17.1 C
New York
Saturday, August 13, 2022
Home Literature ചോദയുടെ സഞ്ചി (കഥ ) ഭാഗം - 1

ചോദയുടെ സഞ്ചി (കഥ ) ഭാഗം – 1

കേണൽ രമേശ് രാമകൃഷ്ണൻ✍

“നിങ്ങളറിഞ്ഞോ ? ചോദ ചത്തു “

എതിരെ വന്നിരുന്ന സദാശിവനോട് ഇത്രയും പറഞ്ഞിട്ട് അയാൾ നടന്നങ്ങ് പോയി.
“ഏ ? എപ്പോൾ “ അതിനാരു൦ മറുപടി പറഞ്ഞില്ല. സദാശിവന് അറിയാം ചോദ ആരാണെന്നു൦ എവിടെയാണ് താമസിച്ചിരുന്നതെന്നു൦. അയാൾ പെട്ടെന്ന് ക്ഷീര സൊസൈറ്റിയെ ലക്ഷ്യം വെച്ച് നടന്നു. അവിടെ കുറെ ‌ആൾക്കാർ കൂട്ട൦ കൂടി നില്പുണ്ടായിരുന്നു.

“ചോദയ്ക്ക് എന്തു‌‌ പറ്റി ?” ആരോടെന്നില്ലാതെ സദാശിവൻ ചോദിച്ചു. കൂട്ടത്തിൽ പരിചയക്കാരനായ ഒരാൾ പറഞ്ഞു. “അവള് ചത്തു പോയി. ഇന്നു രാവിലെ ആണെന്ന് തോന്നുന്നു. രാവിലത്തെ പാത്രം കഴുകുന്നതിനിടയിൽ ആയിരിക്കും. ഇപ്പോൾ മൂന്നു മണി ആയില്ലേ?”

ഇതിനിടെ ഏഡ്ഡ് കുട്ടൻപിള്ള അവിടേക്ക് വന്നു.
“വഴി മാറെടാ, നായിന്റെ മക്കളെ “ എന്ന് പറഞ്ഞ് കൊണ്ട് ആ തടിയൻ‌ പോലീസുകാരൻ‌ മുറിക്കുള്ളിലേക്ക് കയറി. ലാത്തി ഏന്തിയ പൊലീസുകാരനെ കണ്ട ഉടനേ ജന൦ പായൽ മാറുന്നത് പോലെ മാറി. എന്നിട്ടും ലാത്തി ഒന്നു വെറുതേ വീശിക്കൊണ്ട് സൊസൈറ്റി കെട്ടിടത്തിന്റെ പുറകുവശത്തേക്കു അയാൾ പോയി. സദാശിവനു൦ പിറകെ പോയി.

കഴുകിക്കൊണ്ടിരുന്ന ഒരു വലിയ ചെമ്പ് പാത്രത്തിന്റെ ഉള്ളിലേക്ക് തല കുനിച്ച് തറയിൽ ഇരിക്കുന്നു ചോദയുടെ ശരീരം. അടുത്തു തന്നെ, കഴുകിയതു൦ കഴുകാത്തതുമായ കുറെ പാത്രങ്ങൾ. കയ്യിൽ ചാരത്തിൽ മുക്കിയ ചകിരി. അഴുക്കു പുരണ്ട കൈലിയു൦ ബ്ളൌസുമാണ് വേഷ൦. മുഖ൦ വ്യക്തമായി കാണാൻ സദാശിവനു പറ്റിയില്ല.

ചോദ ശരിക്കും ചത്തോ എന്ന് സഥിരീകരിക്കാനായി കുട്ടൻപിള്ള ലാത്തി‌ കൊണ്ട് തികച്ചും പോലീസ് മുറയിൽ ഒരു കുത്തു കുത്തി. ശവ൦ ഒരു വശത്തേക്ക് ചരിഞ്ഞ് പാത്രങ്ങളുടെ‌ ഇടയിലേക്ക് വീണു. സദാശിവൻ ചോദയുടെ മുഖ൦ കണ്ടു. അതിൽ ഒരു കോട്ടവു൦ ഇല്ലായിരുന്നു. ഒറ്റ ശ്വാസത്തിൽ തന്നെ ജീവൻ‌പോയതു പോലെ തോന്നി.

മരിക്കുമ്പോൾ ചോദയ്ക്ക് ഏകദേശം അറുപത് വയസ്സ് പ്രായം കാണു൦. കറുപ്പാണ് നിറ൦. മെലിഞ്ഞ ശരീരവും. യശോദ എന്ന് ആയിരിക്കും പേര്. വളരെ താഴ്ന്ന ജാതിയിൽ പെട്ടവളായതുകൊണ്ട് ആയിരിക്കും ‘ചോദ’ എന്ന് വിളിച്ചിരുന്നത്. ചെറുപ്പകാലത്തെ ഒരു കറുത്ത സുന്ദരി !

ചോദ ഒറ്റയ്ക്ക് ആയിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളും, കുടുംബവും ഒന്നും ഇല്ലായിരുന്നു. കുറേ വർഷങ്ങൾക്ക് മുമ്പ് ആ നാട്ടിൽ എത്തിയതാണ്. ആരുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടു ദയ തോന്നി ശ്രീധരൻ പിള്ള അയാളുടെ ക്ഷിര വ്യവസായ സൊസൈറ്റിയിൽ ഒരു ജോലി കൊടുത്തു. പാത്രങ്ങൾ വൃത്തിയാക്കുക, സൊസൈറ്റിയു൦ പരിസരവും വൃത്തിയായി സൂക്ഷിക്കുക. പകരം ഒരു ചെറിയ ശമ്പള൦ . വളരെ ഭംഗിയായി ആ ജോലി ചോദ നിർവഹിച്ചിരുന്നു. ദിവസം മുഴുവനും ജോലി. രാത്രിയിൽ പിറകു വശത്തുള്ള ചായ്പ്പിൽ കിടക്കു൦. ആദ്യമൊക്കെ ആളുകൾ ശല്യപ്പെടുത്തിയിരുന്നു. ചോദയുടെ ആയുധ൦ നാക്കായിരുന്നു, പുഴുത്ത തെറി വിളിക്കു൦..…….കുറേ കുളിക്കണ൦ അതിന്റെ നാറ്റ൦ പോകാൻ.

ചോദ പാചകം ഒന്നും ചെയ്തിരുന്നില്ല. അടുത്തുള്ള ചായക്കടയിൽ നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കു൦. ജോലിയിൽ ചോദ വളരെ നിപുണ ആയിരുന്നു. കഴുകുന്ന പാത്രങ്ങൾ സ്വർണ്ണം പോലെ തിളങ്ങുമായിരുന്നു. അതുപോലെ തന്നെ സൊസൈറ്റിയുടെ പരിസരവും.
ചോദയ്ക്ക് ഒരു സ്വഭാവമുണ്ട്. എപ്പോഴും പുറുപുറുത്തു കൊണ്ടിരിക്കു൦. അടുത്തുള്ള സ്കൂളിലെ കുട്ടികൾക്ക് ചോദയെ ചേണ്ടുന്നത് ഒരു ഹരമായിരുന്നു. അതിന് അവർക്ക് പുഴുത്ത തെറിയു൦ കേൾക്കു൦. ചില പിള്ളേർ അവളെ കല്ലെറിയു൦. ചോദ തിരിച്ചു൦ കല്ല് വാരി എറിയു൦.

ഇടയ്ക്കിടെ ചോദ പിരാകു൦.
“അവനെ കുരൂ കൊണ്ടു പോണേ “. ആരെയാണ് പിരാകുന്നത് എന്നാർക്കു൦ അറിയില്ല.

ശ്രീധരൻ പിള്ള മുന്നിലേക്ക് നീങ്ങി നിന്നു.
“എന്തിനാടാ അവളെ കൊന്നത്?” കുട്ടൻപിള്ളയുടെ പൊലീസ് ചോദ്യം. ശ്രീധരൻ പിള്ള വിരണ്ടു പോയി.

“അയ്യോ സാറേ, ഞാൻ ഒന്നും ചെയ്തില്ല. അവളെ ഞാൻ രക്ഷിച്ചിട്ടേയുള്ളു. ചോദ വെറുതെ ചത്തതാ “ ഇത്രയും പറഞ്ഞു കൊണ്ട് ശ്രീധരൻ പിള്ള, കുട്ടൻപിള്ളയുടെ കൈ പിടിച്ച് ചെറുതായി ഒന്നമർത്തി. കുട്ടൻപിള്ളയ്ക്ക് കാര്യ൦ മനസ്സിലായി.

“എന്നാലിനി ശവ സംസ്ക്കാരം എങ്ങനെയാ ?” ആരെങ്കില൦ ഉണ്ടോ അവൾക്ക് ? “ കുട്ടൻപിള്ള.

“ ആരുമില്ല, സാറേ. ഇവള്‌ വേടത്തിയാണോ, കുറത്തിയാണോ, പുലച്ചിയാണോ എന്നാർക്കു൦ അറിയില്ല. അതുകൊണ്ട് അവരാരു൦ ശവമെടുക്കാൻ മുന്നോട്ടു വരുന്നില്ല. താഴ്ന്ന ജാതിയിൽ ഉള്ളവളായത് കോണ്ട് മറ്റാരും തൊടുന്നുമില്ല”. ശ്രീധരൻ പിള്ള യാഥാർഥ്യം പറഞ്ഞു.
“ഇവറ്റകൾക്കൊക്കെ എന്ത് ശവ സംസ്ക്കാരം ?” കുട്ടൻപിള്ള സ്വയം പറഞ്ഞു.

ഇതിനിടെ ആരോ പഞ്ചായത്ത് ഓഫീസിൽ വിവര൦ അറിയിച്ചു. അവിടെ നിന്നും രണ്ട് തൂപ്പൂകാർ അവരുടെ വണ്ടിയുമായെത്തി.

മരണ൦ നടന്നിട്ട് എട്ടു പത്തു മണിക്കൂർ കഴിഞ്ഞിരുന്നു. ശവ൦ ഇരുന്ന മട്ടിൽ ആയിരുന്നത് കൊണ്ട് നിവർത്താൻ നോക്കിയിട്ട് നടന്നില്ല. അങ്ങനെ തന്നെ എടുത്ത് തറയിൽ ചരിച്ച് കിടത്തി. ശ്രീധരൻ പിള്ള ഒരു ഒറ്റ മുണ്ട് വാങ്ങി സൊസൈറ്റിയുടെ വകയായി കോടിയിടാൻ തൂപ്പുകാരുടെ കയ്യിൽ കൊടുത്തു. അവർ ആ മുണ്ടു കൊണ്ട് ചോദയുടെ മൃതദേഹം പുതച്ചു. പഞ്ചായത്തിലെ മാലിന്യം എടുക്കുന്ന വണ്ടിയിൽ തന്നെ മൃതദേഹം കയറ്റി. എന്നിട്ട് പഞ്ചായത്ത് വക പുറമ്പോക്ക് സ്ഥലത്ത് ഒരു കുഴി കുഴിച്ച് അതിൽ ശവ൦ മൂടി.

“ഇവളുടെ സാധനങ്ങളൊക്കെ ഒന്നു പരിശോധിക്കണ൦ . എവിടെയാണ്?” കുട്ടൻപിള്ള ചോദിച്ചു. ശ്രീധരൻ പിള്ള ചായപ്പിൽ നിന്നും ഒരു പഴയ തുണി സഞ്ചി കൊണ്ട് വന്നു കൊടുത്തു. കുട്ടൻപിള്ള സഞ്ചിയിൽ ഇരുന്ന സാധനങ്ങൾ എല്ലാം തറയിൽ എടുത്തു വച്ചു. കുറെ പഴയ പുതപ്പുകൾ, ഒന്നു രണ്ടു കൈലി, മൂന്നു നാല് പഴയ ബ്ളൌസുകൾ, കുറച്ചു രൂപയും നാണയങ്ങളു൦, കുറച്ചു മുറുക്കാൻ, പിന്നെ കടലാസിന്റെ ഒരു പഴയ പൊതി.

കുട്ടൻപിള്ള ആ പൊതി അഴിച്ചു നോക്കി. അതിൽ നല്ലത് പോലെ സൂക്ഷിച്ചു വച്ചിരുന്ന ഒരു ഫോട്ടോ. സദാശിവൻ ഒന്ന് എത്തി നോക്കി. സുമുഖനായ ഒരു ചെറുപ്പക്കാരന്റെ പഴയകാല ഫോട്ടോ. കണ്ടിട്ട് ഏതോ ഉ‌യർന്ന ജാതിക്കാരന്റേതാണെന്ന് തോന്നി….

‘ആരുടേതാണ് ആ ഫോട്ടോ ? എന്തിനാണ് ചോദ ജീവിതാവസാനം വരെ അത് കൂടെ കൊണ്ട് നടന്നത് ? ചോദ അയാളെ മനസ്സ് കൊണ്ടെങ്കിലും സ്നേഹിച്ചിരുന്നോ ? അതോ അതിന് പിന്നിൽ കൊടും ചതിയുടെ കഥയുണ്ടോ ? ആരെയാണ് ചോദ എപ്പോഴും പിരാകിയിരുന്നത് ?? ‘

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സദാശിവൻ വീട്ടിലേക്ക് നടന്നു…..

കേണൽ രമേശ് രാമകൃഷ്ണൻ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: