ഡാളസ്: മനുഷ്യജീവിതത്തെ തളച്ചിട്ടിരിക്കുന്ന ആസക്തികളിന്മേല്‍ വിജയം നേടുന്നതിനുള്ള അവസരമാണ് നോമ്പാചരണത്തിലൂടെ നാം നേടിയെടുക്കേണ്ടതെന്ന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുന്‍ വികാരിയും, ചെങ്ങമനോട് ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയുമായ റവ.എ.പി. നോബിള്‍ ഉദ്‌ബോധിപ്പിച്ചു.
മാര്‍ച്ച് 19 വെള്ളഇയാഴ്ച വൈകിട്ട് നോമ്പാചരണത്തോടനുബന്ധിച്ച് സൂം വഴി സംഘടിപ്പിച്ച ധ്യാനയോഗത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു നോബിളച്ചന്‍.
മത്തായി 27-ാം അദ്ധ്യായം മൂന്നു മുതല്‍ 5 വരെയുള്ള വാക്യങ്ങളെ അധികരിച്ചു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ഗലീലക്കാരനല്ലാത്ത ഏക വ്യക്തി ഇസ്തര്യോത്ത് യൂദയുടെ ജീവിതത്തില്‍ സംഭവിച്ച ഉയര്‍ച്ചകളേയും താഴ്ചകളേയും കുറിച്ചു അച്ചന്‍ സവിസ്തരം പ്രതിപാദിച്ചു.
ഉന്നതമായ അവസ്ഥയിലേക്ക് വിളിക്കപ്പെട്ടവനായിരുന്നുവെങ്കിലും, പാപത്തിന്റെ അഗാധ ഗര്‍ത്തയിലേക്ക് വീണപോയ, ക്രിസ്തുവിനോടൊപ്പം മൂന്നരവര്‍ഷം ഒന്നിച്ചു ജീവിച്ചിട്ടും യേശുവിനെ മനസ്സിലാക്കാന്‍ കഴിയാതെ ജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപോയ, സ്‌നേഹത്തിന്റെ അടയാളമായ ചുംബനത്തെ വഞ്ചനയുടെ പര്യായമായി മാറ്റിയ, കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതില്‍ ക്രിസ്തുവിന്റെ അടുക്കല്‍ വന്ന് പശ്ചാത്തപിക്കുന്നതിന് പകരം, മഹാപുരോഹിതരുടെ അടുക്കല്‍ ചെന്ന് കുറ്റം ഏറ്റുപറഞ്ഞു പാപമോചനത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയ യൂദാ ഇന്ന് സമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തിയിരിക്കുന്ന അത്ഭുതകരമായ മാതൃകകളെ കുറിച്ചു നോമ്പാചാരണത്തിന്റെ ഈ നാളുകളില്‍ നാം ബോധവാന്മാരാകുകയും, അതിനെ പാടെ ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞയെടുക്കുകയും വേണമെന്ന് അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.
ഇന്ന് സമൂഹത്തില്‍ പ്രകടമാകുന്ന ആത്മഹത്യ പ്രവണതകളിലേക്ക് മനുഷ്യരെ നയിക്കുന്നത് തന്നെ സ്‌നേഹിക്കുന്നതിനോ, തനിക്ക് പ്രവര്‍ക്കുന്നതിനോ, ആഗ്രഹിക്കുന്നതിനെ യാതൊന്നും ഇല്ല, എന്ന ചിന്തയാണ്. എന്നാല്‍ ജീവിതത്തെ പൂര്‍ണ്ണമായും ക്രിസ്തുവിന്റെ കരങ്ങളില്‍ നാം സമര്‍പ്പിക്കുമ്പോള്‍ ഈ ചിന്തകളില്‍ നിന്നും മോചനം ലഭിക്കുമെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. വികാരി. റവ.മാത്യൂ ജോസഫ് അച്ചന്‍ സ്വാഗതവും, സെക്രട്ടറി തോമസ് ഈശോ നന്ദിയും പറഞ്ഞു.