കളും ആ കൂടയിൽ തീർച്ചയായും ഉണ്ടാവണം.
സ്വർഗ്ഗത്തിൽ പോകണോ അതോ നരകത്തിൽ പോകണോ എന്ന് സാഹിത്യനിരൂപകനായിരുന്ന ശ്രീ.കെ.പി അപ്പനോട് ചോദിച്ചപ്പോൾ, അദ്ദേഹം നരകത്തിൽ പോയാൽ മതി എന്ന് പറഞ്ഞു, കാരണം എല്ലാ എഴുത്തുകാരും അവിടെ കാണുമത്രേ. ഒരു പക്ഷേ നരകത്തിൽ ആയിരിക്കും കൂടുതലും അദ്രമായ അനുഭവങ്ങൾ അവയെക്കുറിച്ചുള്ള വ്യക്തമായ ധാരണകൾ ഇല്ലാത്ത എഴുത്തുകാരനു എന്തെഴുതാൻ?. പക്ഷേ നരകത്തിന്റെ വലിയ ലോകത്തു ജോയൻചേട്ടനു വലിയ സ്കോപ്പ് ഇല്ല.അത് ഭൂമിയിൽ വച്ചുതന്നെ കുറെ അനുഭവിച്ചു തീർത്തിരിക്കുന്നു. പൂക്കൾ നിര നിരയായി വിരിഞ്ഞു നിൽക്കുന്ന ഉദ്യാനങ്ങളും, നിറഞ്ഞ പുൽമേടുകളും, നീർതോടുകളും താഴ്വാരങ്ങളും അവിടെ പന്തലിക്കുന്ന തോട്ടത്തിൽ തോട്ടക്കാരനൊപ്പം തന്റെ കൊതുമ്പുവള്ളവുമായി ജോയൻചേട്ടൻ അങ്ങനെ പൊട്ടിചിരിച്ചുകൊണ്ടു തുഴഞ്ഞു നടക്കുന്നുണ്ടാവും. കുമരകത്തെ മീൻ പൊള്ളിച്ചതും, പാത്രിയർക്കിസ് ബാവായുടെ സുറിയാനി പ്രസംഗവും ഒക്കെയായി അവിടാകെ അടിച്ചുപൊളിക്കയാവും. അവിടെയും ഭൂമിയിലെ കൊച്ചു കഥകൾ കേട്ട് തോട്ടക്കാരൻ പൊട്ടിച്ചിരിക്കുന്നുണ്ടാവാം.
ധാരാളം ജീവിതാനുഭവങ്ങളും അവയുടെ അർത്ഥതലങ്ങൾ അറിയാനുള്ള നൈപുണ്യവും അവയെക്കുറിച്ചു പറയാനുള്ള പാടവും ഉണ്ടായിരുന്നിട്ടും, ആരുടെമേലും തന്റെ അറിവിന്റെ ഭാണ്‌ഡം എടുത്തുവെയ്ക്കാൻ ശ്രമിക്കാഞ്ഞ ഒരു സന്യാസി. അപരിഷ്‌കൃതമായ ജീവിതത്തിന്റെ കോണുകളെ ഭയത്തോടെ നോക്കിക്കാണുമ്പോളും, തന്റെ പൂക്കൂടയിൽ നിറയെ കുട്ടികൾക്കുള്ള അപ്പൂപ്പൻ കഥകളുമായി വഞ്ചി തുഴഞ്ഞു ഓരോ കടവിലും തെന്റെ കൊതുമ്പു വള്ളം അടുപ്പിച്ചു. പലരും തള്ളി നീക്കിവിട്ടു, ചിലർ ചേർത്തുനിറുത്തി പൂക്കൂടയിൽ നിന്നും വിവിധ വർണ്ണങ്ങളിൽ ഉള്ള പൂവുകൾ കുടെഞ്ഞെടുത്തു, ചിലർ മണത്തു, വണ്ടുകൾ മധുനുകർന്നു. ഏകനായി കൊതുമ്പുവള്ളത്തിൽ കൈവീശി തുഴഞ്ഞകലുമ്പോഴും പുഴക്കരയിൽ നിറയെ വാടാത്ത പൂക്കളുടെ വസന്തം.