ചിക്കാഗൊ: ചിക്കാഗോ യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ കൊറോണ വൈറസ് വ്യാപകമായതോടെ ഇന്‍-പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കുകയും സ്റ്റേ-അറ്റ് ഹോം ഉത്തരവിറക്കുകയും ചെയ്തു.
ഏപ്രില്‍ 8 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചു യൂണിവേഴ്‌സിറ്റി അറിയിപ്പുണ്ടായത്. അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളില്‍ 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും തുടര്‍ന്ന് പറയുന്നു.
റസിഡന്റ്‌സ് ഹാളുകളിൽ കഴിയുന്ന വിദ്യാര്‍ത്ഥികളെയാണ് വൈറസ് സാരമായി ബാധിച്ചിരിക്കുന്നത്. ഹൈസ്പാര്‍ക്ക് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങറുതെന്നും, വീട്ടില്‍ തന്നെ കഴിയുകയാണ് നല്ലതെന്നും, അടുത്ത ആഴ്ചയോടെ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
ചിക്കാഗോയില്‍ വ്യാപകമായികൊണ്ടിരിക്കുന്ന മാരകമായ വൈറസ് B.1.1.7 യൂണിവേഴ്സിറ്റി ക്യാമ്പസിലും പ്രവേശിച്ചിട്ടുണ്ടോ, എന്നും ഇവര്‍ സംശയിക്കുന്നു. എല്ലാ വിഭാഗത്തിലും പെടുന്നവരെ സാരമായി ബാധിക്കുന്ന ഈ വൈറസ് കൂടുതല്‍ അപകടകാരിയാണ്.
കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളെ പ്രത്യേകം താമസിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ യൂണിവേഴ്‌സിറ്റി അടിയന്തിരമായി സ്വീകരിച്ചിട്ടുണ്ട്. അപ്രില്‍ 15വരെ സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിലുണ്ടാകും. അടുത്ത ഏഴു ദിവസം എല്ലാ ക്ലാസ്സുകളും റിമോട്ട് ലേണിംഗിലേക്ക് മാറ്റുന്നതാണ്. കാഫറ്റീനയകളില്‍ നിന്നും ടേക്ക് ഔട്ട് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും സ്റ്റാഫംഗങ്ങളും ഇതുമായി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
