വായനക്കാർക്ക് ഏറെ പ്രയോജനപ്രദവും ചിന്തനീയവുമായ രീതിയിൽ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ശ്രീമതി ജിത ദേവൻ എഴുതുന്ന തുടർ പംക്തി…
-കാലികം-
വീണ്ടും ഒരു അധ്യായന വർഷം കൂടി ആരംഭിച്ചപ്പോൾ മുൻവർഷത്തെപോലെ കുഞ്ഞുങ്ങളെ വരവേൽക്കാൻ കഴിയാതെ വിദ്യാലയങ്ങൾ ആലസ്യത്തിൽ ആണ്ട് കിടക്കുന്നു. പുത്തൻ ഉടുപ്പും, പുതിയ ബാഗും, പുതിയ പുസ്തകവുമായി പുതിയ കൂട്ടുകാർക്കൊപ്പം ആടിപ്പടി കളിച്ചും ചിരിച്ചും സ്കൂളിലേക്ക് പോകുന്ന കാഴ്ച എത്ര ഹൃദയഹാരിയാണ്…
ഒട്ടൊരു മടിയോടെയും അതിലേറെ കൗതുകത്തോടെയും സമ്മിശ്രവികാരത്തോടെ അക്ഷരമുറ്റത്തേക്ക് കാൽ വയ്ക്കുന്ന കുരുന്നുകളെ വരവേൽക്കാൻ പ്രവേശനോത്സവം സംഘടിപ്പിച്ചു കുരുന്നുകളെ വരവേൽക്കാൻ അദ്ധ്യാപകരും കാത്ത് നിൽക്കും. ക്ലാസ്സ് മുറികൾ അലങ്കരിച്ചും കളിപ്പാട്ടങ്ങൾ നൽകിയും മധുരപലഹാരങ്ങളും മുട്ടായിയും വിതരണം ചെയ്തും കുട്ടികളെ മെരുക്കിയെടുക്കാൻ അധ്യാപകർ ശ്രമിക്കും. ഒരു അമ്മയുടെ സ്നേഹവും കരുതലും നൽകിയാണ് അവർ കുട്ടികളെ പരിപാലിക്കുന്നത്.
കുറച്ച് കൂടി മുതിർന്ന കുട്ടികൾക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചത്.അവരുടെ കാണപ്പെട്ട സ്വർഗം ആയ സ്കൂളിൽ പോകാൻ കഴിയാതെ, പ്രിയപ്പെട്ട കൂട്ടുകാരെ കാണാൻകഴിയാതെ,അദ്ധ്യാപകരുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ കഴിയാതെ അവർ വീട്ടിൽ തളച്ചിടപ്പെട്ടു.
മഹാമാരിയായി വന്നു ലോകത്തെ മുൾമുനയിൽ നിർത്തി, മരണതാണ്ഡവമാടി, കോടി കണക്കിന് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ടു കൊറോണ എന്ന കുഞ്ഞൻ വൈറസ്. അതിപ്രശസ്തരായ അനേകം പ്രതിഭാശാലികളെയും, രാഷ്ട്രീയ പ്രവർത്തകരെയും, സിനിമ താരങ്ങളെയും മുതൽ പിഞ്ചു കുഞ്ഞുങ്ങളെ വരെ വൈറസ് നിർദാക്ഷിണ്യം ഭൂമിയിൽ നിന്നും തുടച്ചു മാറ്റി… കുഞ്ഞൻ വൈറസിന് മുൻപിൽ ലോകം മുട്ടു കുത്തി..
ഏകദേശമൊരു നൂറ്റാണ്ട് മുൻപ് ലോകത്തെ ഭീതിയിൽ ആഴ്ത്തി നാല് കോടിയോളം ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ പടർന്നു പിടിച്ചപ്പോഴും ഏകദേശം നാല് വർഷത്തോളം സ്കൂളിൽ പോകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. അതിൽ നിന്നും മോചനം നേടാനും അനേകം വർഷങ്ങൾ വേണ്ടി വന്നു.ഈ നൂറ്റാണ്ടിൽ നമ്മെ വിറപ്പിക്കുന്ന കൊറോണ എന്ന മഹാമാരിയും നമ്മൾ അതിജീവിക്കും..
അതുവരെ ഈമഹാമാരിയിൽ മനസ് തകർന്നു വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ മാനസിക നില നമ്മൾ മനസിലാക്കണം. പൂമ്പാറ്റകളെപ്പോലെ കൂട്ടുകാർക്കൊപ്പം പാറി നടന്ന കുട്ടികൾ യാതൊരു മാനസിക ഉല്ലാസവും ഇല്ലാതെ വീടുകളിൽ കഴിയുന്നു. TV കണ്ടും ഓൺലൈൻ ക്ലാസിൽ പങ്കെടുത്തും സമയം ചിലവഴിക്കുമ്പോഴും അവരുടെ മനസിൽ അശാന്തിയും അമർഷവും വേദനയും വിങ്ങലും ഒക്കെയാണ്. പഠനത്തിന്റെ ഇടവേളകളിലും അതിന് ശേഷവും പറമ്പിലും തൊടിയിലും കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും നടക്കുമ്പോൾ അവർക്കു ആവശ്യത്തിന് വ്യായാമവും മാനസിക ഉല്ലാസവും ലഭിച്ചിരുന്നു.തുടർന്നു പഠിക്കാനും മറ്റുള്ളവരോട് സൗമ്യമായി ഇടപെടാനും കുട്ടികൾക്ക് കഴിഞ്ഞിരുന്നു. ഇന്ന് അതെല്ലാം മനപൂർവം അല്ലെങ്കിൽ പോലും അവർക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു..
ഓൺലൈൻ ക്ലാസ് അവരുടെ പ്രതിഭയുടെ മാറ്റു ഉരക്കാൻ പര്യാപ്തമല്ല. ഗുരുമുഖത്തു നിന്നും നേടുന്ന അറിവ് അവർണനീയമാണ്. ഇവിടെ അതും ലഭിക്കുന്നില്ല… അനേകം പരിമിതികൾ കുട്ടികൾ തരണം ചെയ്യേണ്ടതായിട്ടുണ്ട്. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ tv യോ ഇല്ലാതെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളും ഉണ്ട്. നെറ്റ് പ്രോബ്ലെവും കീറാമുട്ടിയായി മുന്നിലുണ്ട്.
കൊറോണ മഹാമാരി രണ്ടാം തരംഗം അതി തീവ്രമായ അവസ്ഥയിൽ കൂടി കടന്ന് പോകുന്ന അവസ്ഥയിൽ കുട്ടികൾക്ക് സ്കൂളിൽ പോകുവാൻ കഴിയില്ല. പഠനത്തേക്കാൾ വലുത് അവരുടെ സുരക്ഷ തന്നെയാണ്. കോവിഡിന്റെ മൂന്നാം തരംഗം വ്യാപകമായി നാശം വിതക്കും എന്ന ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ് അതീവ ജാഗ്രതയോടെനേരിടണം.കുട്ടികളെ ആകും അത് കൂടുതൽ ബാധിക്കുക എന്ന മുന്നറിയിപ്പും ഭയാശങ്കകൾ കൂട്ടുന്നു.അതിന് വേണ്ടി കുട്ടികൾക്ക് ജാഗ്രതയോടെ കഴിയാൻ വേണ്ടുന്ന നിർദേശങ്ങളും ഉപദേശങ്ങളും നൽകണം. എന്നാൽ അവരെ ഭീതിയുടെ ഇരുണ്ട താഴ്‌വരയിലേക്ക് തള്ളി വിടരുത്. അവർക്കു ധൈര്യവും ആത്‌മവിശ്വാസവും നൽകണം. മാതാപിതാക്കൾ രക്ഷകരായി മഹാമേരു പോലെ മുന്നിൽ ഉണ്ടെന്ന് അവർക്കു വിശ്വാസം ഉണ്ടാകണം. പഠനത്തിൽ അവരെ സഹായിക്കുന്നതിനൊപ്പം കൂട്ടുകാരെ പോലെ അവർക്കൊപ്പം കളിക്കാനും മറ്റും സമയം കണ്ടെത്തണം. വീട്ടു ജോലികളിൽ കൂടെകൂട്ടിയും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിച്ചും അവർക്കൊപ്പം മാതാപിതാക്കൾ ഉണ്ടാകണം. അത് അവർക്കൊരു ധൈര്യമാണ്. നഷ്ടപ്പെട്ട പുഞ്ചിരി അവരുടെ മുഖത്ത് വിരിയിക്കണം. അവരുടെ ചിറകു കരിയാതെ നോക്കണം. അവർ പാറിപറക്കട്ടെ അവരുടെ സ്വപ്നങ്ങൾ അനന്തവിഹായസിൽ മേഞ്ഞു നടക്കട്ടെ. അവർക്കു ഒന്നും നഷ്ടമായില്ല എന്ന് അവരെ ബോധ്യപ്പെടുത്താം നമുക്ക്. ഈ സമയവും കടന്ന് പോകും എന്ന് അവരോട് പറയാതെ പറഞ്ഞു കൊടുക്കാം.
എല്ലാ പ്രിയ കുഞ്ഞുങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ…
ജിത ദേവൻ✍
വളരെ ശരിയാണ്.. നമ്മുടെ കുഞ്ഞുങ്ങൾ വിദ്യാഭ്യാസത്തിന്റെ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്
Nice..