ബീജിംഗ് : ചൈനയിൽ വാട്‌സ്ആപ്പ് ഉപയോഗിച്ചതിന്റെ പേരിൽ ചങ്ങലയിക്കിട്ട് പീഡിപ്പിച്ചതായി ആരോപണം. വാട്‌സ്ആപ്പ് ഉപയോഗിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ചങ്ങലയ്‌ക്കിട്ട് മുൾക്കസേരയിലിരുത്തിയാണ് പീഡിപ്പിച്ചത്. കസാഖ് വംശജനായ ചൈനീസ് പൗരൻ എർബാകിത് ഒറ്റാർബേയാണ് ഞെട്ടിക്കുന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സിൻജിയാംഗ് പ്രവിശ്യയിൽ ഉയിഗൂർ വിഭാഗക്കാർക്കൊപ്പം പീഡിപ്പിക്കപ്പെടുന്ന വിഭാഗക്കാരാണ് കസാഖുകൾ.
ചൈന ഉയിഗൂർ മുസ്ലിംകൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉയിഗൂർ ട്രിബ്യൂണലിലാണ് എർബാകിത് ഒറ്റാർബേ തന്റെ ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്ററിലാണ് സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ട്രിബ്യൂണലിന്റെ സിറ്റിംഗ് നടന്നത്. എർബാകിത് ചൈന തങ്ങളോട് ചെയ്ത അതിക്രമങ്ങൾ എണ്ണമിട്ട് വിവരിച്ചു. എന്നാൽ, ചൈനയെ കരിവാരിത്തേക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ നടത്തുന്ന നാടകത്തിലെ നടൻമാർ മാത്രമാണ് ഇവരെന്നാണ് ചൈനയുടെ ഔദ്യോഗിക പ്രതികരണം. ട്രിബ്യൂണൽ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് ചൈന ബ്രിട്ടനോട് ആവശ്യപ്പെട്ടത്. എന്നാൽ ബ്രിട്ടൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
സിൻജിയാംഗിൽ ജനിച്ചു വളർന്ന ഇസ്ലാം മത വിശ്വാസിയായ എർബാകിത് ഒറ്റാർബേ 2014-ൽ കുടുംബത്തിനൊപ്പം കസാഖിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. തുടർന്ന് ചൈനയുടെ പരോക്ഷ നിയന്ത്രണത്തിലുള്ള കസാഖിസ്ഥാനിൽനിന്നും മൂന്ന് വർഷങ്ങൾക്കു ശേഷം ഇയാൾ ചൈനയിലേക്ക് തിരികെ ചെന്നു. ഈ സമയത്താണ് താൻ അറസ്റ്റിലായത് എന്ന് ഒറ്റാർബേ ടിബ്യൂണലിന് മൊഴി നൽകി. ചൈന നിരോധിച്ച വാട്ട്സാപ്പ് ഇൻസ്റ്റാൾ ചെയ്തു എന്നതായിരുന്നു കുറ്റം. കസാഖിസ്ഥാനിൽ വാട്ട്സാപ്പിന് നിരോധനമില്ലെന്നും അവിടെവെച്ചാണ് താൻ വാട്ട്സാപ്പ് ഉപയോഗിച്ചത് എന്ന് ഒറ്റാർബേ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദം കണക്കിലെടുക്കാതെ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും തടവിലിടുകയുമായിരുന്നുവെന്ന് ഒറ്റാർബേ ആരോപിക്കുന്നു.
ചോദ്യം ചെയ്യലിന്റെ ഭാഗമായി തന്നെ പുനർവിദ്യാഭ്യാസ ക്യാമ്പ് എന്നറിയപ്പെടുന്ന പീഡനകേന്ദ്രത്തിൽ അടച്ചതായും നിർബന്ധിത തൊഴിൽ ചെയ്യിപ്പിച്ചതായും ഒറ്റാർബേ ആരോപിക്കുന്നു. മതബോധനങ്ങൾ കേൾക്കുന്നത് എന്തിനാണന്നടക്കമുള്ള ചോദ്യങ്ങളാണ് നേരിടേണ്ടിവന്നത്. മൊബൈൽ ഫോണിൽ മതപരമായ വിവരങ്ങൾ സെർച്ചു ചെയ്ത എന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ഒരു വർഷത്തിനുശേഷം ജയിലിൽനിന്ന് മോചിപ്പിച്ചുവെങ്കിലും തൊട്ടുപിന്നാലെ മറ്റൊരു ജയിലിലടച്ചു. അവിടെ ഒരു ബെൽറ്റ് ഫാക്ടറിയിൽ നിർബന്ധിത തൊഴിലെടുപ്പിച്ചു. പിന്നീട് മോചിപ്പിച്ചുവെങ്കിലും കടുത്ത സർക്കാർ നിരീക്ഷണത്തിലാണ് താൻ കഴിയുന്നതെന്ന് ഒറ്റാർബേ പറഞ്ഞു. ഒറ്റാർബേയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചൈനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അപമാനകരം എന്നാണ് ഒറ്റാർബേയുടെ അനുഭവത്തെ പലരും വിശേഷിപ്പിച്ചത്.