അയാളെക്കുറിച്ചോർക്കുന്ന ഓരോ നിമിഷും അവളിൽ അവൾക്ക് പോലും മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഒരു വികാരം നിറയുന്നുണ്ടായിരുന്നു.
സ്നേഹത്താൽ ചുറ്റപ്പെട്ട ഒരു തരം ഉന്മാദം.
അയാൾ തൊട്ടടുത്തുണ്ടായിട്ടും അവളെ കണ്ടില്ല.
കണ്ടിട്ടും അറിയില്ല എന്ന് നടിച്ചു.
ഓരൊ ഉന്മാദവും മുട്ടകളായി.
നിരാശ്ശയുടെ മുട്ടകൾ..
അവളുടെ മനസ്സ് ആ മുട്ടകൾക്കുമുകളിൽ അടയിരിക്കുന്ന സർപ്പമായി.. സ്നേഹമെന്ന വിഷം ചീറ്റാൻ തയ്യാറെടുക്കുന്ന സർപ്പം.
അയാളെ ആഞ്ഞ് ആഞ്ഞ് കൊത്തി തന്നിലെ സ്നേഹം അയാളിലേക്ക് അയാളുടെ അന്തരാത്മാവിലേക്ക് ചീറ്റാൻ പതിയിരിക്കുന്ന സർപ്പം.
ഒടുവിൽ നിശ്വാസങ്ങൾ ഒന്നായി ഒഴുകുന്ന വിയർപ്പു തുള്ളികളിൽ കുതിർന്ന് അയാളുടെ നെഞ്ചിലമർന്ന് ശൂന്യമായ ധമനികളുമായി ശാന്തമായി പടിയിറങ്ങണം.
അനന്തതയിലേക്ക്.
ഒരിക്കലും ഉറവ വറ്റാത്ത സ്നേഹത്തുരുത്തിലേക്ക്.
അയാൾക്കുവേണ്ടി പുനർജ്ജനിക്കാനായി.
അവൾ പറഞ്ഞു നിർത്തി.
മ്ം.. നിനക്ക് വട്ട് തന്നെ..
ഇതുവരെ സംശയമേ ഉണ്ടായിരുന്നുള്ളു.
ഇപ്പോൾ അതുറപ്പിച്ചു.
സച്ചി ഉറക്കെ ചിരിച്ചു.
ഡാാ.. നിനക്കെല്ലാം തമാശയാണ്.
അവൾ പറഞ്ഞു
അവൾ പിണക്കത്തോടെ നടന്നകന്നു.
അവൾ നടന്നകലുന്നതും നോക്കി അസ്തമയ സൂര്യന്റെ അവസാന കിരണവും മറയുംവരെ സച്ചിദാനന്ദൻ കുറെ നേരം കൂടി അവിടെ ഇരുന്നു.
വീട്ടിലെത്തുമ്പോൾ കണ്ടു അവളുടെ മെസ്സേജ്.
പൊരുന്നയിരിക്കാൻ ഒരുമുട്ട കൂടി.
വെറുതെ ചിരിച്ചു തള്ളുമ്പോഴും മനസ്സിന്റെ ആഴങ്ങളിൽ ഒരുണങ്ങാത്ത മുറിവുണ്ടായിരുന്നു.
ഇടയ്ക്കിടെ ഓർമ്മകളുടെ വേലിയേറ്റത്തിൽ ചോര പൊടിയുന്ന ഒരു നൊമ്പരം.
അയാൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് ചെന്നു.
പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ട് കിടക്കുന്ന ഒരു രൂപം.
അതേ.. അതാണ് ശരി.. വെറും ഒരു രൂപം.
വികാരങ്ങളും വിചാരങ്ങളും അസ്തമിച്ച ആ മുഖം വാടിക്കരിയാൻ തുടങ്ങുന്ന താമരപ്പൂവിനെ ഓർമ്മിപ്പിച്ചു.
ഇതളുകൾ അടർന്നു തുടങ്ങിയ പൂവ്.
പരസഹായമില്ലാതെ ഒന്നു തിരിഞ്ഞു കിടക്കാൻ പോലുമാകാത്ത അവസ്ഥ.
ആകെ സ്വന്തമായി തിരിക്കാൻ കഴിയുന്നത് കഴുത്ത് മാത്രം..
അടുത്തിരുന്നു പതിയെ കരതലം സ്വന്തം കൈക്കുള്ളിലാക്കി മൃദുവായി തടവി.
പതിയെ തലതിരിച്ചൊന്നു നോക്കി. കണ്ണുകളടച്ചങ്ങനെ കിടന്നു.
അച്ഛൻ കഞ്ഞികുടിച്ചോ?
അറിയാം മറുപടി ഉണ്ടാവില്ല എന്ന്. എങ്കിലും വെറുതെ ചോദിച്ചു.
നാവിനെ ബന്ധനത്തിലാക്കിയിട്ട് നാളുകളായി.
അമ്മ പടിയിറങ്ങി തെക്കേപ്പറമ്പിൽ എരിഞ്ഞമർന്ന ദിവസം.
അമ്മയെ തന്നെ നോക്കി മിണ്ടാതിരുന്ന ആൾ പിന്നീടൊരിക്കലും ശബ്ദിച്ചില്ല.
മാസങ്ങളായിരിക്കുന്നു.
അച്ഛന്റെ നെഞ്ചിൻ കൂട് ശാന്തമായി ക്രമമായ ഇടവേളകളിൽ ചലിക്കാൻ തുടങ്ങിയിരിക്കുന്നു.
ഇതാണ് ഇപ്പോൾ പതിവ്. കൈതടവുമ്പോൾ കണ്ണടച്ചു കിടന്ന് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഉറക്കത്തെ സ്വന്തമാക്കുക.
സാവിത്രി ചേച്ചി വാതിൽക്കൽ വന്നു മുരടനക്കി.
പുറത്തേയ്ക്കെത്തുമ്പോൾ ചേച്ചി പറഞ്ഞു.
ഹരിക്കുട്ടാ ഞാനിറങ്ങട്ടെ..
സച്ചിതാനന്ദ് എന്ന തന്റെ ചെല്ലപ്പേര് , ഹരിക്കുട്ടൻ.
അമ്മമ്മയുടെ അമ്മമ്മയുടെ ഹരിക്കുട്ടൻ..
മനസ്സിൽ ചിരിച്ചു. ചാരു പറയും പോലെ വയസ്സായാലും നീയെന്നും കുട്ടനല്ലെ?
നിനക്കുള്ള കഞ്ഞിചൂടാറാതെ വച്ചിട്ടുണ്ട്. വേഗം കഴിക്കാൻ മറക്കണ്ട.
ഞാൻ കൊണ്ടു വിടാം.
വേണ്ട. ഞാൻ പൊയ്ക്കോളാം.
ടോർച്ചുണ്ടല്ലോ കയ്യിൽ?
പതിവ് തെറ്റിക്കാതെ ഉള്ള ചോദ്യവും ഉത്തരവും.
തൊട്ടടുത്ത വീടാണ്. അച്ഛന്റെ മുറപ്പെണ്ണാണ്.
ഇപ്പോൾ തനിക്കൊരു കൈത്താങ്ങ് ചേച്ചിയാണ്.
ഈ വലിയ വീട്ടിൽ നിശ്ശബ്ദതയാണ് കൂടുതൽ അധികാരം പങ്കിടെടുത്തത്.
ആര് ആരോട് മിണ്ടാൻ.
അമ്മയുണ്ടായിരുന്നപ്പോൾ ശബ്ദമായിരുന്നു എല്ലാം കയ്യടക്കിയിരുന്നത്.
ചുമരുകൾ പോലും അമ്മയുടെ ശബ്ദത്തെ സ്വന്തമാക്കിയിരുന്നു.
എല്ലായിടത്തും എപ്പോഴും ശബ്ദമായി സ്പർശമായി അമ്മയെത്തിയിരുന്നു.
കുളി കഴിഞ്ഞെത്തുമ്പോഴും കഞ്ഞിക്ക് നല്ല ചൂടുണ്ടായിരുന്നു. കുടിച്ചെന്നു വരുത്തി..
തിരികെ എത്തി നിശ്ശബ്ദതയെ പുൽകുമ്പോൾ ഫോൺ ശബ്ദിക്കാൻ തുടങ്ങി..
മറുതലയ്ക്കൽ അവളായിരുന്നു..ചാരുലത..
എന്താ ചാരൂ..
ഏയ് ഒന്നുമില്ല.. നിന്റെ ചിതറിയ തംബുരുവിൽ ഒരു രാഗമാകാമെന്നു വിചാരിച്ചു..
ഒന്നു ശ്രുതിയിടൂ..
അയാൾ ശബ്ദമില്ലാതെ ചിരിച്ചു..
ഡാാ നീ ചിരിക്കുകയാണെന്നറിയാം.. അൽപം ശബ്ദമാകാം..
നീ എന്നാ മടങ്ങുക. ഞാൻ ചോദിച്ചു
മ്ം പോകണം.. പോകുംമുൻപ് ചിലതൊക്കെ പറയണം കേൾക്കണം..
ഈ രാത്രിയിൽ മഞ്ഞുപെയ്യുന്ന ഈ ഡിസംബറിൽ പൂർണ്ണേന്ദുവിനെ വാരിച്ചൂടി ഇലഞ്ഞിപ്പൂമരം ആകാനൊരു മോഹം..
ഒഴുകിപ്പരക്കുന്ന കാറ്റിൽ രാത്രിയെ മത്തുപിടിപ്പിക്കുന്ന ഗന്ധമാകാൻ വെറുതെ ഒരു മോഹം..
അയാൾ അത് കണ്ണിൽ നിറയ്ക്കുകയായിരുന്നു..
വർഷങ്ങളായി കൊണ്ടു നടക്കുന്ന മോഹം..
പക്ഷെ.. വേണ്ട.. അവളൊന്നും അറിയണ്ട.
ചില മോഹങ്ങൾ അങ്ങനെയാണ്..
മനസ്സിൽ തന്നെ കുഴിച്ചു മൂടേണ്ടവ..
ഞാനൂഹിക്കുന്നു നീ എന്താവും ചിന്തിക്കുകയെന്ന്..
ശുഭരാത്രി പറയുന്നില്ല.. ശുഭരാത്രിയും സുഖനിദ്രയുമൊക്കെ അകന്നു
പോയിട്ട് വർഷങ്ങളായില്ലെ?
അതും പറഞ്ഞ് അവൾ കാൾ കട്ട് ചെയ്തു..
പുറത്ത് നല്ല നിലാവ് പെയ്യുന്നുണ്ടായിരുന്നു..
ആകാശ കൂടാരത്തിൻ കീഴെ വെള്ളിനിലാവിനെ വാരിപ്പുതച്ച് ശാന്തമായി ഉറങ്ങുന്ന ഭൂമി..
എവിടെയോ ഒരു കാലൻ കോഴി നീട്ടിക്കൂവി..
“കട്ടപിടിച്ച ഇരുട്ടിൽ ദുരത്മാക്കളും വെള്ളിനിലാവിൽ നല്ല ആത്മാക്കളും ഭൂമിയിലെത്തുമെന്ന് മുത്തശ്ശി പറയാറുണ്ടായിരുന്നു”.
അങ്ങനെയെങ്കിൽ ഈ നിലാവിൽ അമ്മ ഇവിടെ എവിടെയെങ്കിലും ഉണ്ടാവും..
അമ്മയുടെ എന്നത്തെയും ദു:ഖമായിരുന്നു ഞാൻ..
എന്റെ മോനെ നീ ഒറ്റപ്പെടരുത്, ഒരു കൂട്ട് വേണ്ടേ എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു..
നഷ്ടങ്ങളുടെ പട്ടിക നീളാതിരിക്കാൻ ഇൻഡ്യയെ അറിയാൻ എന്ന പേരിൽ വർഷങ്ങളോളം ഒഴിഞ്ഞു നിൽക്കുമ്പോൾ അറിഞ്ഞില്ല എടുത്ത തീരുമാനം പലജീവിതങ്ങളുടേയും നഷ്ടങ്ങളുടെ കണക്കാകും എന്ന്..
ചാരുലതയെന്ന സുന്ദരിയെ കണ്ടില്ലായെന്ന് നടിച്ചത് അവളെങ്കിലും സുഖമായി ജീവിക്കട്ടെ എന്നു കരുതിയാണ്..
ഒരിക്കൽ അവൾ ചോദിച്ചു.
മനുഷ്യനിൽ നഗ്നമായിട്ടുള്ളതെന്താണെന്നറിയുമോ?
അറിയില്ലയെന്ന് ഞാൻ തലചലിപ്പിച്ചു.
മനുഷ്യൻ മാത്രമാണ് നഗ്നത മറയാക്കാനെന്ന വ്യാജേന അലങ്കാരങ്ങളും സുഗന്ധലേപനങ്ങളും പൂശി സത്യത്തെ മറച്ചു പിടിക്കുന്നത്.
പാലു പോലെയാണ് മനുഷ്യശരീരം..
“മേന്മയും ഗുണവും ഉണ്ടെങ്കിലും വളരെവേഗം ചീയുന്ന ഒന്ന്”.
അതുപോലെ ഏറ്റവും വേഗം ചീയുന്നതും ദുർഗന്ധം വമിക്കുന്നതുമായ ഒന്നായാതിനാലാവും സുഗന്ധലേപനങ്ങളാൽ പൊതിയുന്നത്..
ആടയാഭരണങ്ങൾ ആവശ്യമില്ലാത്ത മനസ്സിനെപ്പോലും എത്ര ഗോപ്യമായി മറച്ചിരിക്കുന്നു..
അവൾ പറഞ്ഞത് ശരിയായിരുന്നു..
ഒരിക്കലും മറച്ചുപിടിക്കേണ്ട ഒന്നല്ല മനസ്സ്..
ഒരുപാട് സത്യങ്ങളുടെയും അസത്യങ്ങളുടെയും അരുതുകളുടെയും അരുതായ്മകളുടെയും നിലവറയാണ് മനസ്സ്..
പിന്നെ എങ്ങനെ നഗ്നമാക്കും അല്ലെ?
അത് പറഞ്ഞ് കുപ്പിവള കിലുംങ്ങുംപോലെ ചിരിച്ചു.
ഓർമ്മകളിൽ സുഗന്ധം പരത്തി അവളെന്നും കൂടെ ഉണ്ടായിരുന്നു.
ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള ധൈര്യമില്ലായ്മ ആയിരുന്നില്ല അവളെ കണ്ടില്ലെന്ന് വയ്ക്കാനുള്ള കാരണം.
ജാതിവ്യവസ്ഥകളെ മുറുകെപ്പിടിക്കുന്ന തറവാടായിരുന്നില്ല തന്റേത്..
അച്ഛനോടും അമ്മയോടും പറഞ്ഞ ശേഷം അവരുടെ അനുഗ്രഹത്തോടെ അവളെ സ്വന്തമാക്കണം എന്നാഗ്രഹിച്ചു.
അതുവരെ അവൾ മോഹിക്കട്ടെ അല്ലെങ്കിൽ അതിനിടയിൽ അവൾ പറയട്ടെ എന്ന് കരുതി.
അവളോടൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിച്ചു.
അവളുടെ ഓരോ ചലനവും ഹൃദയത്തിൽ സൂക്ഷിച്ചു.
പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് സംഭവിച്ചു.
അവളുടെ അച്ഛൻ ഈ വീടിന്റെ പടികടന്നു വന്നത് ഒരു അശനിപാതവുമായി ആയിരുന്നു.
ഒരു ഉയർന്ന തറവാട്ടിലേക്ക് തന്റെ മകളെ വിടാൻ മനസ്സില്ല.
ആദ്യം കേട്ടപ്പോൾ തോന്നി ജാതിക്കോമരങ്ങളോടുള്ള ഭയമോ സാമ്പത്തിക തുലാസിന്റെ അനുപാത സൂചിയുടെ സ്ഥിരതയില്ലായ്മയോ വല്ലതും ആകാമെന്ന്.
ഉള്ളിൽ ചിരിയോടെ അതിനെ നേരിടുമ്പോളറിഞ്ഞു ആ വാക്കുകളിലെ നിശ്ചയധാർഷ്ട്യവും അചഞ്ചലതയും..
അദ്ദേഹം മകൾക്ക് വന്ന നല്ലൊരാലോചന ഞാൻ മുലം ഇല്ലാതാവരുതെന്നും വലിയ തറവാടും ഉയർന്ന ജാതിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യം ഇല്ലെന്നും പറഞ്ഞപ്പോൾ മനസ്സൊന്നിളകി.
കേട്ടു നിന്ന അച്ഛനും അമ്മയും പറഞ്ഞു.
“ഞങ്ങൾ ജാതി വ്യവസ്ഥയിലൊന്നും വിശ്വസിക്കുന്നില്ലെന്ന് കരുണാകരേട്ടന് അറിയാമല്ലൊ”?
“അതു കൊണ്ട് മാത്രം ആയില്ലല്ലോ മാധവിയമ്മേ. തലമുറകളായി ആരുടെയെല്ലാം ശാപം പിൻതുടരുന്നതറവാടാണ്.
എന്റെ മകളെന്തിനാണ് ആ ശാപത്തിൽ പങ്കാളിയാകുന്നത്”?
അതു കേട്ടതും ഷോക്കേറ്റതുപോലെ നിന്നു പോയി.
ശരിയാണ്. വലിയ തറവാട്. എന്നിട്ടെന്താ?
ചാരുവിന്റെ അച്ഛൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാൻ കാലങ്ങൾ വേണ്ടി വന്നു തനിക്ക്.
തനിക്കധികം പരിചയം ഇല്ലാത്ത അമ്മമ്മയുടെ കാലംവരെയുണ്ടായിരുന്ന തറവാടിന്റെ കേൾക്കാനും ഓർക്കാനും ഇഷ്ടപ്പെടാത്ത പിൻതുടർച്ചയുടെ കഥ.
അമ്പലവും വച്ചാരാധനയും ഒക്കെ ഉള്ള വലിയ തറവാടിയിരുന്നു ഒരുകാലത്ത്.
പിന്നീട് എല്ലാം നിന്നു പോവുകയും തലമുറകളോളം ഭ്രാന്ത് കുടുംബത്തിലെ ഒരാളിലെങ്കിലും പകർന്നു കിട്ടുകയും ചെയ്തിരുന്നു.
എല്ലാം പുരുഷന്മാർക്ക് ആയിരുന്നു.
ഒടുവിൽ അമ്മയുടെ ജനനത്തോടെ ആ പാരമ്പര്യം അവസാനിച്ചു.
അമ്മമ്മയ്ക്ക് ഒരുമകൾ ജനിക്കുകയും ആൺ കുട്ടികൾ കുടുംബത്തന്യം നിൽക്കുകയും ചെയ്തതോടെ നിലച്ച പാരമ്പര്യം.
അതോടെ വലിയ ഒരു ശാപ പിൻതുടർച്ച അവസാനിച്ചു എന്നാശ്വസിച്ചിരിക്കുമ്പോഴാണ് ഞാനെന്ന ആൺതരി ഭൂജാതനായത്.
താൻ പ്രായപൂർത്തി ആയതോടെ അച്ഛനമ്മമാരുടെ ആധിയും ഒഴിഞ്ഞു.
കഴിഞ്ഞ തലമുറകളിലെല്ലാം ചെറുപ്പത്തിലെ തന്നെ ലക്ഷണങ്ങൾ കണ്ടിരുന്നു എന്നാണ് കല്യാണിയമ്മ പറഞ്ഞ്.
വീട്ടിൽ അമ്മയ്ക്ക് കൈത്താങ്ങായി വന്നിരുന്ന സ്ത്രീ ആയിരുന്നു.
എല്ലാവരും ഭ്രാന്തിനെക്കുറിച്ചും ശാപത്തെക്കുറിച്ചും പതിയെ പതിയെ മറന്നു കഴിഞ്ഞിരുന്നു.
അവിടേക്കാണ് വീണ്ടും ചാരുവിന്റെ അച്ഛൻ വീണ്ടും തലമുറകളുടെ ശാപകഥയുടെ ചുരുളഴിച്ചത്. അത് തന്നിലും ഒരു ഭീതി ഉയർത്തിയിരുന്നോ? തന്റെ ഒളിച്ചോട്ടത്തിനതും കാരണമായോ?
വ്യക്തമല്ല. എങ്കിലും ഒരു വിവാഹം അത് വളരെ അകലെയുള്ള ചിന്തയായി.
ചാരു നിശ്ശബ്ദം കുടിയേറിയ ഹൃദയം അവളകന്നിട്ടും അവളെ ഇറക്കിവിടാൻ കഴിയാതെ താഴിട്ടു പൂട്ടിയതല്ലെ?
അമ്മ പറയും പോലെ അന്യം നിന്നുപോയ തറവാടായി. തന്നോടൊപ്പം എല്ലാം അവസാനിക്കട്ടെ എന്ന് താനും മോഹിച്ചിരുന്നു.
ഇനിയും ഒരു ഭ്രാന്തിന്റെ ശാപത്തിന്റെ കഥ പറയാൻ ഈ തറവാടുണ്ടാകരുത്. അത് ദൈവ നിശ്ചയമായിരിക്കും.
എന്തായാലും താൻ പിൻതുടർച്ചക്കാരനായില്ല. എങ്കിലും രണ്ടു തലമുറകളായി കുടുംബത്തിലെ ആൺതരികളൊന്നും വിവാഹിതരായില്ല. അമ്മയ്ക്ക് രണ്ടമ്മാവൻമാർ ഉണ്ടായിരുന്നു..
ഹരികൃഷ്ണനും മാധവനുണ്ണിയും. ഉണ്ണിവലിയമാമ ചങ്ങലയിലായിരുന്നു എന്നത് കേട്ടറിവു മാത്രമായിരുന്നു.
കൃഷ്ണമാമ ഒരു കുഴപ്പവും ഇല്ലാതിരുന്നിട്ടും ഒറ്റത്തടിയായി ജീവിതം കഴിച്ചുകൂട്ടി. ഒടുവിൽ ഒരു പനിയായിരുന്നു ആ ജീവനെടുത്തത് എന്ന് അമ്മ പറഞ്ഞു കേട്ടിരരുന്നു.
പഴയ തറവാടിനെ ഇന്നത്തെ രീതിയിൽ നടുമുറ്റമുള്ള പുതിയ വീടായി പണിഞ്ഞത് അച്ഛനായിരുന്നു.
തന്റെ മകൻ പഴയ നാലുകെട്ടിന്റെ വെളിച്ചം കടന്നു വരാത്ത ഇടനാഴികളിൽ ഭ്രാന്തിന്റെ ചങ്ങലക്കിലുക്കത്തിന്റെ പ്രതിഫലനങ്ങളില്ലാതെ പിച്ചവയ്ക്കണം എന്ന് നിർബന്ധമായിരുന്നു അച്ഛന്. ഗേറ്റ് കടന്നാൽ കാണുന്ന വലിയ മുറ്റം, അതിർ തിരിച്ച് നാലുവശവും നിറഞ്ഞു നിൽക്കുന്ന ചെടികൾ. ഒരു കോണിലെ ചെമ്പകം. കാറ്റിന് വാരി പൂശാൻ സുഗന്ധവുമായി പൂത്തുനിൽക്കുന്ന പിച്ചിയും മുല്ലയും. തൊടിയിൽ നിന്നൊഴുകിവരുന്ന ഇലഞ്ഞിപ്പൂമണം.
പലപ്പോഴും തോന്നാറുണ്ട് ചുറ്റിനും മത്ത്പിടിപ്പിക്കുന്ന സുഗന്ധം വിതറുന്ന പ്രകൃതി. എന്നിട്ടും ഈ വീടെന്തെ ഒറ്റപ്പെട്ടു പോയതെന്ന്.
ഇവിടെയുള്ള ഓരോ ചെടിയിലും അമ്മയുടെ കയ്യൊപ്പുണ്ട്.
പുറത്ത് തൊടിയിലെന്തോ ഓടുകയും കരിയില അനങ്ങുകയും ചെയ്യുന്നത് കേൾക്കാമായിരുന്നു. അമ്മമ്മ പറയാറുള്ളതുപോലെ കരിനാഗങ്ങൾ മാണിക്യം തേടി നടക്കുന്നതാണോ?
തന്നെപ്പോലെ മാണിക്യം നഷ്ടപ്പെട്ട ഏതെങ്കിലുംനാഗമായിരിക്കും.
വർഷങ്ങൾക്ക് ശേഷം ചാരുവിനെ കണ്ടപ്പോൾ, അവളുടെ കണ്ണുകളിൽ വിടർന്ന ഭാവങ്ങൾ കണ്ടപ്പോൾ മനസ്സ് വീണ്ടും പുൽമേടുകൾ തേടാൻ തുടങ്ങിയോ? അവൾ പറഞ്ഞതെല്ലാം കേട്ടിരുന്നിട്ടും അവളെക്കുറിച്ചൊന്നും ചോദിച്ചില്ല.
കുടുംബം, കുട്ടികൾ?
ഇനി കാണുമ്പോഴാകാം. പലതവണ കണ്ടിട്ടും അതൊന്നും ചോദിക്കാതിരുന്നത് ഭയന്നിട്ടായിരുന്നുല്ലെ.
അവൾ മറ്റാരുടേതോ ആണെന്ന് പറയുന്നത് കേൾക്കാൻ ധൈര്യം ഇല്ലായിരുന്നു. ചിന്തകളുടെ ലോകത്തിലൂടെ എപ്പോഴോ ഉറക്കത്തിലേക്ക് ഊർന്നു പോയി.
രാവിലെ ആരോ തന്നോടു ചേർന്നിരിക്കുന്നു എന്നു തോന്നിയാണ് കണ്ണുതുറന്നത്. തന്നെതന്നെ നോക്കിയിരിക്കുന്ന രണ്ടു കണ്ണുകൾ.
കത്തിച്ചു വച്ച നിലവിളക്ക് പോലെ തെളിവാർന്ന മുഖം.
നിറപുഞ്ചിരി വിരിഞ്ഞ ചുണ്ടുകൾ.
സ്വപ്നമാണോ സത്യമാണോ എന്നറിയാതെ കണ്ണുകൾ വീണ്ടും അടച്ചു തുറന്നു. ഞെട്ടലോടെ ചാടിയെഴുന്നേറ്റു.
ഇവളെങ്ങനെ ഇവിടെയെത്തി.
നീ ..
പേടിക്കേണ്ട. ഞാൻ അതിക്രമിച്ച് കടന്നതൊന്നുമല്ല.
പിന്നെ നീ ഇത്ര രാവിലെ ഇവിടെങ്ങനെ?
അവൾ ചിരിച്ചു. ഉച്ചവരെകിടന്നുറങ്ങിയിട്ട്.
അപ്പോഴാണോർത്തത് വെളുപ്പിനെയാണ് ഉറങ്ങിയതെന്ന്.
രാവിലെ സാവിത്രി ചേച്ചി വന്നിട്ടുണ്ടാവും.
നീ പുറത്തേക്ക് നിൽക്കൂ. ഞാൻ തിടുക്കപ്പെട്ട് പുതപ്പിനടിയിലെവിടെയോ നഷ്ടപ്പെട്ട ലുങ്കി തപ്പിയെടുത്ത് ഉടുത്ത്
പുറത്തേക്കിറങ്ങുമ്പോൾ കണ്ടു അടുക്കളഭാഗത്ത് ആളനക്കം.
അവളെ പുറത്താക്കി പല്ലു തേപ്പും കുളിയും കഴിഞ്ഞ് അച്ഛന്റെ മുറിയിലെത്തുമ്പോൾ കണ്ടു അവളുടെ അച്ഛൻ അവിടെ.
വർഷങ്ങൾക്ക് മുൻപ് ഇവിടെ വന്നു പോയശേഷം ഇതുവരെ കണ്ടിട്ടില്ല. എല്ലാം വിട്ടെറിഞ്ഞ് മറ്റെവിടെയോ പോയി എന്നും മരിച്ചു പോയി എന്നും ഒക്കെയാണ് കേട്ടത്. അവളോടൊരിക്കൽ ചോദിച്ചിട്ടും മറുപടിയില്ലായിരുന്നു.
രാവിലെ തല തണുക്കെ കുളിച്ചിട്ടും ഉറക്കച്ചടവ് തീർന്നില്ലെ?
ചിന്താക്കുഴപ്പത്തോടെ മുറിയിലെത്തുമ്പോൾ അവൾ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്നു.
നീ എന്തിനുള്ള പുറപ്പാടാണ്?
ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ അവളുടെ കണ്ണുകളിൽ കണ്ടത് അതുവരെ കണ്ടിട്ടില്ലാത്ത ഭാവം.
കമ്പികൾ പൊട്ടിയ തംബുരു കൈയ്യിലെടുത്തവൾ പറഞ്ഞു.
ഞാനും ഈ തംബുരു പോലെയാണ്. കമ്പികൾ തകർന്ന് അപശ്രുതി മാത്രമായി. ഒന്നുകിൽ ഈ തമ്പുരു വീണ്ടും ശ്രുതിയിടണം അല്ലെങ്കിൽ ഇന്നത്തോടെ എല്ലാം തീരണം. അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
ഒന്നും മനസ്സിലാകാതെ നിന്ന തന്റടുത്തേക്ക് അവൾ തിരിച്ചെത്തിയത് ഒരു മഞ്ഞച്ചരടിൽ കോർത്ത താലിയുമായി ആയിരുന്നു.
വർഷങ്ങൾക്ക് മുൻപ് നിന്നിൽ നിന്ന് ഇങ്ങനെ ഒന്നിന് വേണ്ടി കാത്തിരുന്നതാണ്. നീ കണ്ടില്ലെന്ന് നടിച്ചത് എന്റെ സ്നേഹത്തെ, പ്രണയത്തെ. ചവിട്ടി മെതിച്ച് എന്നും പുറം തിരിഞ്ഞു നടന്നത് എന്നിലെ സ്ത്രീയ്ക്ക് നേരെ.
നീ തട്ടിയെറിഞ്ഞുടച്ചതാണ് എന്റാത്മാവിനെ.
ഒളിഞ്ഞും തെളിഞ്ഞും ഞാനെത്രതവണ പറഞ്ഞിട്ടും നിനക്കൊന്നും മനസ്സിലായില്ല. അവളുടെ കണ്ണുകളിൽ കോപം കത്തിക്കയറുകയായിരുന്നു.
ചിലങ്ക ഉയർത്തി രാജസ്സദസ്സിൽ നിന്ന കണ്ണകിയുടെ കഥ മുത്തശ്ശി പറഞ്ഞു കേട്ടിരുന്നു. കണ്ണകിയാണോ ഇവൾ.
കണ്ണകീ..
അറിയാതെ വായിൽ നിന്നും പുറത്തേക്കൊഴുകിയ വാക്കുകൾ.
അതേ…അപമാനിതയാകുന്ന ഓരോ പെണ്ണും കണ്ണകിമാരാണ്.
നിന്നെപ്പോലുള്ളവരാൽ സൃഷ്ടിതമാകുന്ന കണ്ണകിമാർ.
ചാരു.. എന്തായിത് .ശാന്തമാകു. നമുക്ക് സംസാരിക്കാം.
“നീ ഇങ്ങനെയൊന്നും പറയരുത്. നീ മറ്റൊരാളുടെ ഭാര്യയാണ്”.
ഭാര്യ.. ആരുടെ? അവളുടെ വാക്കുകളിൽ പുച്ഛം.
കഴിഞ്ഞ പത്തു വർഷങ്ങൾ ഞാനാരുമായിരുന്നില്ല.
അസ്ഥിത്വം നഷ്ടപ്പെട്ട് അലഞ്ഞുകൊണ്ടിരുന്ന ആത്മാവില്ലാത്ത ഒരു ശരീരം. കയ്യിലിരുന്ന താലിയിലേക്ക് നോക്കിയിട്ട് അവൾ പറഞ്ഞു.
ശരിയാണ്. ഒരിക്കൽ എന്റെ കഴുത്തിൽ വീണ കുരുക്ക്.
ആഗ്രഹിക്കാതെ വീണത്.
തിരസ്കരിച്ച അപമാനത്തിൽ ഏറ്റിയ കുരുക്ക്.
അവളെ ഒന്ന് ചേർത്തു പിടിക്കണം എന്നും ആശ്വസിപ്പിക്കണം എന്നും ഉണ്ടായിരുന്നു.
അവളല്ലാതെ ഈ നെഞ്ചിൽ, ചിന്തകളിൽ ആരുമില്ലെന്ന് പറയണം എന്നാഗ്രഹം ഉണ്ട്. ഒന്നിനുമാകാതെ തളർന്നു നിന്നു.
ഇന്നലെ വരെയും, തൊട്ടുമുൻപു വരെയും കണ്ട ഭാവങ്ങൾ മാറിയിരിക്കുന്നു അവളിൽ.
കത്തി നിന്ന കോപം കണ്ണു നീരായി ഒഴുകിയിറങ്ങുന്നത് തളർച്ചയോടെ നോക്കി നിന്നു.
സാവിത്രിയേച്ചി അവിടേക്ക് വന്നു. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും കയ്യിലെ താലിയും മാറിമാറി നോക്കിയിട്ട് എന്നോടു പറഞ്ഞു ഹരിക്കുട്ടാ അച്ഛൻ വിളിക്കുന്നു.
സാവിത്രിയേച്ചി എന്താ പറഞ്ഞേ. അമ്മ പോയേ പിന്നെ സംസാരം മറന്ന അച്ഛൻ? ചോദിക്കാനായും മുൻപേ സാവിത്രിയേച്ചി മടങ്ങിയിരുന്നു.
അച്ഛന്റെ മുറിയിൽ കണ്ട കാഴ്ചയും വിശ്വസിക്കാനായില്ല.
അച്ഛൻ കട്ടിലിൽ ചാരിയിരിക്കുന്നു.
മുഖത്തൊരു പുഞ്ചിരി. അടുത്തു തന്നെ ചാരുവിന്റച്ഛൻ.
ചാരുവിന്റച്ഛൻ പറഞ്ഞു. മോനെ എല്ലാത്തിനും മാപ്പാക്കണം.
എന്റെ അറിവില്ലായ്മയും അത്യാഗ്രഹവും കൊണ്ട് പറഞ്ഞതെല്ലാം രണ്ടു കുടുംബങ്ങളെയാണ് നശിപ്പിച്ചതെന്നറിയാൻ വൈകി.
അന്ന് ഭ്രാന്തെന്ന കാരണം പറഞ്ഞ് ഞാൻ നിന്നെ ഒഴിവാക്കി എന്റെ മോളെ കൊടുത്തത് ഒരു മുഴു ഭ്രാന്തനായിരുന്നു.
അതറിഞ്ഞ നിമിഷമാണ് എല്ലാം വിറ്റ് മറ്റൊരു സ്ഥലം തേടിയത്.
കഴിഞ്ഞ പത്തു വർഷങ്ങൾ ഞാനൊഴിച്ചെല്ലാം ഇല്ലാതാക്കി.
“ഭ്രാന്ത് എന്താണെന്ന് തിരിച്ചറിഞ്ഞ വർഷങ്ങൾ”.
അത് ആർക്കും എപ്പോഴും വന്നു ചേരാവുന്ന ഒരു മാനസികാവസ്ഥയാണ് എന്ന് തിരിച്ചറിഞ്ഞ കാലം.
ഒന്നും മനസ്സിലാകാതെ നിൽക്കുമ്പോൾ ചാരുവിന്റച്ഛൻ തുടർന്നു.
“ഭ്രാന്തില്ലാത്ത നിന്നെ എന്നോ കുടുംബത്തിലുണ്ടായിരുന്ന ഭ്രാന്തിനെ അധിക്ഷേപിച്ച ഞാൻ മയക്കുമരുന്നെന്ന വിത്തു വിതച്ച് നുറമേനി കൊയ്തെടുത്ത ഭ്രാന്തന്റെ കയ്യിലെന്റെ മകളെ ഏല്പിച്ചു, എന്റെ നേട്ടങ്ങളെ എണ്ണിപ്പെറുക്കി അഹങ്കരിച്ചു”.
എല്ലാം നിമിഷം കൊണ്ടു കഴിഞ്ഞു.
അവളുടെ അമ്മ ആ ഷോക്കിൽ മിണ്ടാതായി, ഡിപ്രഷനിലായി. ഒടുവിൽ അവൾ ജീവിതം ഒരുമുഴം കയറിൽ അവസാനിപ്പിച്ചു.
മകളെ ഒന്നു കാണാൻ പോലും കഴിയാത്ത വിഷമം അതെത്രയായിരുന്നു എന്ന് പറഞ്ഞാൽ തീരില്ല.
ആകാംക്ഷ പെരുമ്പറകൊട്ടിയപ്പോൾ ചോദ്യം പുറത്തേക്ക് വന്നു.
അപ്പോൾ ചാരു?
അവളെ ഭാഗ്യം തുണച്ചു. അവന്റെ ഒരു സഹോദരി ഇവളെ അവരോടൊപ്പം താമസിപ്പിച്ചു, സംരക്ഷിച്ചു അവനറിയാതെ.
വർഷങ്ങളോളം അവൾ ആരെയും കാണാതെ സ്വയം ഒരുക്കിയ അനാഥത്വത്തിൽ ഒളിച്ചു.
എങ്കിലും അവൾ സ്വന്തം ജീവിതം തിരിച്ചു പിടിച്ചു.
അവൾ ജീവിച്ചുണ്ടോ എന്നു പോലുമറിയാതെ ഉരുകിയൊഴുകിയ വർഷങ്ങൾ. എന്റെ എല്ലാ ചെയ്തികളുടെയും ഫലം അനുഭവിച്ച് ഒറ്റപ്പെട്ട് ഏകാന്ത തടവിന് വിധിക്കപ്പെട്ട ശാപ ജന്മം.
മരണം എന്ന സത്യം തേടിവരുന്ന ദിവസം കാത്തിരിക്കെയാണ്
രണ്ടു വർഷം മുൻപ് എന്നെത്തേടി അവളെത്തിയത്.
ഇവിടുത്തെ വീടും വസ്തുവും തിരിച്ചു വാങ്ങി. എന്റെ തെറ്റുകൾ തിരുത്താൻ ഉപദേശിച്ചു.
അന്നു തൊട്ട് തുടങ്ങിയ ശ്രമമാണ് അന്ന് ഞാൻ തകർത്തെറിഞ്ഞ ഈ ജീവിതം ഇങ്ങനെ ചാരിയിരിക്കാൻ പാകമാക്കിയതും സംസാരിക്കാൻ പ്രാപ്തനാക്കിയതും. സാവിത്രിയേച്ചി പറഞ്ഞു. അതേ ഹരിക്കുട്ടാ,
ഹരിക്കുട്ടനറിയാതെ നടത്തിയ ശ്രമം.
എല്ലാദിവസവും ഹരിക്കുട്ടൻ ജോലിക്കു പോകുന്ന പുറകെ കരുണേട്ടനെത്തും. അനന്തേട്ടന്റെ ഡോക്ടറുമായി തീരുമാനിച്ച് നടത്തിയ ചികിത്സ. ഹരിക്കുട്ടൻ അറിയണ്ട. സക്സസ് ആയിട്ടെല്ലാം പറയാം എന്ന് പറഞ്ഞത് ഡോക്ടർ ആണ്. “അച്ഛനെ ഒരു പരീക്ഷണത്തിനും വിട്ടുതരില്ല എന്ന് ഡോക്ടറോട് ഹരി പറഞ്ഞില്ലെ? അതോണ്ടാ”.
സാവിത്രിയേച്ചി പറഞ്ഞു നിർത്തി.
ഞാനോർത്തെടുത്തു. മാസങ്ങൾക്ക് മുൻപ് ഡോക്ടർ ബാലകൃഷ്ണനാണ് ഒരു പുതിയ പരീക്ഷണത്തെ കുറിച്ചാലോചിച്ചാലോ എന്ന് ചോദിച്ചത്. ഇനി ഒരു പരീക്ഷണവും വേണ്ടെന്നും എനിക്കെന്റെ അച്ഛൻ ഭാരമല്ല എന്നും താൻ തീർത്തും പറഞ്ഞു.
അത് ഈ പരീക്ഷണമായിരുന്നോ? അച്ഛന് ഏറെ പ്രീയപ്പെട്ട കൂട്ടുകാരനായിരുന്നു കരുണാകരൻ എന്ന ചാരുവിന്റെ അച്ഛൻ.
ആ സൗഹൃദത്തിന് അച്ഛനെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടു വരാനായല്ലോ.
അമ്മയോടും ദൈവത്തോടും നന്ദി പറഞ്ഞു. സന്തോഷത്താൽ അച്ഛനെ മുറുകെ പുണർന്നു.
‘എന്നെ ഒന്ന് പുറത്തേക്ക് കൊണ്ടു പോകു ഹരിക്കുട്ടാ’.
വർഷങ്ങൾക്ക് ശേഷം അച്ഛന്റെ ശബ്ദം കേൾക്കുന്നു.
അച്ഛന് നടക്കാൻ കഴിയുമോ? എല്ലാ ദിവസവും രാവിലെയും വൈകിട്ടും അച്ഛനെ പരിചരിച്ചിട്ടും ആ മാറ്റം ശ്രദ്ധിച്ചില്ലല്ലോ?
സംശയിക്കണ്ട. അല്പം സഹായം ഉണ്ടെങ്കിൽ എഴന്നേറ്റ് നിൽക്കാം.
ശബ്ദം കേട്ട് നോക്കുമ്പോൾ ഡോക്ടർ ബാലകൃഷ്ണൻ.
അച്ഛന്റെ ഡോക്ടർ.
അച്ഛൻ പറഞ്ഞു. ഹരിക്കുട്ടാ അതിന് മുൻപ് നീ എനിക്കൊരു വാക്ക് തരണം. എന്താണെന്ന ഭാവത്തിൽ അച്ഛനെ നോക്കി.
ഇന്നിവിടെ ഒരു ചടങ്ങ് നടക്കുന്നു. അതെന്തായാലും നീ എതിർക്കില്ല എന്ന് എനിക്ക് വാക്ക് തരണം.
ആശയക്കുഴപ്പത്തിലായെങ്കിലും അച്ഛന്റെ തിരിച്ചു വരലായിരുന്നു തനിക്കേറ്റവും വലുത്. അവിടെ മറ്റൊന്നിനും പ്രാധാന്യം ഇല്ലായിരുന്നു.
തന്റെ ചിന്തകൾക്കും ഇഷ്ടത്തിനും ഒന്നും. അച്ഛനു വേണ്ടി ഞാനെന്തും ചെയ്യും. ആ നെറുകയിൽ ചുണ്ടമർത്തി ഞാൻ വാക്കു കൊടുത്തു.
അച്ഛനെ എഴുന്നേൽപ്പിച്ച് പിടിച്ച് നടത്തുമ്പോൾ അച്ഛൻ പറഞ്ഞു തമാശ്ശയായി.
“ഒരു കടം വീടിയിരിക്കുന്നു ഹരിക്കുട്ടാ. നിന്നെ പിച്ഛനടത്തിയ കടം”.
എല്ലാവരും ഒപ്പം ചിരിച്ചു.
വീട്ടിലെ അധികാരം കയ്യടക്കിയ നിശ്ശബ്ദത പടിയിറങ്ങിപ്പോയി.
കിഴക്ക് വശത്ത് ഹാളിലെത്തുമ്പോൾ കണ്ടു കത്തിച്ച നിലവിളക്കും
നിറപറയും, അമ്പലത്തിലെ ശാന്തിക്കാരനും.
അവിടെ കസേരയിൽ അച്ഛനെ ഇരുത്തുമ്പോൾ അച്ഛൻ പറഞ്ഞു
‘ഹരിക്കുട്ടാ നിനക്കുള്ള മുണ്ടും ജുബ്ബും അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിലുണ്ട്. അതിട്ട് അമ്മയുടെ അനുഗ്രഹം വാങ്ങി വരൂ’.
എന്തിനെന്ന ചോദ്യം നാവിൽ വന്നെങ്കിലും ചോദിക്കാനവസ്സരം തരാതെ
ഡോക്ടർ ബാലകൃഷ്ണൻ പറഞ്ഞു ഹരീ വേഗമാകട്ടെ.
മുറിയിലേക്ക് നടക്കുമ്പോൾ മനസ്സിൽ നൂറു ചോദ്യമായിരുന്നു.
അപ്പോഴാണോർത്തത് ചാരു എവിടെ?
മുറിയിലേക്കോടി. അവളെ അവിടെ കണ്ടില്ല.
നാലായി മടക്കിയ പേപ്പറിന് മുകളിൽ അവളുടെ കയ്യിലിരുന്ന താലി.
പേപ്പർ നിവർത്തി വായിച്ചു.
“ഇനിയെങ്കിലും ഒരു പെണ്ണിനെയും വിഷമിപ്പിക്കാതിരിക്കുക.
ഈ താലിയുടെ വില അറിയുക. എല്ലാ നന്മകളും ഉണ്ടാവും”.
ഞാൻ പോകുന്നു.
അവിടെ മുഴുവൻ അവളെ തിരഞ്ഞു. കണ്ടില്ല.
മനസ്സ് വീണ്ടും അസ്വസ്ഥമായി.
അമ്മയുടെ മുറിയിൽ ഫോട്ടോയ്ക്കു മുന്നിലിരുന്ന കസവു കരയുള്ള മുണ്ടും ജുബ്ബയും.
വിവാഹ വേഷം. ആരോടു കൂടെ?
അമ്മ ആഗ്രഹിച്ച ദിനം.
പക്ഷെ തനിക്കതിന് കഴിയുമോ?
മനസ്സു നിറഞ്ഞു നിൽക്കുന്നത് ചാരുവിന്റെ മുഖം.
കണ്ണുകളിൽ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ.
കാതുകളിൽ ഹൃദയം മുറിവേൽപ്പുച്ച അവളുടെ വാക്കുകൾ.
സാവിത്രിയേച്ചിയോട് ചോദിക്കാം. എന്താണ് നടക്കാൻ പോകുന്നതെന്ന്.
സാവിത്രിയേച്ചിയെ തേടിയെത്തുമ്പോൾ പറഞ്ഞു.
ഹരിക്കുട്ടാ.. വേഗം അച്ഛൻ പറഞ്ഞത് ചെയ്യൂ.
ഇനി ഒരു ഷോക്കു കൂടി ആ മനസ്സ് താങ്ങില്ല.
ചാരു. അത് മറന്നേൽക്കൂ. അവൾ പോയി.
എവിടേയ്ക്ക്?
അറിയില്ല.
എനിക്ക് വിവാഹ വേഷമാണ് ഇവിടെ വച്ചിരിക്കുന്നത്. ആരാണ് പെണ്ണ്.
ഈ മുപ്പത്തിയേഴാം വയസ്സിൽ ഒരു കോമാളി വേഷം.
സാവിത്രിയേച്ചി പറഞ്ഞു. എല്ലാത്തിനും ഒരു സമയോണ്ട്. അത് വിധി പോലെ വരും. വേഗം റഡിയായി മുൻവശത്തേക്ക് ചെല്ലൂ.
അമ്മയുടെ മുന്നിൽ പ്രാർത്ഥിച്ചു പറഞ്ഞു.
സ്വപ്നങ്ങൾ പടിയിറങ്ങിയ ഈ മനസ്സിൽ വെറും ശൂന്യതമാത്രം.
അച്ഛനു വേണ്ടി മാത്രം അണിയുന്ന മേലങ്കി. അമ്മ ക്ഷമിക്കില്ലെ?
മുൻവശത്തെത്തുമ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു.
അറിയാതെ ആടുന്ന വേഷമായതിനാൽ ഒന്നും ശ്രദ്ധിച്ചില്ല.
പൂജാരി പറഞ്ഞു പോലെയെല്ലാം ചെയ്തു.
പെണ്ണിനെ വിളിക്കൂ.
പുറത്തൊരു കാറു വന്നു നിൽക്കുന്നത് കേട്ടു.
അതാ വന്നല്ലോ?
നോക്കണം എന്ന് തോന്നിയില്ല.
വരൂ. മോളുടെ സാന്നിദ്ധ്യം ഇല്ലാതെ എങ്ങനെയാ ചടങ്ങ് പൂർത്തിയാവുക.
അച്ഛൻ പറയുന്നത് കേട്ടു.
സാവിത്രി അകത്തോട്ട് കൂട്ടിക്കോളു.
പിറകാലെ ആരൊക്കയോ അകത്തേക്ക് പോകുന്ന ശബ്ദം കേട്ടു.
ആരായാലും തനിക്കെന്താണ്. നോക്കിയില്ല.
എല്ലാം റഡിയല്ലെ? മുഹൂർത്തം തെറ്റണ്ട.
ഡോക്ടർ പറഞ്ഞു.
സാവിത്രി..
അച്ഛൻ നീട്ടി വിളിച്ചു.
പൂജാരി നിർദ്ദേശങ്ങൾ കൊടുക്കുന്നു. പെണ്ണ് ആരെന്ന് നോക്കാൻ ആകാംക്ഷ തീരെ ഉണ്ടായില്ല.
തല കുമ്പിട്ടിരുന്ന തന്റെ അടുത്ത് അവൾ ഇരുന്നു.
അച്ഛൻ താലിയെടുത്തു തന്നു. കാൽ വണങ്ങി താലിവാങ്ങി
മുഖം കാണേണ്ട എന്നപോലെ കഴുത്ത് തിരയുമ്പോൾ കണ്ണുകൾക്ക് തെറ്റു പറ്റിയോ എന്നു തോന്നി.
ഒരു നിമിഷം സംശയിച്ചു. ചാരുവല്ലെ?
മുഖം കുനിച്ച് നിന്ന പെണ്ണിന്റെ കഴുത്തിൽ താലികെട്ടുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
ഏതോ മഹാപാപം ചെയ്തപോലെ തോന്നി.
ആത്മാവിൽ ചേർന്ന ഒരു മുഖം മറന്ന് ആരുടെയോ കഴുത്തിൽ ചാർത്തിയ താലി.
കഴുത്തിൽ വരണമാല്യം അണിയിയ്ക്കും മുൻപ് ആ സ്വരം കാതിലെത്തി. ഡാാ ഒരു നിമിഷം എന്നെ മറന്നു അല്ലെ?
നോക്കാൻ ധൈര്യം ഉണ്ടായില്ല.
നിറഞ്ഞു നിൽക്കുന്ന ഒരാളെ അല്ലാതെ മറ്റൊന്നും കാണില്ല എന്ന് അവളെങ്ങനെ അറിയും.
ഇതുവരെ ഞാൻ അവളുടേതായിരുന്നു. ഇന്ന് മറ്റാരുടേതോ ആയിരിക്കുന്നു.
ഒടുവിൽ കൈപിടിച്ചു തരാൻ ചാരുവിന്റച്ഛനോട് പൂജാരി പറയുന്നത് കേട്ടാണ് അടുത്തു നിന്ന തന്റെ താലിവീണ ആ കഴുത്തിന്റെ ഉടമയെ നോക്കിയത്.
സംശയമായി.. വീണ്ടും വീണ്ടും നോക്കി.
അവളുടെ മുഖത്ത് നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി.
കടക്കണ്ണിൽ കള്ള നോട്ടത്തോടൊപ്പം വിജയിയുടെ ഭാവം.
ചാരു..
തന്റെ പകച്ച മുഖം കണ്ട് അവിടെ കൂടച്ചിരി ഉയർന്നു.
ഇനി ഈ വീട്ടിലെ ചിരി മായാതെയിരിക്കട്ടെ.
അച്ഛൻ പറയുന്നതു കേട്ടു.
മുറ്റത്തെ ചെമ്പകത്തിൽ തട്ടി പൂമണം കവർന്ന കാറ്റ് ജാലക വാതിലിലൂടെ അകത്തേക്ക് കയറി.
ഉമാ സജി -ന്യൂയോർക്ക്✍