ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശത്തുനിന്ന് കേന്ദ്ര സർക്കാർ നേരിട്ട് വാക്സിൻ സ്വീകരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ 25 ശതമാനം സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കണം. വാക്സിൻ തുകയ്ക്കു പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം.
കഴിഞ്ഞ 60 വർഷക്കാലത്തിന് സമാന സ്ഥിതിയാണ് ഉള്ളതെങ്കിൽ തീർച്ചയായും വാക്സിൻ വിദേശത്തു നിന്നും വാങ്ങേണ്ട അവസ്ഥയാകും രാജ്യത്ത് ഉണ്ടാകുക. മറ്റ് രാജ്യങ്ങളിൽ വാക്സിനേഷൻ പൂർത്തിയായാലും രാജ്യത്ത് വാക്സിൻ നിർമ്മാണം ആരംഭിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് രണ്ടാം തരംഗത്തിൽ പോരാട്ടം തുടരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ ഒരുപാട് പ്രതിസന്ധി നേരിട്ടു, പ്രിയപ്പെട്ടവരെ നഷ്ടമായി. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തിൽ ഇന്ത്യ ഒന്നിച്ചുപോരാടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത് പുതിയ സൗകര്യങ്ങൾ സജ്ജമാക്കി. യുദ്ധകാല അടിസ്ഥാനത്തിൽ ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കുട്ടികൾക്കുള്ള വാക്സിൻ സംബന്ധിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് . ഇതിൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കായി നേസൽ വാക്സിനും ഗവേഷണ ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.